സുധാകരന്‍ മാറ്റിപ്പറഞ്ഞതോടെ കേസിന്റെ ഭാവി സംശയത്തില്‍; ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ അണിയറയില്‍ നീക്കം; നിയമോപദേശം തേടി അന്തിമ നടപടികള്‍ എടുക്കും; കേസെടുത്താലും സുധാകരന് ജാമ്യം കിട്ടിയേക്കും; തനിക്കൊന്നും അറിയില്ലെന്ന് 1989ലെ ഇടതു സ്ഥാനാര്‍ത്ഥിയും; കെകെ ചെല്ലപ്പന്‍ മരിച്ചു; തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റും ഇന്നില്ല; പ്രതി സുധാകരന്‍ മാത്രമാകുമോ?

Update: 2025-05-16 02:54 GMT
സുധാകരന്‍ മാറ്റിപ്പറഞ്ഞതോടെ കേസിന്റെ ഭാവി സംശയത്തില്‍; ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ അണിയറയില്‍ നീക്കം; നിയമോപദേശം തേടി അന്തിമ നടപടികള്‍ എടുക്കും; കേസെടുത്താലും സുധാകരന് ജാമ്യം കിട്ടിയേക്കും; തനിക്കൊന്നും അറിയില്ലെന്ന് 1989ലെ ഇടതു സ്ഥാനാര്‍ത്ഥിയും; കെകെ ചെല്ലപ്പന്‍ മരിച്ചു; തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റും ഇന്നില്ല; പ്രതി സുധാകരന്‍ മാത്രമാകുമോ?
  • whatsapp icon

ആലപ്പുഴ: തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടി തുടങ്ങി. സുധാകരന്‍ വെളിപ്പെടുത്തല്‍ അപ്പാടെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താന്‍ തപാല്‍ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ലേശം ഭാവന കലര്‍ത്തി പറഞ്ഞതു മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതാണെന്നും പറഞ്ഞു. 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയെന്നായിരുന്നു ബുധനാഴ്ച സുധാകരന്‍ പ്രസംഗിച്ചത്. പ്രസംഗം തിരുത്തിയെങ്കിലും നിയമ നടപടി തുടരാനാണ് നീക്കം. വിശദ നിയമോപദേശം കേട്ട ശേഷമാകും കേസില്‍ തീരുമാനം എടുക്കുക.

ശക്തമായ നടപടികള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. അമ്പലപ്പുഴ തഹസില്‍ദാര്‍ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തു. കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടു നിര്‍ദേശിച്ചിട്ടുണ്ടെന്നു കലക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. 36 വര്‍ഷം മുന്‍പത്തെ സംഭവമായതിനാല്‍ വിശദമായ അന്വേഷണം വേണ്ടിവരുമെന്നും കലക്ടര്‍ പറഞ്ഞു. നിയമോപദേശം തേടിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്‍ അറിയിച്ചു. അമ്പലപ്പുഴ തഹസില്‍ദാര്‍ക്ക് നല്‍കിയ മൊഴിയിലും വിവാദ പരാമര്‍ശം സുധാകരന്‍ തിരുത്തി. ബാലറ്റ് തിരുത്തല്‍ നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. അതേസമയം, വിവാദ പ്രസംഗത്തിന്റെ വിഡിയോ തെളിവായി നില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി തുടരും. വിഡിയോ പരിശോധിച്ചു തുടങ്ങിയെന്നു കലക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

സുധാകരന്‍ മാറ്റിപ്പറഞ്ഞതോടെ കേസിന്റെ ഭാവി സംശയത്തിലാണ്. കമ്മിഷന്‍ പറയുന്ന വകുപ്പുകള്‍ ചുമത്തി കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ ശിക്ഷലഭിക്കാം. അന്വേഷണത്തിനുശേഷമേ വിശദാംശങ്ങള്‍ പറയാനാകൂ എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു. അമ്പലപ്പുഴ തഹസില്‍ദാര്‍ എസ്. അന്‍വര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനില്‍ എന്നിവരാണ് സുധാകരന്റെ മൊഴി രേഖപ്പെടുത്തിയത്. കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 1989-ല്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റ് പൊട്ടിച്ച് വോട്ട് തിരുത്തിയെന്ന് എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിലാണ് കഴിഞ്ഞദിവസം സുധാകരന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. സുധാകരന്റെ വിശദീകരണം സിപിഎം തള്ളിയിട്ടുണ്ട്. സുധാകരനും നിലപാട് മാറ്റി. ഈ സാഹചര്യത്തില്‍ കേസ് വന്നാലും സുധാകരന്‍ മാത്രമേ പ്രതിയാകൂവെന്നാണ് വിലയിരുത്തലുകള്‍.

1951-ലെ ജനപ്രാതിനിധ്യനിയമം 136, 128, 135, 135എ ഉള്‍പ്പെടെയുള്ള വകുപ്പുകളും 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളും ഭാരതീയ ന്യായസംഹിത/ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണിതെന്ന് കേല്‍ക്കര്‍ പറഞ്ഞു. ബാലറ്റിലെ കൃത്രിമത്തിനെതിരേ ജനപ്രാതിനിധ്യനിയമം 136 പ്രകാരം രണ്ടുവര്‍ഷം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷകിട്ടാം. രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയതിനെതിരേ 128 പ്രകാരം മൂന്നുമാസം തടവോ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷ. 135 എ പ്രകാരം ഒന്നുമുതല്‍ മൂന്നുവര്‍ഷംവരെയാണ് ശിക്ഷ. ബൂത്തുപിടിത്തത്തിനുള്ള കുറ്റമാണിത്. 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടപ്രകാരവും ശിക്ഷകിട്ടാം. കേസെടുത്താലും സുധാകരന് ജാമ്യം കിട്ടുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കേസെടുത്താലും ഉടന്‍ ജയിലില്‍ പോകേണ്ടി വരില്ല.

അതിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആരും തപാല്‍ ബാലറ്റ് തിരുത്തിയിട്ടില്ലെന്ന് 1989-ലെ ആലപ്പുഴ ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ ഇടതുപക്ഷ അധ്യാപക സംഘടനാനേതാവുമായ കെ.വി. ദേവദാസ് പ്രതികരിച്ചു. 25-ന് തൊണ്ണൂറു വയസ്സു തികയുന്ന ദേവദാസ് വിശ്രമജീവിതത്തിലാണ്. ടിവിയിലൂടെയാണ് ആക്ഷേപത്തെക്കുറിച്ച് അറിഞ്ഞത്. തിരഞ്ഞടുപ്പു കാലത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ചെല്ലപ്പന്‍ മരിച്ചുപോയി. തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റായിരുന്ന സിപിഐ നേതാവും ഇന്നില്ല. അധ്യാപകനായിരുന്ന താന്‍ രാജിവെച്ചാണു മത്സരരംഗത്തു വന്നത്. അക്കാലത്ത് സുധാകരന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായിരുന്നു. ആരെങ്കിലും എന്തെങ്കിലും പിഴവു കാട്ടിയിട്ടുണ്ടോയെന്നു സുധാകരനും അറിയണമെന്നില്ല. ആത്മാര്‍ഥമായി അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. സര്‍വീസ് സംഘടനാരംഗത്തുള്ളവര്‍ മാത്രമായിരുന്നില്ല പ്രവര്‍ത്തകര്‍- ദേവദാസ് പറഞ്ഞു.

കെജിടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്നുള്ള ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്‍ും ജീവനക്കാരുടെ പ്രക്ഷോഭസമിതി സംസ്ഥാന കണ്‍വീനറും ആയിരിക്കുമ്പോഴാണ് തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് ദേവദാസ് പറഞ്ഞു.

Tags:    

Similar News