പ്രാര്‍ത്ഥനയ്ക്കിടെ പോലീസ് പാഞ്ഞെത്തി; മലയാളി വൈദികനും ഭാര്യയും നാഗ്പൂരില്‍ അഴികള്‍ക്കുള്ളില്‍; സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയിലെ അമരവിള സ്വദേശി ഫാ. സുധീര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ മതപരിവര്‍ത്തനക്കുറ്റം; ജമ്മുവില്‍ പാസ്റ്റര്‍ക്ക് നേരെ ബജ് രംഗ്ദള്‍ ആക്രമണമെന്ന് പരാതി

മലയാളി വൈദികനും ഭാര്യയും നാഗ്പൂരില്‍ അഴികള്‍ക്കുള്ളില്‍

Update: 2025-12-31 05:21 GMT

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കസ്റ്റഡിയിലെടുത്ത മലയാളി വൈദികനും ഭാര്യയും അടക്കം 12 പേര്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ചുമത്തി കേസെടുത്തു. നാഗ്പൂര്‍ മിഷനിലെ ഫാദറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ സുധീര്‍, അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിന്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അറസ്റ്റിലായ വൈദികനും ഭാര്യയും കൂടാതെ, പ്രതിപ്പട്ടികയിലുള്ള 12 പേരില്‍ പ്രദേശവാസികളായ നാല് വിശ്വാസികള്‍, പ്രാര്‍ത്ഥനാ യോഗം നടന്ന വീടിന്റെ ഉടമയും ഭാര്യയും, കൂടാതെ അറസ്റ്റിലായവരെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ നാല് പേര്‍ എന്നിവരും ഉള്‍പ്പെടുന്നു പ്രാദേശിക വൈദികരുടെ ക്ഷണം സ്വീകരിച്ചാണ് ഫാദര്‍ സുധീറും ഭാര്യയും പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തതെന്നാണ് വിവരം. സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയിലെ വൈദികനാണ് ഫാദര്‍ സുധീര്‍. ഒരു ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് വൈദികനേയും ഭാര്യയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. നാഗ്പൂരിലെ ഷിംഗോഡിയില്‍ വെച്ചാണ് ഇവര്‍ പോലീസ് നടപടിക്ക് വിധേയരായത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സി.എസ്.ഐ. ദക്ഷിണ മേഖല മഹായിടവക അറിയിച്ചു.

ജമ്മുവില്‍ മലയാളി വൈദികന് നേരേ ആക്രമണം


അതിനിടെ, ജമ്മുവിലെ ആര്‍.എസ്. പുരയില്‍ മലയാളി വൈദികന്‍ പാസ്റ്റര്‍ ബേബി ജേക്കബിനും കുടുംബത്തിനും നേരെ ക്രിസ്മസ് തലേന്ന് ആക്രമണം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് വൈദികനും കുടുംബവും പരാതിപ്പെട്ടു. വൈദികന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രിസ്മസ് തലേന്നാണ് പാസ്റ്റര്‍ ബേബി ജേക്കബിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അക്രമികള്‍ സംഘടിച്ചെത്തിയത്. ഈ സംഭവത്തില്‍ ബജ്‌റംഗ്ദള്‍. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നാണ് വൈദികന്റെയും കുടുംബത്തിന്റെയും പ്രധാന ആരോപണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സമാനമായ ആരോപണങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജമ്മുവിലെ ഈ പുതിയ സംഭവം.

Tags:    

Similar News