ഔദ്യോഗിക ജീവിതത്തിൽ അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ല; ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തത്; എഫ്.ഐ.ആറിലുള്ളത് തെറ്റായ കാര്യങ്ങൾ; വൃക്കയും കരളും തകരാറിലായതിനാൽ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്, യാത്ര ചെയ്യാനാകില്ല; സ്വർണക്കൊള്ള കേസിലെ ദേവസ്വം മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരിയ്ക്ക് നിർദേശം നൽകി. അസാധാരണ സാഹചര്യത്തിൽ മാത്രമേ ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കു എന്നും കോടതി അറിയിച്ചു. താൻ നിരപരാധിയാണെന്നും കേസിൽ യാതൊരുവിധ ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ജയശ്രീ വാദിച്ചത്.
വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ജയശ്രീയെ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നാലാം പ്രതിയാണ് എസ്.ജയശ്രീ. അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ അനുസരിച്ച്, 2019-ൽ ദേവസ്വം ബോർഡിന്റെ തീരുമാനങ്ങളെ മറികടന്നുകൊണ്ട് ദ്വാരപാലക ശിൽപപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയാണ് എന്നാണ് എസ്ഐടിയുടെ നിഗമനം. 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീ, അതിനുശേഷം 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തന്റെ 38 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഒരു തവണ പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് ജയശ്രീ ഹർജിയിൽ അവകാശപ്പെടുന്നു. എഫ്.ഐ.ആറിൽ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെറ്റാണെന്നും താൻ നിരപരാധിയാണെന്നും അവർ വാദിക്കുന്നു. സെക്രട്ടറിയെന്ന നിലയിൽ ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സ്വകാര്യ ജീവിതത്തെക്കുറിച്ചും ജയശ്രീ ഹർജിയിൽ വിശദീകരിക്കുന്നുണ്ട്. ശബരിമല ദർശനം നടത്താൻ ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല.
ശബരിമലയിൽ പോകാനുള്ള പ്രായപരിധി പിന്നിട്ടപ്പോഴാണ് വൃക്കയും കരളും തകരാറിലാകുന്നത്. ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു. ഇതിന്റെ ഭാഗമായി നിരന്തരം മരുന്നുകൾ കഴിച്ചാണ് ജീവിക്കുന്നതെന്നും ദുർബലമായ ശാരീരികാവസ്ഥയിൽ കേസിൽ ഉൾപ്പെട്ടത് മാനസികമായി വലിയ തളർച്ചയുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി. ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ടി വരുന്നതിനാലും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസിൽ പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും ജയശ്രീ അറിയിച്ചിട്ടുണ്ട്.
