കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്നത് ക്രൂരമായി മര്‍ദനമെന്ന് എഫ്‌ഐആര്‍; റാഗിംഗ് നിയമം ചുമത്തിയിട്ടില്ല; ഏഴ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍; തന്നെ മര്‍ദ്ദിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് ബിന്‍സ് ജോസ്; പരാതി നല്‍കിയാല്‍ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് യൂണിയന്‍ ഓഫീസില്‍ വെച്ച്

കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്നത് ക്രൂരമായി മര്‍ദനമെന്ന് എഫ്‌ഐആര്‍

Update: 2025-02-18 05:48 GMT

തിരുവനന്തപുരം: കാര്യവട്ടം കാംപസിലെ റാഗിങില്‍ നടപടിയുമായി കോളേജ് അധികൃതര്‍. ആരോപണ വിധേയരായ 7 സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസ് നല്‍കിയ നല്‍കിയ പരാതിയിലാണ് നടപടി. പ്രതിയാക്കിയ വിദ്യാര്‍ത്ഥികള്‍കെതിരെ പൊലീസ് റാഗിംഗ് നിയമം ചുമത്തും. നിലവില്‍ ബിന്‍സ് നല്‍കിയ പരാതിയില്‍ കഴക്കൂട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റാഗിംഗ് നിയമം ചുമത്തിയിട്ടില്ല.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ പ്രതികളായ 7 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു എന്ന് അതിക്രമത്തിനിരയായ ബിന്‍സ് വെളിപ്പെടുത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. കാല്‍മുട്ടില്‍ നിലത്തു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. അലന്‍, വേലു, സല്‍മാന്‍, അനന്തന്‍ പ്രാര്‍ത്ഥന്‍, പ്രിന്‍സ് അടക്കമുള്ളവരാണ് മര്‍ദ്ദിച്ചത്.

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം തന്നുവെന്നും ഷര്‍ട്ട് വലിച്ചുകീറിയെന്നും ബിന്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നല്‍കിയാല്‍ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ഭീഷണി പൊലീസ് പരാതി നല്‍കരുതെന്നും ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാര്‍ത്ഥിയെയും മര്‍ദിച്ചു. ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാര്‍ത്ഥി പറയുന്നു.

സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു പോകുമെന്നാണ് റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയുടെ പിതാവ് വ്യക്തമാക്കി. ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ട് മകനെ മര്‍ദ്ദിക്കുകയായിരുന്നു. ഇനിയും മര്‍ദ്ദിക്കുമെന്നും കൊലപ്പെടുത്തുമെന്നുമൊക്കെ അക്രമികള്‍ ഭീഷണിപ്പെടുത്തി. പൂട്ടിയിട്ട സമയം മകന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോയെന്നും പിതാവ് ജോസ് ആശങ്ക പ്രകടിപ്പിച്ചു .'സിദ്ധാര്‍ത്ഥിന് സംഭവിച്ചതുപോലെ മകന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു. ഇനി ഒരു കുട്ടികള്‍ക്കും ഇത് സംഭവിക്കരുത്. നാളെയും ഇതുതന്നെ ആവര്‍ത്തിക്കും. പരാതിയുമായി ശക്തമായി മുന്നോട്ടുപോകും'- പിതാവ് പറഞ്ഞു.

ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസ് ആണ് റാഗിംഗിനിരയായത്. സംഭവത്തില്‍ ബിന്‍സ് കഴക്കൂട്ടം പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്റി - റാഗിംഗ് കമ്മിറ്റി റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഏഴോളം പേര്‍ക്കെതിരെയാണ് പരാതി. സി.സി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.കഴിഞ്ഞ 11ന് സീനിയര്‍ - ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നു.

സംഭവത്തില്‍ ബിന്‍സ് ജോസിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബിന്‍സിനെ പിടിച്ച് യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിറുത്തി മുതുകിലും ചെകിട്ടത്തും അടിച്ചു.

തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു.തുടര്‍ന്നാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ തുടങ്ങി ഏഴുപേരാണ് റാഗിംഗ് ചെയ്തെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ ഇന്നലെ കഴക്കൂട്ടം പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിംഗിന് കേസെടുക്കുമെന്നാണ് കഴക്കൂട്ടം പൊലീസ് അറിയിച്ചിരിക്കുന്നത്.

അവസാന വര്‍ഷ ബിഎസ്സി വിദ്യാര്‍ഥികളായ അലന്‍, അനന്തന്‍, വേലു, ശ്രാവണ്‍, സല്‍മാന്‍, ഇമ്മാനുവല്‍, രണ്ടാം വര്‍ഷ വിദ്യാര്‍ഥി പാര്‍ഥന്‍ എന്നിവര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ആരോപണം.

Tags:    

Similar News