30 പേര്‍ക്ക് മനഃപൂര്‍വ്വം വിഷം കൊടുത്തു, പന്ത്രണ്ട് പേര്‍ മരിച്ചു; ഫ്രാന്‍സിലെ അനസ്തെറ്റിസ്റ്റിന്റെ വിചാരണ ആരംഭിച്ചു; ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ കണ്ടെത്തിയത് സംശയാസ്പദമായ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ചതോടെ

30 പേര്‍ക്ക് മനഃപൂര്‍വ്വം വിഷം കൊടുത്തു

Update: 2025-09-09 10:02 GMT

പാരീസ്: ഫ്രാന്‍സില്‍ നാല് വയസ്സിനും 89 വയസ്സിനും ഇടയില്‍ പ്രായമുള്ള 30 പേരെ മനഃപൂര്‍വ്വം വിഷം കൊടുത്ത കേസില്‍ കുറ്റാരോപിതനായ അനസ്തെറ്റിസ്റ്റിന്റെ വിചാരണ ആരംഭിച്ചു. ഇവരില്‍ പന്ത്രണ്ടു പേര്‍ മരിച്ചു പോയിരുന്നു. 2008 നും 2017 നും ഇടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രോഗികള്‍ ഹൃദയാഘാതം സംഭവിച്ചപ്പോള്‍, കിഴക്കന്‍ നഗരമായ ബെസാന്‍സോണിലെ രണ്ട് ക്ലിനിക്കുകളില്‍ 53 കാരനായ ഫ്രെഡറിക് പെച്ചിയര്‍ ജോലി ചെയ്തിരുന്നു.

പന്ത്രണ്ട് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. നേരത്തേ പലരും സ്റ്റാര്‍ അനസ്തെറ്റിസ്റ്റ്' ആയി കണക്കാക്കിയിരുന്ന പെച്ചിയര്‍, തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനും സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താനും രോഗികളില്‍ ഹൃദയാഘാതം സൃഷ്ടിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. പെച്ചിയറിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായ ടെഡി എന്നറിയപ്പെടുന്ന നാല് വയസ്സുകാരന്‍ 2016 ല്‍ ഒരു ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്കിടെ രണ്ട് ഹൃദയാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. ഡോക്ടറുടെ ഏറ്റവും പ്രായം കൂടിയ ഇരക്ക് 89 വയസ്സായിരുന്നു.

എട്ട് വര്‍ഷത്തെ അന്വേഷണത്തെ തുടര്‍ന്നാണ് വിചാരണ ആരംഭിച്ചത്. പെച്ചിയര്‍ കുറ്റം നിഷേധിച്ചു. നേരത്തെ, തന്റെ വാദത്തില്‍ 'ശക്തമായ വാദങ്ങള്‍' ഉണ്ടെന്ന് പെച്ചിയര്‍ പറഞ്ഞിരുന്നു. ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വിചാരണയില്‍ പങ്കെടുക്കുന്ന കുടുംബങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, പെച്ചിയര്‍ മറുപടി പറഞ്ഞത് തനിക്ക് അത് പൂര്‍ണ്ണമായും മനസ്സിലാകും എന്നും എന്നാല്‍ അവരുടെ ദുരിതത്തിന് താന്‍ ഉത്തരവാദിയല്ല എന്നുമായിരുന്നു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പെച്ചിയര്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. ഒരു പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലോക്കല്‍ അനസ്തെറ്റിക് ആയ ലിഡോകെയ്‌നിന്റെ അമിത അളവ് കണ്ടെത്തിയിരുന്നു. 'ഫ്രഞ്ച് നിയമ ചരിത്രത്തില്‍ അഭൂതപൂര്‍വമായ' കേസ് ആണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കുറഞ്ഞ അപകടസാധ്യതയുള്ള രോഗികളില്‍ ശസ്ത്രക്രിയയ്ക്കിടെ സംശയാസ്പദമായ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് 2017-ല്‍ അന്വേഷണം ആരംഭിച്ചു.

പെച്ചിയര്‍ തന്റെ സഹപ്രവര്‍ത്തകരുടെ പാരസെറ്റമോള്‍ ബാഗുകളിലോ അനസ്തേഷ്യ പൗച്ചുകളിലോ കൃത്രിമം കാണിച്ചതായി സംശയിക്കുന്നു. താന്‍ പിണക്കത്തിലായിരുന്ന സഹപ്രവര്‍ത്തകരെ ഉപദ്രവിക്കാന്‍ ആരോഗ്യമുള്ള രോഗികളെ വിഷം കൊടുത്ത് കൊന്നു എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. സംഭവത്തില്‍ എഴുപതോളം റിപ്പോര്‍ട്ടുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്.

Tags:    

Similar News