ഫ്രഷ് കട്ട് വിരുദ്ധ സമരത്തില്‍ പൊലീസിനെ ആക്രമിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍; അക്രമത്തിന് പരസ്പരം പഴി ചാരി ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും; പ്രതിഷേധിക്കുന്നവരെ പരിഹസിക്കുന്നവര്‍, ഫ്രഷ് കട്ടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 30 മിനിറ്റ് മാസ്‌ക് ധരിക്കാതെ നില്‍ക്കാന്‍ സാധിക്കുമോ എന്ന് വെല്ലുവിളിച്ച് താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി
ഫ്രഷ് കട്ട് അക്രമം: രണ്ടുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സമരസമിതി പ്രവര്‍ത്തകരായ ചുണ്ടക്കുന്ന് സ്വദേശി ബാവന്‍കുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെയാണ് കോഴിക്കോട് റൂറല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി സമരക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വര്‍ഷമായി തുടരുന്ന സമരമാണ് അക്രമാസക്തമായത്.
സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്‌റൂഫാണ് ഒന്നാം പ്രതിയെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, സമരത്തിന് നേതൃത്വം നല്‍കിയത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ജില്ലാ കമ്മറ്റി യോഗത്തിനു ശേഷം സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍, ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി കലാപം അഴിച്ചുവിട്ടുവെന്നും ആരോപണമുണ്ട്.
ഇതിനിടെ, സംഘര്‍ഷത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐയും പ്രതികരിച്ചു. സമരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തുവെന്നും, പ്രശ്‌നം ഉണ്ടാക്കിയ ക്രിമിനലുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും ഫാക്ടറിക്ക് തീയിട്ടതും ആക്രമണങ്ങള്‍ക്ക് പിന്നിലും അവരാണെന്നും എസ്ഡിപിഐ ആരോപിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു
വിമര്‍ശകരെ, ഫ്രഷ് കട്ടിന്റെ 100 മീറ്ററില്‍ മാസ്‌കില്ലാതെ നില്‍ക്കാമോ?
താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രഷ് കട്ട്' അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സൗദ ബീവി രംഗത്ത്. പ്രതിഷേധിക്കുന്നവരെ പരിഹസിക്കുന്നവര്‍, ഫ്രഷ് കട്ട് കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 30 മിനിറ്റ് മാസ്‌ക് ധരിക്കാതെ നില്‍ക്കാന്‍ സാധിക്കുമോ എന്ന് വൈസ് പ്രസിഡന്റ് വെല്ലുവിളിച്ചു. അസഹ്യമായ ദുര്‍ഗന്ധം മൂലം അപ്പോള്‍ തന്നെ തിരിഞ്ഞോടുമെന്നും, ഇത്തരക്കാര്‍ മനുഷ്യരൂപം പൂണ്ട പിശാചുക്കളാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എം കെ സൗദ ബീവിയുടെ പോസ്്റ്റിന്റെ പൂര്‍ണരൂപം:
അശാന്തിയുടെയും, അനീതിയുടെയും ദുര്‍ഗന്ധത്തിനു മേല്‍ നീതിയുടെയും ശാന്തിയുടെയും പേമാരി വര്‍ഷിക്കുക തന്നെ ചെയ്യും.
ഇന്നലെ വൈകീട്ട് (21.10.2025 ന് ) അഞ്ച് മണിയോടു കൂടി സഹമെമ്പറായ ഷംസിദ ഷാഫിക്ക് പരിക്കേറ്റെന്ന വിവരമറിഞ്ഞാണ് താമരശ്ശേരി താലൂക്കാശുപത്രിയിലേക്ക് എത്തിയത്. പിഞ്ചു കുട്ടികളുള്‍പ്പെടെയുള്ള മനുഷ്യരെ തല്ലിച്ചതച്ചും, ശ്വാസം മുട്ടിച്ചും, അതി ഭീകരമാം വിധം മനുഷ്യ മൃഗങ്ങള്‍ താണ്ഡവമാടിയതിന്റെ നേര്‍ക്കാഴ്ചയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. തലപൊട്ടി ചോരയൊഴുകുന്നവര്‍, ലാത്തിയടി കൊണ്ട് മൃതപ്രായരായവര്‍, വേച്ചു വേച്ചു നടക്കുന്ന മനുഷ്യക്കോലങ്ങള്‍....
കോഴി വേസ്റ്റിനേക്കാള്‍ മാലിന്യം പേറുന്ന മനുഷ്യ രൂപം കൊണ്ട ചില പിശാചുക്കളുടെ ലാഭക്കൊതിയുടെ ഇരകളുടെ ദീന രോദനം മനസ്സില്‍ നിന്നും മായുന്നേയില്ല. മതിയായ ചികിത്സ തേടാന്‍ പോലും സമ്മതിക്കാതെയാണ് പോലീസ് വട്ടമിട്ടു പറന്നത്, ഇപ്പോഴും വല വിരിച്ചു നടക്കുന്നത്.
ഫ്രഷ് കട്ട് എന്ന മാലിന്യ കമ്പനിയുടെ ഉടമകളെ...,
കട്ടിപ്പാറ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന നിങ്ങള്‍ എത്ര ദൂരം പൈപ്പിട്ടും കുഴിയെടുത്തും കിലോമീറ്റര്‍ അകലെ താമരശ്ശേരി പഞ്ചായത്തിലേക്ക് മലത്തേക്കാള്‍ നാറുന്ന മലിന ജലം ഒഴുക്കി വിട്ടു എന്നറിയാവുന്നതല്ലേ? അതിന് പതിനായിരക്കണക്കിന് പിഴ നിങ്ങള്‍ താമരശ്ശേരി പഞ്ചായത്ത് ഓഫിസില്‍ ഒടുക്കിയതല്ലേ? അല്ലെങ്കിലും മാലിന്യം അങ്ങനെയാണ്. അത് ഒതുക്കി നിര്‍ത്താന്‍ ആവില്ല. അത് കോഴി മാലിന്യം ആയാലും, മനസിലെ മാലിന്യം ആയാലും.... ഈ പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീരില്‍ നിങ്ങള്‍ നീറിപ്പുകയുന്ന ഒരു കാലത്തിനായി കാത്തിരുന്നോളൂ...!
വിമര്‍ശിക്കുന്നവരോടും, കുറ്റപ്പെടുത്തുന്നവരോടും... : ഫ്രഷ് കട്ടിലേക്ക് നിങ്ങള്‍ പോയി കാര്യങ്ങള്‍ മനസിലാക്കണമെന്ന സാഹസത്തിനു മുതിരണമെന്ന് പറയുന്നില്ല. എങ്കിലും അതിന്റെ ഒരു 100 മീറ്റര്‍ ദൂരെ, അര മണിക്കൂര്‍ മാസ്‌കില്ലാതെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? മൂക്കിന്റെ പാലം പൊളിഞ്ഞു പോകുന്ന പാകത്തില്‍ രൂക്ഷ ഗന്ധം നിങ്ങളുടെ മൂക്കിലേക്ക് തുളച്ചു കയറി നിങ്ങള്‍ തിരിഞ്ഞോടുമെന്ന് ഞാന്‍ ആണയിടുന്നു.
കാണാമറയെത്തെങ്ങോ ഒളിവില്‍ കഴിയുന്ന പ്രിയപ്പെട്ടവരോട്... :
മനുഷ്യ മാലാഖമാരായ നിങ്ങള്‍ ചിന്തിയ രക്തത്തിനും, ഏറ്റു വാങ്ങിയ വേദനക്കും നാളെ ഫലമുണ്ടാകാതിരിക്കില്ല. ജീവനോളം വിലയുള്ള നിങ്ങളുടെ ചെറുത്തു നില്‍പ്പിന് കാലം പ്രതിഫലം തരാതെ പോകില്ല. പ്രതീക്ഷയുടെ പൊന്‍ കിരണം തൂകുന്ന, പൂക്കളുടെ സൗരഭ്യം നിറഞ്ഞ പുലരി നിങ്ങളില്‍ വന്നു ചേരും. അതിനായി നമുക്ക് കാത്തിരിക്കാം.
സൗദാ ബീവി എം കെ
വൈസ് പ്രസിഡന്റ്
താമരശ്ശേരി ഗ്രാമപഞ്ചായത്ത്