അതിരപ്പിള്ളിയിലെ കൊമ്പൻ ക്ഷീണിതൻ തന്നെ; ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെ; ആഹാരം എടുക്കാനും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു; തുമ്പികൈയിലേക്കും മുറിവ് വ്യാപിക്കുമെന്ന് ആശങ്ക; ആന സാധരണനിലയിലേക്ക് മടങ്ങിയെത്താൻ ദിവസങ്ങളെടുക്കും; പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ
കോടനാട്: തൃശൂർ അതിരപ്പിള്ളിയിലാണ് മസ്തകത്തിൽ പരിക്കേറ്റ ആനയെ കണ്ടെത്തിയത്. ഒടുവിൽ ഏറെ നാളെത്തെ ദൗത്യത്തിന് ശേഷമാണ് ആനയെ മയക്കുവെടിവെച്ച് ചികിത്സാ ദൗത്യത്തിലേക്ക് കൊണ്ടുപോയത്. ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ആനയ്ക്ക് ചികിത്സാ നൽകുന്നത്. മൂന്ന് കുങ്കിയാനകളെ എത്തിച്ചാണ് ആനയെ ഒടുവിൽ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നത്. ഇപ്പോഴിതാ, ആനയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്.
മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണെന്നും തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചതായും ഡോക്ടർമാർ പറയുന്നു . അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. അപകടനില തരണം ചെയ്തിട്ടില്ലെന്നും അധികൃതർ പറയുന്നു.
അഭയാരണ്യത്തിൽ രണ്ടുമാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിരുന്നെങ്കിലും തുമ്പികൈ ഉപയോഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മുറിവിലേക്ക് ആനയിപ്പോഴും മണ്ണെടുത്ത് പൊത്തുന്നുണ്ട്. അതുക്കൊണ്ട് തന്നെ മുറിവ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടത് പരിഗണിച്ച് മുഴുവൻ സമയവും നിരീക്ഷണത്തിന് ബന്ധപ്പെട്ടവർ പ്രദേശത്ത് തന്നെ ഉണ്ട്. കൃത്യമായ പരിചരണത്തലൂടെ ആന സാധരണനിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം,ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കും.
വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. കൊമ്പന്റെ ഒപ്പമുണ്ടായിരുന്ന ഏഴാമുറ്റം ഗണപതി എന്ന മറ്റൊരു കൊമ്പന്‍ ഇതിനെ മറിച്ചിട്ടിരുന്നു. ഏഴാമുറ്റം ഗണപതിയെ വെടിപൊട്ടിച്ച് ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചത്. ഇത് വിജയകരമായി. കൊമ്പനെ രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേല്‍പ്പിക്കാനായി. തുടര്‍ന്നാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റിയത്.
ആരോഗ്യം വീണ്ടെടുത്ത ആന തലയും ചെവിയും ചെറുതായി ഇളക്കി അനുസരണയോടെ ലോറിയില്‍ നില്‍ക്കുന്നതിനാല്‍ വലിയ പ്രതീക്ഷയിലാണ് ദൗത്യ സംഘം. അതിരപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരെയുള്ള അഭയാരണ്യത്തിലേക്ക് പതുക്കെ മാത്രമേ ആനയുമായി പോകാനാകൂ. ഒരു മണിക്കൂറിനകം അവിടെ എത്തിക്കാനാണു വനംവകുപ്പിന്റെ ശ്രമം. വെടിയേല്‍ക്കും മുന്‍പ് കൂടെയുണ്ടായിരുന്ന ഏഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കാട്ടാനയാണ് ഈ കൊമ്പനെ കുത്തിയിരുന്നു. ഇതാണു കൊമ്പന്‍ പെട്ടെന്നു വീഴാന്‍ കാരണം. വെടിവച്ച് ഭയപ്പെടുത്തിയാണു ഗണപതിയെ തുരത്തിയത്. ആനയെ ചികിത്സിക്കുന്നതിനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി ഇന്നു രാവിലെയാണ് ദൗത്യം തുടങ്ങിയത്. വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോള്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വെടിവയ്ക്കുകയായിരുന്നു.
ആന എഴുന്നേറ്റ ഉടനെ പെട്ടെന്ന് തന്നെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള നിര്‍ണായക ദൗത്യം പൂര്‍ത്തിയാക്കി. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷമാണ് ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റിയത്. കൊമ്പന്റെ മസ്തകത്തിലെ മുറിവ് മൂലമുള്ള വേദന കുറയ്ക്കുന്നതിനാണു പ്രഥമ പരിഗണന. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. അഭയാരണ്യത്തില്‍ പുതിയ കൂടാണ് ഒരുക്കിയത്. മുന്‍പുണ്ടായിരുന്ന കൂടിന് കാര്യമായ ബലക്ഷയം ഉണ്ടായിരുന്നില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി പുതിയ കൂട് നിര്‍മിക്കാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. മൂന്നാറില്‍നിന്ന് യൂക്കാലിപ്റ്റസ് തടികള്‍ കൊണ്ടുവന്ന് കൂട് നിര്‍മാണം നടത്തി. മുന്‍പ് അരിക്കൊമ്പനു വേണ്ടി നിര്‍മിച്ച കൂട് പൊളിച്ചുനീക്കി അതേ സ്ഥാനത്താണ് പുതിയ കൂട് നിര്‍മിച്ചത്.
അഭയാരണ്യത്തിലെ ആനകളെയും ജെ.സി.ബി.യും ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന കൂടിന്റെ ബലപരിശോധന നടത്തിയെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കൂട് നിര്‍മ്മിച്ചത്. വയനാട് നിന്നുള്ള വനംവകുപ്പിന്റെ ദ്രുതകര്‍മ സേനാംഗങ്ങളായ ആറുപേരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. അഭയാരണ്യത്തിലെ ജീവനക്കാര്‍ സഹായത്തിനുണ്ടായിരുന്നു.