പറന്നു കൊണ്ടിരിക്കവേ വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും പൊട്ടുന്ന ശബ്ദം; ബ്ലൂ ഐലന്‍ഡ്‌സ് എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി പരിശോധിച്ചപ്പോള്‍ കണ്ടത് എന്‍ജിന്‍ തകരാര്‍; ഇന്ധനം തീരാറായ റെയാനെയര്‍ വിമാനം ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കും

പറന്നു കൊണ്ടിരിക്കവേ വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും പൊട്ടുന്ന ശബ്ദം

Update: 2025-10-24 04:22 GMT

ലണ്ടന്‍: യു.കെയില്‍ വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് പൊട്ടുന്ന ശബ്ദം കേട്ടതായി യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്ലൂ ഐലന്‍ഡ്‌സ് എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ജേഴ്‌സിയിലേക്ക് പോകുകയായിരുന്ന വിമാനത്തിന് 4000 അടി ഉയരത്തിലാണ് എഞ്ചിനില്‍ പ്രശ്‌നമുണ്ടായത്. റണ്‍വേയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ വലത് വശത്തെ എന്‍ജിന്‍ തകരാറിലായതായി കണ്ടെത്തിയിരുന്നു.

ഇക്കാര്യം വിമാനത്തിലെ ജീവനക്കാര്‍ നേരത്തേ തന്നെ വിമാനത്താവളത്തിലെ അധികൃതരെ അറിയിച്ചിരുന്നു. ജേഴ്‌സിയിലെയും ഗ്വേണ്‍സിയിലെയും വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്തുന്ന പ്രാദേശിക എയര്‍ലൈന്‍ കമ്പനിയാണ് ബ്ലൂ ഐലന്‍ഡ്സ്. എന്‍ജിന്‍ തകരാര്‍ മനസിലാക്കിയതിനെ തുടര്‍ന്ന് അര മണിക്കൂറിനകം വിമാനത്തെ തിരികെ ഡബ്ലിനിലേക്ക് തിരികെ കൊണ്ട് വരികയായിരുന്നു. വിമാനം സുരക്ഷിതമായി തന്നെയാണ് ലാന്‍ഡ് ചെയ്തത്.

വിമാനത്താവളത്തില്‍ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നത് വിമാനം ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെടത്ത എന്നാണ്. എയ്‌റോ ഇന്‍സൈഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, വലതുവശത്തെ എഞ്ചിന്‍ ഓഫാക്കുന്നതിന് മുമ്പ് ഒരു 'പൊട്ടുന്ന' ശബ്ദം കേട്ടിരുന്നു. ഈയിടെ റെയാനര്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം പറക്കുന്നതിനിടയില്‍ ഇന്ധനം തീരാന്‍ പോകുന്നതായി കണ്ടെത്തിയതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്.

റെയാനെയര്‍ വിമാനം യാത്ര പുറപ്പെട്ട് ആറ് മിനിട്ടിനുള്ളിലാണ് ഇന്ധനം തീരാന്‍ പോകുന്നതായി കണ്ടെത്തിയത്. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. ഇറ്റലിയിലെ പിസയില്‍ നിന്ന് ഗ്ലാസ്‌ഗോയിലെ പ്രെസ്റ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം ഇന്ധനം തീരാന്‍ പോകുന്ന എന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്് അടിയന്തരമായി മാഞ്ചസ്റ്ററില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. റയാനെയറിന് വേണ്ടി മാള്‍ട്ട എയര്‍ സര്‍വീസ് നടത്തുന്ന വിമാനം, എഡിന്‍ബര്‍ഗ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിന് മുമ്പ് പ്രെസ്റ്റ്വിക്കില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്നാണ് മാഞ്ചസ്റ്ററിലേക്ക് തിരിച്ചു വിട്ടത്. രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം മാഞ്ചസ്റ്ററില്‍ ലാന്‍ഡ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് ടാങ്കില്‍ 220 കിലോ ഇന്ധനം മാത്രമാണ് അവശേഷിച്ചിരുന്നത്. ഇത് ഉപയോഗിച്ച് അഞ്ചോ ആറോ മിനിട്ട് മാത്രമേ വിമാനത്തിന് പറക്കാന്‍ കഴിയുമായിരുന്നുള്ളൂ. രാജ്യത്ത് ശക്തമായ കൊടുങ്കാറ്റ് ഉണ്ടായ സമയത്താണ് വിമാനം അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

Tags:    

Similar News