അയ്യപ്പ സംഗമത്തിലെ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി ജി സുകുമാരന്‍ നായര്‍; വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്; നാളെ രാവിലെ 11ന് പെരുന്നയിലെ യോഗത്തില്‍ എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും എത്തണമെന്ന് നിര്‍ദേശം
അയ്യപ്പ സംഗമത്തിലെ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി ജി സുകുമാരന്‍ നായര്‍
കോട്ടയം: ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പങ്കെടുത്തതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം എന്‍എസ്എസ് കൈക്കൊണ്ടത്.
ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരണം നല്‍കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ അനുകൂല നിലപാടും സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച എന്‍എസ്എസ് വാര്‍ഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ അതില്‍ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വാര്‍ഷിക പ്രതിനിധി സഭയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ അനകൂല നിലപാടുകളില്‍ പ്രതിഷേധിച്ച് ചില കരയോഗങ്ങള്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബാനറുകളുമായി രംഗത്തുവന്നിരുന്നു.
ഇതിന് മറുപടിയായുമായി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തില്‍ തന്നെയാണെന്നും എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ ഒരു ശരിദൂരം കണ്ടെത്തിയെന്നും അതില്‍നിന്നു മാറില്ലെന്നും അദ്ദേഹം എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ 112-ാം വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യക്തമാക്കിയിരുന്നു.
സമദൂരത്തില്‍ കഴിയുന്ന സമുദായത്തെ കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ ബിജെപിയോ ആക്കാന്‍ ശ്രമിക്കരുത്. ശബരിമലയുടെ കാര്യത്തിലാണു നിലപാട്. രാഷ്ട്രീയകാര്യത്തില്‍ ഇടപെടുന്നില്ല. ആനുകൂല്യം ചോദിച്ചു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പിന്നാലെ പോയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവ പാലിക്കുകയാണ് എന്‍എസ്എസ് നിലപാട്. ശബരിമല ആചാരത്തില്‍ അന്നത്തെ സര്‍ക്കാര്‍ വീഴ്ച വരുത്തിയപ്പോഴാണ് എന്‍എസ്എസ് രംഗത്തിറങ്ങിയത്. ആളുകൂടുന്നതു കണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയെങ്കിലും അവര്‍ ഒന്നും ചെയ്തില്ല. കേന്ദ്രസര്‍ക്കാരിനു നിയമനിര്‍മാണം നടത്താമായിരുന്നെങ്കിലും ചെയ്തില്ല. കോടതിയില്‍ കേസ് നടത്തിയത് എന്‍എസ്എസാണ്.
വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്നും രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നുമുള്ള എന്‍എസ്എസിന്റെ ആവശ്യം അംഗീകരിച്ചതിനാലാണ് അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്. മന്ത്രി വി.എന്‍.വാസവന്‍ നേരിട്ടെത്തി ഉറപ്പുനല്‍കി. എന്‍എസ്എസ് നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കരുതിക്കൂട്ടി സൃഷ്ടിക്കുന്നതാണ്. മാന്യമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ ലാഭേച്ഛ കണ്ട് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.