വ്യാജ ബോംബ് ഭീഷണി കൊച്ചിയിലും കോഴിക്കോടും; ഇന്ന് രാജ്യത്ത് ഭീഷണി സന്ദേശം ലഭിച്ചത് 13 വിമാനങ്ങള്‍ക്ക്; അടിയന്തര ലാന്‍ഡിങ്; യാത്രക്കാര്‍ ഭീതിയില്‍; അന്വേഷണത്തിന് സാമൂഹ മാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്

കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് മാത്രം എഴുപതോളം വ്യാജ ഭീഷണി

Update: 2024-10-20 11:28 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ബോംബ് ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഡല്‍ഹിയില്‍ വിമാനക്കമ്പനി സിഇഒമാരുടെ അടിയന്തരയോഗം നടത്തി. ഇന്ത്യയുടെ ആകാശം സുരക്ഷിതമാണെന്നും യാത്രക്കാര്‍ക്ക് ഒരു തരത്തിലുമുള്ള ഭീതി വേണ്ടെന്നും ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ അറിയിച്ചു. അതേ സമയം ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. ഇന്‍ഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങള്‍ക്കും വിസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ആകാസയുടെ ഒരു വിമാനത്തിനുമാണ് ഭീഷണി.

കോഴിക്കോട് നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തുന്നതാണ് ഭീഷണി നിലനില്‍ക്കുന്ന ഇന്‍ഡിഗോയുടെ ഒരു വിമാനം. 6E 58 ജിദ്ദ-മുംബൈ, 6E 133പൂനെ-ജോധ്പുര്‍, 6E 112 ഗോവ അഹമ്മദാബാദ് തുടങ്ങിയ വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു. വിസ്താരയുടെ സിംഗപ്പുര്‍-ഡല്‍ഹി, സിംഗപ്പൂര്‍-പൂനെ, സിംഗപ്പൂര്‍-മുംബൈ, ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്, ബാലി-ഡല്‍ഹി, മുംബൈ സിംഗപ്പൂര്‍ എന്നീ വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആകാസ എയറിന്റെ ലഖ്നൗ-മുംബൈ വിമാനത്തിനാണ് ഭീഷണി. തുടര്‍ന്ന് വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.

കൊച്ചി ബെംഗളൂരു സെക്ടറില്‍ ഉള്‍പ്പെടെ രാജ്യത്ത് ഇന്നലെ മാത്രം മുപ്പതിലേറെ വിമാനസര്‍വീസുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി നേരിട്ടു. ഇതോടെ ഈ ആഴ്ചയാകെ ഭീഷണി നേരിട്ട വിമാനങ്ങള്‍ എഴുപതിലേറെയാണ്. രാത്രി ഏഴിനുള്ള കൊച്ചി ബെംഗളൂരു അലയന്‍സ് എയര്‍ വിമാനത്തിനു ബോംബ് ഭീഷണിയുണ്ടെന്ന് സമൂഹമാധ്യമമായ 'എക്‌സ്' വഴി ഉച്ചയ്ക്കു രണ്ടോടെയാണു സന്ദേശം ലഭിച്ചത്. വിമാനം സേലത്തുനിന്നെത്തിയ ശേഷം വിശദ പരിശോധന നടത്തി. യാത്രക്കാരെയും വിശദമായി പരിശോധിച്ചശേഷം 25 മിനിറ്റ് വൈകിയാണു വിമാനം പുറപ്പെട്ടത്.

വിമാനങ്ങള്‍ക്ക് കൂടാതെ കര്‍ണാടകത്തിലെ ബെലഗാവി വിമാനത്താവളത്തിന് നേരെയും ബോംബാക്രമണ ഭീഷണി ലഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പോലീസും സംയുക്ത പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. ചെന്നൈയില്‍ നിന്നുള്ള കേന്ദ്രത്തില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വിസ്താരയുടെ അഞ്ചിലേറെ വിമാനങ്ങള്‍ ഇന്നലെ ഭീഷണി നേരിട്ടു. സിംഗപ്പൂര്‍ - മുംബൈ, മുംബൈ - ഫ്രാങ്ക്ഫര്‍ട്ട്, ഡല്‍ഹി - ബാങ്കോക്ക്, മുംബൈ - കൊളംബോ എന്നിങ്ങനെ ഇവയില്‍ നാലും രാജ്യാന്തര സര്‍വീസുകളായിരുന്നു. ഉദയ്പുരില്‍നിന്നു മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് ഭീഷണി സംബന്ധിച്ച കുറിപ്പു കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഡല്‍ഹി ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ അടിയന്തരമായിറക്കി പരിശോധിച്ചശേഷം യാത്ര തുടരേണ്ടിവന്നു.

മുംബൈ- ഇസ്തംബുള്‍, ഡല്‍ഹി - ഇസ്തംബുള്‍, ജോധ്പുര്‍ - ഡല്‍ഹി, ഹൈദരാബാദ് - ചണ്ഡിഗഡ് അടക്കം ഇന്‍ഡിഗോയുടെ അഞ്ചിലേറെ വിമാനങ്ങള്‍ ഭീഷണി നേരിട്ടു. നെവാര്‍ക് - മുംബൈ എയര്‍ ഇന്ത്യ വിമാനം ഭീഷണിയെത്തുടര്‍ന്നു പുറപ്പെടാന്‍ വൈകി. ദുബായ് - ജയ്പുര്‍ സര്‍വീസിനും ഭീഷണിയുണ്ടായി. ആകാശ എയറിന്റെ മുംബൈ - സിലിഗുരി സര്‍വീസിനും ഭീഷണിയുണ്ടായി.

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അന്വേഷണത്തിനായി സാമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്. വ്യാജ ബോംബ് ഭീഷണികള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ടുകള്‍, അവയുടെ കൂടുതല്‍ വിവരങ്ങള്‍ എന്നിവ ലഭിക്കാനായാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നീക്കം. നിരവധി രാജ്യാന്തര, ആഭ്യന്തര വിമാനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ ബോംബ് ഭീഷണികള്‍ എത്തിയത്. കഴിഞ്ഞ ദിവസം ബെംഗളുരുവിലേക്ക് 180 യാത്രക്കാരുമായി തിരിച്ച ഒരു വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇവയടക്കം നിരവധി കേസുകള്‍ക്ക് തുമ്പ് ലഭിക്കാനാണ് പോലീസ് സാമൂഹ്യമാധ്യമങ്ങളെ സമീപിച്ചത്.

ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ വര്‍ധിച്ചതോടെ അവ അന്വേഷിക്കാനായി മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്. സൈബര്‍ സെല്ലിന്റെയും ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ്റ്റയും സഹായം അടക്കം തേടികൊണ്ടാകും അന്വേഷണം. വിപിഎന്‍, ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണികള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Tags:    

Similar News