ഇടവകയുടെ അക്കൗണ്ടിലെ പണം സ്വന്തം അക്കൗണ്ടിലേക്ക് അടിച്ചുമാറ്റി; വ്യാജ മിഷണറി സംഘടനയുടെ മറവില്‍ പല തവണയായി തട്ടിയെടുത്തത് ഒന്നര കോടി രൂപ; പൊലീസ് അന്വേഷണം വന്നപ്പോള്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് തടി തപ്പാനും ശ്രമം; അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി വൈദികന്‍ അറസ്റ്റില്‍

അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി വൈദികന്‍ അറസ്റ്റില്‍

Update: 2025-03-14 17:41 GMT

അയോവ: അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി വൈദികന്‍ അറസ്റ്റില്‍. പാല പൂവരണി സ്വദേശിയായ ഫാ. ടോം തകടിപ്പുറം( 61) ആണ് അറസ്റ്റിലായത്. ഇടവകയുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയാണ് വികാരി തട്ടിപ്പ് നടത്തിയത്. ഒരു വ്യാജ മിഷണറി സംഘടനയുടെ മറവില്‍ സൃഷ്ടിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ആദ്യം ഇടവകയുടെ പണം മാറ്റിയത്. പിന്നീട് അത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 1,64,000 ഡോളര്‍ (ഒന്നരക്കോടി രൂപ) ആണ് മലയാളി കത്തോലിക്ക വൈദികനായ ഫാ. ടോം തകടിപ്പുറം അടിച്ചുമാറ്റിയത്. അയോവ സംസ്ഥാനത്തിലെ ഡെസ് മോയിന്‍സ് രൂപതാംഗമാണ്ഫാദര്‍ ടോം. 2011 മുതല്‍ യുഎസിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, തന്റെ ചില സ്വന്തം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും പണം മറ്റൊരിടത്തേക്ക് മാറ്റാനും ഫാ. ടോം തകടിപ്പുറം ശ്രമിച്ചു. ജനുവരിയിലാണ് ഒടുവിലത്തെ പണം വകമാറ്റല്‍ നടന്നത്. കഴിഞ്ഞ മാസമായിരുന്നു വികാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്്.

'ജനുവരി രണ്ടിന് ഫാ. ടോം തകടിപ്പുറം 24,000 ഡോളര്‍ ഇടവക അക്കൗണ്ടില്‍ നിന്ന് മിഷണറി ഗ്രൂപ്പിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്കും', അയോവയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ഫെബ്രുവരി 20 ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

മിഷണറി സംഘടനയിലെ ചിലര്‍ തന്നെ വഞ്ചിച്ചുവെന്നാണ് ഇടവക ട്രസ്റ്റികളോട് തകടിപ്പുറം നുണ പറഞ്ഞത്. എന്നാല്‍, തട്ടിപ്പ് നടത്തിയത് തകടിപ്പുറം തന്നെയായിരുന്നു. പൊലീസ് ബന്ധപ്പെട്ടപ്പോള്‍ തകടിപ്പുറം സംസാരിക്കാന്‍ വിസമ്മതിച്ചു. അതേദിവസം തന്നെ സ്വന്തം പേരിലുള്ള അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും പണം ഒളിപ്പിച്ച് തന്റെ കുറ്റം മറയ്ക്കാനും ശ്രമിച്ചു. ഫെബ്രുവരി 22 നാണ് അറസ്റ്റിലായ ഫാ.തകടിപ്പുറത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 10 വര്‍ഷം വീതവും ജയില്‍ ശിക്ഷ കിട്ടാവുന്ന ആറ് കുറ്റങ്ങളും അഞ്ച് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന ഒരു കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

ഷെനഡോവ സെന്റ് മേരീസ് പള്ളി വികാരിയായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. ഇതുകൂടാതെ ഹാംബര്‍ഗ് ഇടവകയുടെ ചുമതലയും ഉണ്ടായിരുന്നു. 2017 മുതല്‍ ഈ രണ്ട് പളളികളുടെയും വികാരിയായിരുന്നു. രണ്ടുപള്ളികളുടെയും ചുമതല ഫാ. ടോം തകടിപ്പുറം ഒഴിഞ്ഞതായി

ഡസ് മോയിന്‍സ് അതിരൂപത അറിയിച്ചു. കാനോനിക നിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് രൂപതാ വക്താവ് അറിയിച്ചു.

ക്ലാരെഷ്യന്‍ സന്യാസ സമൂഹാംഗമായ ഫാദര്‍ ടോം തകടിപ്പുറം നേരത്തെ കേരളത്തിലെ ഒരു സെമിനാരിയുടെ പ്രസിഡന്റുമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി 2000 ത്തില്‍ മിനസോട്ടയിലെ ജോണ്‍ വിയാനി സെമിനാരിയില്‍ ചേര്‍ന്നിരുന്നു. ഇടവക വികാരി എന്ന ചുമതലയ്ക്കു പുറമെ വിവിധ സന്നദ്ധ സംഘടനകളിലും തകടിപ്പുറം സജീവമായിരുന്നു.

ക്രിമിനല്‍ നടപടിക്രമങ്ങളില്‍ ഒരുതരത്തിലും ഇടപെടില്ലെന്ന് ഡസ് മോയിന്‍സ് അതിരൂപത വക്താവ് അറിയിച്ചു. ബില്ലുകളില്‍ തിരുത്തല്‍ വരുത്തിയതായി വികാരി സമ്മതിച്ചെങ്കിലും മോഷണക്കുറ്റം സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ കേസില്‍ വിചാരണയ്ക്കായി കാക്കുകയാണ്.

Tags:    

Similar News