കേരളാ തീരത്ത് വീണ്ടും ചരക്കുകപ്പല്‍ ദുരന്തം; കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പോയ ചരക്കുകപ്പലിന് തീപിടിച്ചു; അഴിക്കലിനും ബേപ്പൂരിനും ഇടയ്ക്കുണ്ടായ തീപിടുത്തത്തില്‍ 50 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു കപ്പലുകളും വിമാനങ്ങളും രക്ഷാദൗത്യത്തിന് പുറപ്പെട്ടു; കപ്പലിലുള്ളത് 40തോളം ജീവനക്കാര്‍
കേരളാ തീരത്ത് വീണ്ടും ചരക്കുകപ്പല്‍ ദുരന്തം
തിരുവനന്തപുരം: അറബിക്കടലില്‍ കേരള സമുദ്രാതിര്‍ത്തിയില്‍ തീപിടിച്ചത് കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോയ വാന്‍ ഹായ് 503 എന്ന സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കു കപ്പലിനെന്ന് വിവരം. 20 വര്‍ഷം പഴക്കമുള്ള കണ്ടെയ്നര്‍ കപ്പലാണിത്. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. കൊളംബോയില്‍ നിന്ന് മദര്‍ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായാണ് മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് യാത്രതിരിച്ചത്. അപകട സമയത്ത് മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കപ്പല്‍ സഞ്ചരിച്ചത്.
കോഴിക്കോട് തീരത്ത് നിന്ന് 66 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. പല പൊട്ടിത്തെറികളും, തീപിടിത്തവും ഉണ്ടായി. അപകട സമയത്ത് 22 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. 18 പേര് കടലില്‍ ചാടിതായാണ് വിവരം. ഇവര്‍ക്കു പൊള്ളലേറ്റതായാണ് വിവരം. ഇവര്‍ രക്ഷാ ബോട്ടുകളില്‍ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. 2005 ല്‍ നിര്‍മ്മിച്ച ഈ കപ്പല്‍ നിലവില്‍ സിംഗപ്പൂര്‍ പതാകയ്ക്ക് കീഴിലാണ് സഞ്ചരിക്കുന്നത്. 269 മീറ്റര്‍ നീളവും 32 മീറ്റര്‍ വീതിയുമുള്ളതാണ് അപകടത്തില്‍പ്പെട്ട കപ്പലെന്നാണ് വിവരം.
ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. ചരക്കു കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും 18 ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടതായും വിവരമുണ്ട്. അഴീക്കലുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. 50 കണ്ടെയ്നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു
കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് കപ്പല്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കടലില്‍ പട്രോളിങിലുണ്ടായിരുന്ന രണ്ടു കപ്പലും കൊച്ചിയില്‍നിന്ന് ഒരു കപ്പലുമാണ് അപകട സ്ഥലത്തേക്ക് പോയത്. അപകടത്തില്‍ ചില ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. ഡോണിയര്‍ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്. നേവിയുടെ ഐഎന്‍എസ് സൂറത്തും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്കെത്തി. ബേപ്പൂരില്‍ നിന്നും സംഘമെത്തുമെന്ന് വിവരമുണ്ട്. ഹെലികോപ്ടറുകളും ഡോണിയര്‍ വിമാനങ്ങളും രക്ഷാദൗത്യത്തിലുണ്ട്.
രാവിലെ 10 മണിക്കാണ് കപ്പല്‍ അപകടത്തില്‍ പെട്ട വിവരം ലഭിക്കുന്നത്. അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി കപ്പലിനെ അയച്ചു. ഈ കപ്പല്‍ ഉടന്‍ തന്നെ തീപിടിച്ച കപ്പലിന് സമീപത്തെത്തും. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്കുവാന് ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന് മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.