പുതുവര്‍ഷത്തിലെ ആദ്യ റിലീസായി ടൊവിനോ ചിത്രം ഐഡന്റിറ്റി നാളെയെത്തും; ജനുവരിയില്‍ തന്നെ ഒരാഴ്ച്ചത്തെ വ്യത്യാസത്തില്‍ പരസ്പരം ഏറ്റുമുട്ടാന്‍ മോഹന്‍ലാലും മമ്മൂട്ടിയും; രേഖാചിത്രത്തിലൂടെ വിജയം തുടരാന്‍ ആസിഫ് അലിയും; മലയാളത്തിന്റെ തന്നെ അഭിമാനമാകാന്‍ എമ്പുരാനും കത്തനാരും; 2025ലെ മലയാള സിനിമയുടെ ആദ്യ പകുതിയെ അറിയാം
2025ലെ മലയാള സിനിമയുടെ ആദ്യ പകുതിയെ അറിയാം
തിരുവനന്തപുരം: കണക്കിലെ കളികളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2024 എന്നതില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകാന്‍ ഇടയില്ല.വാണിജ്യപരമായും കലാമൂല്യമുള്ളതുമുള്‍പ്പടെ വിവിധ വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍ തിയേറ്ററിലെത്തിയ വര്‍ഷമായിരുന്നു കടന്നുപോയത്.കണക്കുള്‍ പറയുന്നത് ശരിയാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ 100 കോടി ക്ലബ് പിറന്ന വര്‍ഷം.മറ്റു ഇന്‍ഡസ്ട്രികള്‍ ശരാശരിയോ അതില്‍ താഴെയോ ഒതുങ്ങിപ്പോയപ്പോഴാണ് ഇതരസംസ്ഥാനങ്ങളിലെ ബോക്സോഫീസില്‍ വരെ മലയാള സിനിമ തരംഗം തീര്‍ത്തത്.
പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആ വിജയക്കഥ തുടരാനാകുമെന്ന് തന്നെയാണ് മലയാള സിനിമാലോകം പ്രത്യാശിക്കുന്നത്.കാരണം ജനുവരി ആദ്യ വാരം തൊട്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രങ്ങളാണ് തിയേറ്ററിലേക്കെത്തുന്നത്.മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും യുവതാരങ്ങളുടെതുമായി വിജയസാധ്യത കണക്കൂകൂട്ടുന്ന നിരവധി ചിത്രങ്ങള്‍ ജനുവരിയില്‍ തന്നെ പ്രേക്ഷകരിലേക്കെത്തും.പിന്നാലെ വരുംമാസങ്ങളില്‍ ബിഗ്ബജറ്റ് ചിത്രങ്ങളുള്‍പ്പടെ റിലീസിന് തയ്യാറായിക്കഴിഞ്ഞു.നിലവില്‍ പ്രഖ്യാപനം വന്നത് വച്ച് നോക്കിയാല്‍ തന്നെ തിരശ്ശീലയ്ക്ക് തീപിടിപ്പിക്കുന്ന ആദ്യ പകുതിയായിരിക്കും ഇത്തവണയും മലയാള സിനിമയ്ക്ക് എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ഉതകുന്ന നിരവധി പ്രൊജക്ടുകളുമായാണ് 2025 ല്‍ മോഹന്‍ലാലിന്റെ വരവ്.മമ്മൂട്ടിക്കും പ്രതീക്ഷയേകുന്ന ചിത്രങ്ങള്‍ അണിയറയിലുണ്ട്.യുവതാരങ്ങളായ ടൊവിനോ,അസിഫ് അലി, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ക്കും പ്രതീക്ഷ വാനോളമാണ്.തിരിച്ചുവരവിലും തിയേറ്ററില്‍ രക്ഷപ്പെടാതെ ഉഴറുന്ന ദിലീപ് ഭഭബയിലൂടെ ഒരു തിയേറ്റര്‍ വിജയം സ്വപ്നം കാണുന്നുണ്ട്.ഇത്തരത്തില്‍ പ്രേക്ഷകര്‍ക്ക് കാഴ്ച്ചവിരുന്നൊരുക്കുന്ന ആദ്യ പകുതി തന്നെയാവും 2025 ലും.2025 ല്‍ ആദ്യ പകുതിയില്‍ തിയേറ്ററിലെത്തുന്ന പ്രധാന ചിത്രങ്ങളെ പരിചയപ്പെടാം.
ആദ്യ റിലീസായി ടൊവിനോയുടെ ഐഡന്റിറ്റി ജനുവരി 2 ന്
എആര്‍എം ന്റെ വിജയം തുടര്‍ക്കഥയാക്കാമെന്ന പ്രതീക്ഷയിലാണ് ഈ വര്‍ഷത്തെ ആദ്യ റിലീസായി ടൊവിനോ ചിത്രം ഐഡന്റിറ്റി തിയേറ്ററിലേക്കെത്തുന്നത്.ആക്ഷന്‍ ഇവെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.മലയാളത്തില്‍ ഇതിനോടകം ഒരുപാട് ക്രൈം-ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയില്‍ നിന്നും വ്യത്യസ്തമായിരിക്കും 'ഐഡന്റിറ്റി'യുടെ കഥ പറച്ചില്‍ രീതിയും ദൃശ്യാവിഷ്‌ക്കാരവുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.2018 ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ്-നിവിന്‍ പോളി ചിത്രം 'ഹേയ് ജൂഡ്'ലൂടെയാണ് തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. നീണ്ട 6 വര്‍ഷത്തിന് ശേഷം താരം മറ്റൊരു മലയാള ചിത്രത്തില്‍ വേഷമിടുകയാണ്. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്.'ഫോറെന്‍സിക്'ന് ശേഷം ടോവിനോ തോമസ്- അഖില്‍ പോള്‍- അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഐഡന്റിറ്റി'യുടെ തിരക്കഥ സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കോളിവുഡിലെ ഹിറ്റ് താരം വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ അര്‍ച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോള്‍ ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി.2025 ജനുവരി രണ്ടിന് ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.
കിഷ്‌കിന്ധ കാണ്ഡത്തിന്റെ വിജയം തുടരാന്‍ രേഖാചിത്രത്തിലൂടെ ആസിഫ് അലി
കിഷ്‌കിന്ധ കാണ്ഡത്തിന്റെ അവിസ്മരണീയ വിജയത്തിന് പിന്നാലെ 2025 ഉം ആസിഫ് അലിക്ക് പ്രതീക്ഷയുള്ള വര്‍ഷമാണ്.പുതുവര്‍ഷത്തിലെ നടന്റെ ആദ്യ പ്രതീക്ഷയാണ് രേഖചിത്രം.മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്'ന് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റര്‍ റിലീസ് ചെയ്യും. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.
ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.ആസിഫ് അലി,അനശ്വര രാജന്‍ എന്നിവര്‍ക്കൊപ്പം മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് ('ആട്ടം' ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രേക്ഷകര്‍ ഇതുവരെ കാണാത്ത വിധത്തില്‍ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങള്‍ അണിനിരക്കുന്നത്. 'മാളികപ്പുറം', '2018' 'ആനന്ദ് ശ്രീബാല' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവക്കും ഗംഭീര വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്.
24ല്‍ ഹിറ്റുകളുടെ പരമ്പര..25 ല്‍ ആദ്യം പ്രാവിന്‍കൂട് ഷാപ്പുമായി ബേസില്‍ ജോസഫ്
2024ല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് നേടിയ നടനാണ് ബേസില്‍ ജോസഫ്.അതിന്റെ തുടര്‍ച്ചയെന്നോണം ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ബേസില്‍ എത്തുന്ന ചിത്രമാണ് പ്രാവിന്‍ കൂട്ഷാപ്പ്.25 ലെ മൂന്നാമത്തെ പ്രധാന റിലീസായി ചിത്രം ജനുവരി 16 ന് എത്തും.നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചര്‍ച്ചയാവുകയും ചെയ്ത 'തൂമ്പ' എന്ന ഷോര്‍ട് ഫിലിം ഒരുക്കിയ സംവിധായകനാണ് ശ്രീരാജ് ശ്രീനിവാസ്. ശ്രീരാജിന്റെത് തന്നെയാണ് സിനിമയുടെ തിരക്കഥയും.
സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' നിര്‍മിക്കുന്നത് സംവിധായകന്‍ അന്‍വര്‍ റഷീദ് ആണ്.'ആവേശം' എന്ന സിനിമക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടൈയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് 'പ്രാവിന്‍കൂട് ഷാപ്പ്'.
സിനിമയുടെ ട്രെയ്‌ലര്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രാവിന്‍ കൂട് ഷാപ്പില്‍ നടന്ന ഒരു മരണവും അത് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനെയുമാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രത്തില്‍ കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ബേസില്‍ ജോസഫിന്റെ കഥാപാത്രം. എറണാകുളത്തും തൃശ്ശൂരിലുമായാണ് പ്രാവിന്‍കൂട് ഷാപ്പിന്റെ ചിത്രീകരണം നടന്നത്.ഡാര്‍ക്ക് കോമഡി ഴോണറിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്.
25 ലെ ആദ്യ മമ്മൂട്ടി ചിത്രമായി ഡൊമനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ് ജനുവരിയില്‍
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' ജനുവരി 23ന് തീയറ്ററുകളിലെത്തും.24 ലെ ഹിറ്റുകളുടെ തുടര്‍ച്ച തന്നെയാണ് ഈ വര്‍ഷവും മമ്മൂട്ടി ലക്ഷ്യമിടുന്നത്.പുതുവര്‍ഷത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുക.
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം കോമഡി ത്രില്ലര്‍ ഴോണറിലായിരിക്കും എത്തുക. ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു ഡിറ്റക്റ്റീവ് ആയാണ് വേഷമിടുന്നതെന്നാണ് നേരത്തെ പുറത്ത് വന്ന പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത്.
പരാജയം മറക്കാന്‍ മോഹന്‍ലാല്‍..പ്രതീക്ഷയുള്ള വര്‍ഷത്തില്‍ ആദ്യമെത്തുക തുടരും
കുറച്ചുനാളുകളായി തുടരുന്ന പരാജയത്തിന്റെ ക്ഷീണം മോഹന്‍ലാല്‍ മാറ്റുമെന്ന് ആരാധകരും സിനിമ പ്രേമികളും ഒരുപോലെ വിശ്വസിക്കുന്ന വര്‍ഷമാണ് 2025.താരത്തിന്റെ പ്രതീക്ഷയുള്ള നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം എത്തുക.ഇതില്‍ ആദ്യമെത്തുന്നത് തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രമാണ്.ജനുവരി 30ന് ചിത്രം തിയറ്ററുകളില്‍ എത്തുക.മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരജോഡികളായ ശോഭനയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് 'തുടരും'.രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ഉള്‍പ്പെടെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്.ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖത്തിന്റെ ജീവിതം നര്‍മ്മത്തിലൂടെയും ഹൃദയസ്പര്‍ശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ കഥയ്ക്ക് സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആര്‍ സുനില്‍ എഴുത്തുകാരന്‍ കൂടിയാണ്.
വമ്പന്മാരോട് മത്സരിക്കാന്‍ അര്‍ജ്ജുന്‍ ആശോകന്റെ എന്നു സ്വന്തം പുണ്യാളനും ജനുവരിയില്‍
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന് സ്വന്തം പുണ്യാളനും ഈ വര്‍ഷം തുടക്കത്തിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക എന്ന പ്രത്യേകതയുമുണ്ട്.
രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കഴിഞ്ഞ 12 വര്‍ഷമായി നിരവധി അഡ്വെര്‍ടൈസ്‌മെന്റുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണിയാണ്.അനശ്വരാ രാജനും അര്‍ജുന്‍ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'എന്ന് സ്വന്തം പുണ്യാളന്‍'.
നാരായണീന്റെ മൂന്നാണ്‍മക്കളും ജനുവരിയില്‍
സുരാജ് വെഞ്ഞാറമൂടും ജോജു ജോര്‍ജും ഒന്നിക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' ഈ മാസമെത്തും.ജനുവരി 16നാണ് പടം പ്രദര്‍ശനത്തിന് എത്തുക. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
കിഷ്‌കിന്ധ കാണ്ഡത്തിന്റെ വന്‍വിജയത്തിന് ശേഷം ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.സംവിധായകന്‍ ശരണ്‍ വേണുഗോപാല്‍ തന്നെയാണ് രചനയും.കുടുംബത്തില്‍ നിന്ന് മാറി നിന്നിരുന്ന ഇളയ മകന്‍ തിരിച്ചെത്തുന്നതോടെ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോക്സിങ്ങ് റിങ്ങിലെ കഥയുമായി ആന്റണി വര്‍ഗീസ് ചിത്രം ദാവീദ്
ഫെബ്രുവരി മാസത്തിലെ ശ്രദ്ധേയ റിലീസുകളിലൊന്നാണ് ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനാകുന്ന ദാവീദ്.റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.77 ദിവസത്തോളം നീണ്ട ചിത്രീകരണമായിരുന്നു ദാവീദിന്റേത്.മുഴുനീള എന്റര്‍ടൈന്‍മെന്റ് ചിത്രമായാണ് ദാവീദ് ഒരുങ്ങിയിരിക്കുന്നതെന്നാണ് സൂചന.
ആഷിഖ് അബു എന്ന ബോക്സര്‍ ആയിട്ടാണ് ആന്റണി പെപ്പെ ചിത്രത്തില്‍ എത്തുന്നത്.ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു രാജീവും ചേര്‍ന്നാണ്. സെഞ്ച്വറി മാക്‌സ്, ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൊണ്ടലിന് ശേഷം ആന്റണി പെപ്പെ നായകനാകുന്ന ചിത്രമാണിത്.ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, മോ ഇസ്മയില്‍, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
പ്രതീക്ഷയേകുന്ന ആലപ്പുഴ ജിംഖാന
ബ്ലോക്ബസ്റ്റര്‍ ചിത്രം 'തല്ലുമാല'ക്ക് ശേഷം നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്് ആലപ്പുഴ ജിംഖാന.ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 25 ന്റെ ആദ്യ പകുതിയില്‍ തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
മലയാളത്തിന്റെ തന്നെ പ്രതീക്ഷയായി എമ്പുരാന്‍ മാര്‍ച്ചിലെത്തും
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍.സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനായി സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.ലൂസിഫറിലുണ്ടായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിവരും എമ്പുരാന്റെ ഭാഗമാകും.ലൂസിഫറും റിലീസിനെത്തിയത് മാര്‍ച്ച് മാസത്തിലായിരുന്നു. 2019 മാര്‍ച്ച് 28 നായിരുന്നു 'ലൂസിഫര്‍' പുറത്തിറങ്ങിയത്.ലൈക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
ദിലീപിന്റെ പ്രതീക്ഷയായി വമ്പന്‍ ക്യാന്‍വാസില്‍ ഭഭബ
തിരിച്ചുവരവില്‍ പരാജയത്തില്‍പ്പെട്ട് ഉഴലുന്ന ദിലീപിന്റെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ഭഭബ.നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭഭബ'യുടെ തിരക്കഥ എഴുതിയിരിക്കുന്നത് നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫാഹിം സഫറും ചേര്‍ന്നാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മാണം.
വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ സാന്റി മാസ്റ്ററും, കോമെഡിയന്‍ റെഡ്ഡിങ് കിങ്സ്ലിയും അഭിനയിക്കുന്നുണ്ട്.വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകന്‍ ധനഞ്ജയ് ശങ്കര്‍. പൂര്‍ണമായും മാസ് കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം അവതരിപ്പിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി. സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ,ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍ , നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.പത്തിലധികം ചിത്രങ്ങളുടെ തുടര്‍പരാജയത്തില്‍ നിന്ന് ദിലീപിനെ രക്ഷിക്കുന്ന ചിത്രമാകുമോ 'ഭഭബ' എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
സ്‌റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയ്നറായി മമ്മൂട്ടിയുടെ ബസൂക്ക
ടര്‍ബോ ജോസിന് ശേഷം മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന സ്‌റ്റൈലിഷ് ആക്ഷന്‍ സിനിമയാണ് 'ബസൂക്ക'.നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തും. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയ്ക്കു ശേഷം തിയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിക്കുന്ന ചിത്രമാണിത്.മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും ബസൂക്കയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ ടീസര്‍ ആരാധകരുടെ ഇടയില്‍ തരംഗമായി മാറിയിരുന്നു. മമ്മൂട്ടിയുടെ ഗംഭീര ലുക്കും മാസ് ഡയലോഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്.
ഫഹദിന്റെ പ്രതീക്ഷയായി ഓടുംകുതിര ചാടും കുതിര
ആവേശത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഫഹദ് ഫാസിലിന്റെതായി എത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 16നായിരിക്കും റിലീസ് ചെയ്യുക എന്നാണ് ട്വിറ്റര്‍ ഫോറങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള തുടങ്ങിയവരും ഭാഗമാകുന്ന സിനിമയുടെ റിലീസ് സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധ നേടുകയാണ്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ഐതീഹ്യങ്ങളുടെ സൗന്ദര്യത്തില്‍ കത്തനാര്‍
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ജയസൂര്യ നായകനായി എത്തുന്ന 'കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍'. റോജിന്‍ തോമസ് സംവിധാനം ചെയ്ത കത്തനാരില്‍ അനുഷ്‌ക ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രിലോടെ തിയേറ്ററില്‍ എത്തുമെന്ന് ഏറ്റവും ഒടുവിലായി വന്ന വിവരം.
റോജിന്‍ തോമസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ട 3 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് പൂര്‍ത്തിയായത്.രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന'കത്തനാര്‍ - ദി വൈല്‍ഡ് സോഴ്സററി'ന്റെ ആദ്യ ഭാഗമാണ് ഏപ്രിലോടെ റിലീസിന് ഒരുങ്ങുന്നത്. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
നായിക പ്രധാന്യമുള്ള ചിത്രമായി റേച്ചല്‍
ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റേച്ചല്‍'. ഇറച്ചിവെട്ടുകാരിയായി വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.
എബ്രിഡ് ഷൈനിനൊപ്പം രാഹുല്‍ മണപ്പാട്ടും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷന്‍, കലാഭവന്‍ ഷാജോണ്‍, ചന്തു സലീംകുമാര്‍, രാധിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഈ വര്‍ഷം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരത്തില്‍ 2024 ലേത് പോലെ 2025 ലും ആദ്യപകുതി സംഭവ ബഹുലമാക്കാന്‍ ഒരുങ്ങുകയാണ് മലയാള സിനിമ.