ഫലസ്തീനികള്‍ക്ക് അറേബ്യന്‍ മണ്ടേല, ഇസ്രയേലിന് കൊടും ഭീകരന്‍; 14-ാം വയസ്സില്‍ തോക്കെടുത്തു; അറഫാത്തിന്റെ പിന്‍ഗാമിയാകുമെന്ന് പ്രവചനം; അഞ്ചുപേരെ കൊന്ന കേസില്‍ ഇരുപതുവര്‍ഷമായി ജയിലില്‍; ഹമാസ് നേതാക്കളേക്കാള്‍ ജനകീയന്‍; മര്‍വാന്‍ ബര്‍ഗൂതിയില്‍ തട്ടി ഗസ്സയുടെ സമാധാനം പോവുമോ?

മര്‍വാന്‍ ബര്‍ഗൂതിയില്‍ തട്ടി ഗസ്സയുടെ സമാധാനം പോവുമോ?

Update: 2025-10-09 16:24 GMT

ജറുസലേം: ഫലസ്തീനികള്‍ അയാളെ വിശേഷിപ്പിക്കുന്നത് അറേബ്യന്‍ മണ്ടേലയെന്ന്. ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത് കൊടും ഭീകരനെന്നും! ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍, ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ വിട്ടുകൊടുക്കേണ്ട തടവുകാരുടെ ലിസ്റ്റ്, മര്‍വാന്‍ ബര്‍ഗൂതി എന്ന 20 വര്‍ഷമായി ജയിലില്‍ കിടക്കുന്ന 67കാരനില്‍ തട്ടി നില്‍ക്കയാണ്. ബര്‍ഗൂതിയെ വിട്ടുകൊടുക്കണം എന്ന ഹമാസിന്റെ ആവശ്യം, ഇസ്രയേല്‍ അംഗീകരിച്ചുവെന്നും തള്ളിയെന്നുമുള്ള വ്യത്യസ്ത വാര്‍ത്തകള്‍ ഒരേ സമയം വരുന്നുണ്ട്.

ബര്‍ഗൂതിക്കൊപ്പം മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ഫലസ്തീന്‍ ദേശീയ സംഘടനയായ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ നേതാവ് അഹമ്മദ് സാദാത്ത്, ഹമാസിന്റെ മുതിര്‍ന്ന അംഗങ്ങളായ ഇബ്രാഹിം ഹമദ്, ഹസ്സന്‍ സലാമ എന്നിവരെയും മോചിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചതായാണ് അറബ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ തിരിച്ചാണ് പറയുന്നത്. ബര്‍ഗൂതിയെ മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബര്‍ഗൂതിയെ വിട്ടയക്കില്ലെന്ന് ചാനല്‍12 ഉം റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് സമാധാന ചര്‍ച്ചകള്‍ ഒരു വ്യക്തിയില്‍ മുട്ടിനില്‍ക്കയാണ്. ആരാണ്, അറേബ്യന്‍ മണ്ടേല. എന്താണ് അയാളുടെ പ്രസക്തി?

14ാം വയസ്സില്‍ തോക്കെടുത്തു

ഫലസ്തീനിലെ ഫത്ത പാര്‍ട്ടി നേതാവായ മര്‍വാന്‍ ബര്‍ഗൂതി കഴിഞ്ഞ 20 വര്‍ഷമായി ജയിലിലാണ്. എന്നിട്ടും അദ്ദേഹം ഫലസ്തീനില്‍ എറ്റവും സ്വാധീനമുള്ള നേതാവാണ്. 13, 14 വയസ്സുകളില്‍ തോക്ക് എടുക്കുന്ന ഫലസ്തീന്‍ കുട്ടികളുടെ അതേ അവസ്ഥയായിരുന്ന ബര്‍ഗൂതിയുടെയും. യാസിര്‍ അറഫാത്തിന്റെ പാര്‍ട്ടിയായ ഫത്തയുടെ യുവജന വിഭാഗമായ ഷാഹിബയുടെ സഹ സ്ഥാപകന്‍ കൂടിയായിരുന്ന അദ്ദേഹം 14ാം വയസ്സില്‍ തോക്കെടുത്ത് സമരമുഖത്തേക്ക് എടുത്തുചാടി. അന്ന് പിഎല്‍ഒയും ഫത്തയും തീവ്രവാദ പാതയിലായിരുന്നു.

15-ാം വയസ്സിലാണ് ആദ്യമായി അറസ്റ്റിലാവുന്നത്. തുടര്‍ന്ന് 18-ാം വയസ്സില്‍ വീണ്ടും ജയിലിലായി. പിടിയിലായ യുവാവിന് ക്രൂര മര്‍ദനമാണ് ഇസ്രയേല്‍ സൈനികരില്‍നിന്ന് ഉണ്ടായത്. നാഭിക്ക് തൊഴിച്ച് ബോധരഹിതനായിക്കിയതിനെകുറിച്ച് പിന്നീട് ബര്‍ഗൂതി എഴുതുകയുണ്ടായി. ജയിലില്‍വെച്ചാണ് ബര്‍ഗൂതി സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഹീബ്രു പഠിക്കുകയും ചെയ്തത്. ജയില്‍ മോചിതനായപ്പോഴും ഇദ്ദേഹം സമരം തുടര്‍ന്നു. നന്നായി സംസാരിക്കാനും കവിത ചൊല്ലാനും അറിയുന്ന ബര്‍ഗൂതിക്ക് എളുപ്പത്തില്‍ ജനങ്ങളെ കൈയിലെടുക്കാനും കഴിഞ്ഞു. 1989-ല്‍ ഫത്തയുടെ ആഭ്യന്തര പാര്‍ലമെന്റായ റെവല്യൂഷനറി കൗണ്‍സിലേക്ക് ബര്‍ഗൂതി തിരഞ്ഞെടുക്കപ്പെട്ടു. വളരെ പെട്ടെന്നുതന്നെ അറാഫത്ത് കഴിഞ്ഞാല്‍ രണ്ടാമന്‍ എന്ന നിലില്‍ ഈ നേതാവ് വളര്‍ന്നു. ഓസ്ലോ കരാര്‍ പ്രകാരം അഞ്ചുവര്‍ഷത്തിനുശേഷം അദ്ദേഹം ഫലസ്തീനിലേക്ക് മടങ്ങിയെത്തി. ശേഷം റാമല്ലയെ പ്രതിനിധീകരിച്ച് ഫലസ്തീന്‍ ലെജിസ്ളേറ്റീവ് കൗണ്‍സിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അറഫാത്തിന്റെ വഴിയെ ഇദ്ദേഹവും സമാധാന പ്രേമിയായി.

പക്ഷേ 2000ത്തില്‍ വീണ്ടും ഫലസ്തീന്‍ പ്രക്ഷുബ്ധമായി. ആ രണ്ടാം ഇംതിഫാദയിലാണ് അദ്ദേഹം തനി തീവ്രവാദിയായി മാറുന്നത് എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നത്. അതുവരെ താന്‍ ഒരു രാഷ്ട്രീയ നേതാവാണ് സൈനിക നേതാവല്ല എന്നായിരുന്നു ബര്‍ഗൂതിയുടെ നിലപാട്. ഇസ്രയേല്‍ ചെക്ക് പോസ്റ്റിലേക്ക് നടന്ന സമരം ഫലത്തില്‍ ഒരു ഭീകരാക്രമണമായി മാറുകയായിരുന്നു. അന്ന് അഞ്ച് ഇസ്രയേല്‍ സൈനികള്‍ മരിച്ച കുറ്റമാണ് ബര്‍ഗൂതിക്കുമേല്‍ ചുമത്തപ്പെട്ടത്. അതിനിടെ ഇസ്രയേലിന്റെ ഹിറ്റ്്ലിസ്റ്റിലും ഇയാള്‍ സ്ഥാനം പിടിച്ചു. 2001-ല്‍ ബര്‍ഗൂതിയെ തേടി മൊസാദ് വലവിരിച്ചെങ്കിലും അയാള്‍ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഈ ഒളിവ് ജീവിതം അധികകാലം നീണ്ടില്ല. 2002-ഇ റാമല്ലയില്‍വെച്ച് ബര്‍ഗൂതി പിടിയിലായി. തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ കിട്ടുന്നത്.



ജയിലില്‍ കിടക്കുമ്പോഴും പുറത്ത് ഫലസ്തീന്‍ ജനതയെ വലിയ തോതില്‍ സ്വാധീനിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു 2011-ലെ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷിലാറ്റിന്റെ മോചനത്തിന് ഇടായാക്കിയ തടവുകാരുടെ കൈമാറ്റത്തിന് ഇദ്ദേഹത്തിന്റെ പേരും, ഹമാസ് നിര്‍ദേശിച്ചുവെങ്കിലും ഇസ്രയേല്‍ അത് നിരസിച്ചു. യഹ്യ സിന്‍വറിനെ അന്ന് വിട്ടയച്ച ഇസ്രയേല്‍ പക്ഷേ ബര്‍ഗൂതിക്കുനേരെ വാതില്‍ തുറന്നില്ല. പിന്നീട് പല കാലങ്ങളില്‍ നടന്ന ചര്‍ച്ചകളിലെല്ലാം ബര്‍ഗൂതിയുടെ മോചനത്തിനായി ഹമാസ് നിര്‍ബന്ധം പിടിച്ചിരുന്നെങ്കിലും ഇസ്രായേല്‍ വിട്ടയച്ചിരുന്നില്ല. അന്നുമുതല്‍ ഇന്നുവരെ ഇദ്ദേഹം തടവറയിലാണ്. എങ്കിലും ഫലസ്തീനികളില്‍ ഇദ്ദേഹത്തിന്റെ ജനപ്രീതിക്ക് കുറവൊന്നും വന്നിട്ടില്ല എന്നാണ് അല്‍ ജസീറയടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.

ഭീകരനെന്ന് ഇസ്രയേല്‍

പക്ഷേ ബര്‍ഗൂതിയെ മണ്ടേലയെന്ന് വിളിക്കുന്നത് ബാലിശമാണെന്നും, യഹൂദരുടെ സമ്പുര്‍ണ്ണ നാശം ലക്ഷ്യം വെച്ചുള്ള ജിഹാദി ഭീകരതയാണ് ഇദ്ദേഹം നടത്തുന്നത് എന്നുമാണ് ഇസ്രയേല്‍ പറയുന്നത്. മണ്ടേല അക്രമരാഹിത്യത്തിലാണ് വിശ്വസിക്കുന്നതെങ്കില്‍, ജൂത ഉന്‍മുലനത്തിലാണ് ബര്‍ഗൂതി വിശ്വസിക്കുന്നത് എന്നാണ് ജറുസലേം പോസ്റ്റ് പത്രം എഴുതിയത്. മാത്രമല്ല യുദ്ധാന്തര ഫലസ്തീന്‍ നേതൃത്വം ബര്‍ഗൂതിയുടെ കൈയിലേക്ക് പോവുകയാണെങ്കില്‍ അത് ദുരന്തമാവുമെന്ന് ഇസ്രയേല്‍ സംശയിക്കുന്നു. ഇപ്പോള്‍ വെസ്റ്റ്ബാങ്ക് ഭരിക്കുന്ന ഫലസ്തീന്‍ അതോരിറ്റി നേതാവ്, മഹമൂദ് അബ്ബാസ് മിതവാദിയാണ്. ഹമാസിനെ അദ്ദേഹം അതിശക്തമായി എതിര്‍ക്കുന്നു. ഹമാസിനെ നായിന്റെ മക്കള്‍ എന്നാണ് മഹമൂദ് അബ്ബാസ് വിളിച്ചത്.

പക്ഷേ ഹമാസ് നേതൃത്വത്തോട് ഒട്ടിനില്‍ക്കുന്ന ആളാണ് ബര്‍ഗൂതി. പുറമേക്ക് മിതവാദിയായി അദ്ദേഹം അഭിനയിക്കയാണെന്നാണ് ഇസ്രയാല്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ബര്‍ഗൂതിയെ പുറത്തുവിട്ടാല്‍ അദ്ദേഹം മഹമൂദ് അബ്ബാസിനെ അട്ടിമറിക്കാന്‍ ഇടയുണ്ട്. ഇത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാവുമെന്ന് ഇസ്രയേല്‍ കരുതുന്നു. മാത്രമല്ല വര്‍ഷങ്ങളുടെ കുടിപ്പകയുണ്ട് മഹമൂദ് അബ്ബാസും, ബര്‍ഗൂതിയും തമ്മില്‍. യാസര്‍ അറഫാത്തിന്റെ മരണശേഷം ബര്‍ഗൂതിയെ അട്ടിമറിച്ചാണ്, നേതൃത്വം അബ്ബാസിന്റെ കൈകളിലേക്ക് നീങ്ങിയത് എന്നാണ് പറയുന്നത്. പക്ഷേ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇപ്പോഴും ഹീറോ പരിവേഷമുള്ള നേതാവ് തന്നെയാണ് ബര്‍ഗൂതി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫലസ്തീന്‍ പ്രസിഡന്റായി ആര് വരണമെന്ന് 2016-ല്‍ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഒരു സര്‍വേ നടന്നപ്പോള്‍ അതില്‍ ഭൂരിഭാഗംപേരും നിര്‍ദേശിച്ചത്, ബര്‍ഗുതിയുടെ പേരാണ്.



ഇത്തവണയും വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഇസ്രയേല്‍ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയില്‍ ബര്‍ഗൂതിയുടെ പേര് ഹമാസ് നല്‍കിയിരുന്നു. അത് അംഗീകരിക്കാന്‍ ഇസ്രയേല്‍ ഏറെ ആലോചിക്കുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. മറ്റൊരു യഹിയ സിന്‍വര്‍ വളര്‍ന്നുവരുമെന്ന ഭീതിയിലാണ് ഇസ്രയേല്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്.

Tags:    

Similar News