അമ്മയുടെ ഫോണുമായി സ്‌കൂളില്‍ എത്തി; അധ്യാപകര്‍ പിടിച്ചതോടെ അച്ഛനോട് വരാന്‍ നിര്‍ദ്ദേശിച്ചു; രക്ഷിതാവ് സ്‌കൂളില്‍ എത്തും മുമ്പേ സൈക്കിളുമായി കുട്ടി യാത്ര തുടങ്ങി; കൂട്ടുകാരിയുടെ വീട്ടില്‍ നിന്നിറങ്ങി അപ്രത്യക്ഷമായി; കൊച്ചിയുടെ കരുതല്‍ ആ കുട്ടിയെ സുരക്ഷിത കരങ്ങളില്‍ വീണ്ടും എത്തിച്ചു; നന്ദി ജോര്‍ജ് ജോയി.....; പന്ത്രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത് ഇങ്ങനെ

Update: 2025-02-19 01:05 GMT

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്ന വഴി കാണാതായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത് കൊച്ചി നഗത്തിന്റെ ഒന്നടങ്കമുള്ള കരുതലില്‍. നാടും നാട്ടുകാരുമെല്ലാം കുട്ടിയെ തേടി ഇറങ്ങി. വടുതല സ്വദേശിനിയായ പന്ത്രണ്ടുകാരിയെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായത്. കൊച്ചി സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. കുട്ടിയെ കാണാതായതിനേ തുടര്‍ന്ന് രക്ഷിതാക്കള്‍ എളമക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സമീപവാസിയായ ജോര്‍ജ് ജോയി എന്ന യുവാവാണ് കുട്ടിയെ പാലത്തില്‍ വച്ച് ആദ്യം കണ്ടത്. ഉടന്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടി സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വരുന്നത് കണ്ടതായി ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. കുട്ടി സ്‌കൂള്‍ വിട്ട് യൂണിഫോമില്‍ സൈക്കിള്‍ ചവിട്ടി വീട്ടിലേക്കു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. പച്ചാളം കാട്ടുങ്കല്‍ അമ്പല പരിസരം വരെയുള്ള ദൃശ്യങ്ങളിലാണ് വിദ്യാര്‍ഥിയെ കണ്ടത്. അതിനുശേഷം കാണാതാകുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് വല്ലാര്‍പാടത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്. അമ്മയുടെ ഫോണുമായി കുട്ടി സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇതേക്കുറിച്ച് ചോദിക്കുകയും ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തില്‍ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും ഒപ്പംകൂട്ടിയായിരുന്നു തിരച്ചില്‍ നടത്തിയത്.

'ആശ്വാസം. മോള്‍ നാലരയ്ക്ക് എത്തേണ്ടതാണ്. എന്റെ ഫോണ്‍ കൊണ്ടു പോയതാണ്. സ്‌കൂള്‍ അധികൃതര്‍ അത് കണ്ടെടുത്ത ശേഷം അവിടെ നിന്ന് വിളിച്ചിരുന്നു. മാതാപിതാക്കള്‍ വരണമെന്ന് പറഞ്ഞു. ഫോണ്‍ ടീച്ചറുടെ പക്കല്‍ ഇരിക്കട്ടെ എന്നു പറഞ്ഞു. ഇതിന്റെ വിഷമത്തിലായിരിക്കാം മോള്‍ വീട്ടിലേക്ക് വരാതിരുന്നത്.'-അമ്മ പ്രതികരിച്ചത് ഇങ്ങനെയാണ്. കുട്ടിയെ കാണാതായ വാര്‍ത്ത എല്ലായിടത്തും എത്തിയതാണ് കുട്ടിയെ കണ്ടെത്താന്‍ തുണയായത്. 'കുട്ടിയെ കാണാതായ വിവരം ടിവിയില്‍ കണ്ടത് വീട്ടില്‍ നിന്ന് അമ്മ വിളിച്ചു പറഞ്ഞു. തിരിച്ചു വരുന്ന വഴിയാണ് കുട്ടി അവിടെ നിന്ന് സൈക്കിള്‍ ചവിട്ടി വരുന്നത് കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയോട് സംസാരിച്ചു കൊണ്ടിരുന്നു. കുട്ടിയുടെ അമ്മയുടെ വീട് നായരമ്പലത്താണ്, അവിടേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. ആകെ വിഷമത്തിലായിരുന്നു.' ജോര്‍ജ് പറഞ്ഞു.

കൈവശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസും. ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അച്ഛന്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പെ കുട്ടി സ്‌കൂള്‍ വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീട് പൊറ്റക്കുഴിയിലുളളള സുഹൃത്തിന്റെ വീട്ടിലേക്ക് കുട്ടി പോയി. അവിടെ നിന്ന് ഇറങ്ങിയ കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.

ജില്ലയിലാകെ വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും കുട്ടിയുടെ സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടി നായരമ്പലം വരെ പോയെന്നാണ് പറയുന്നത്. കുട്ടി വലിയ വിഷമത്തിലായിരുന്നുവെന്ന് കുട്ടിയെ കണ്ടെത്തിയ ജോര്‍ജ് പറയുന്നു. കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വീട്ടില്‍ നിന്ന് അമ്മയും ഇങ്ങനെയൊരു കുട്ടിയെ കാണാതായെന്ന് വിളിച്ചു പറഞ്ഞിരുന്നതായി ജോര്‍ജ് പറയുന്നു. പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ സംശംയം തോന്നിയാണ് പിടിച്ചുനിര്‍ത്തിയതെന്ന് ജോര്‍ജ് പറഞ്ഞു. ടെര്‍മിനല്‍ ഡ്രൈവറായ ഞാറയ്ക്കല്‍ സ്വദേശി ജോര്‍ജു ജോയിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.

പാലത്തിന് സമീപത്ത് കുട്ടിയെ കണ്ടതോടെ തടഞ്ഞുനിറുത്തി സംസാരിച്ചശേഷം മുളവുകാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടെ മാതാവും പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു. സാധാരണ മടങ്ങിയെത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതോടെ രക്ഷിതാക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. പിന്നീട് എളമക്കര പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ യൂണിഫോമും ബാഗും ധരിച്ച് സൈക്കിളില്‍ കുട്ടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സ്‌കൂള്‍ വിട്ട് കുട്ടി സൈക്കിളില്‍ വരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

Similar News