പിടിക്കപ്പെടാതിരിക്കാന്‍ ഏജന്റുമാരെ നിയോഗിച്ച് കൈക്കൂലി വാങ്ങി; വീട്ടില്‍ വിലകൂടിയ വിദേശ മദ്യശേഖരം; റബ്ബര്‍ ബാന്റിട്ട് കെട്ടിയ നിലയില്‍ പണം; കൈക്കൂലിക്കേസില്‍ പിടിയിലായ ആര്‍.ടി.ഒ ജെയ്‌സന്റെ ബാങ്ക് അക്കൗണ്ട് അടക്കം പരിശോധിക്കും; അന്വേഷണം തുടരുന്നു

ബസിന്റെ താത്കാലിക പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി

Update: 2025-02-20 13:45 GMT

കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ പിടിയിലായ എറണാകുളം ആര്‍ടിഒ ജെര്‍സന് 80 ലക്ഷത്തിന്റെ നിക്ഷേപം. വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായും വീട്ടില്‍ പതിനഞ്ച് മണിക്കൂറിലേറെ നീണ്ട റെയ്ഡില്‍ കണ്ടെത്തി. കൈക്കൂലി പിരിച്ചെടുക്കാന്‍ ആര്‍ടിഒ ഇടനിലക്കാരെയും നിയോഗിച്ചിരുന്നതായി വിജിലന്‍സ് എസ്പി എസ്. ശശിധരന്‍ പറഞ്ഞു. ആര്‍ടിഒയ്‌ക്കെതിരെ പൊലീസ് അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു.

ചെറുതും വലുതുമായും പൊട്ടിച്ചതും പൊട്ടിക്കാത്തതുമായ 76 വിദേശ നിര്‍മിത മദ്യകുപ്പികളാണ് വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഇതിന് പുറമെ നൂറിലേറെ കാലിക്കുപ്പികള്‍ വേറെ. വിവിധ ബാങ്കുകളില്‍ ഭാര്യയുടെയും മക്കളുടെയും പേരില്‍ 80 ലക്ഷത്തിന്റെ നിക്ഷേപം. ചുരുട്ടി റബര്‍ബാന്‍ഡിട്ട് കെട്ടിയ നോട്ടുകള്‍ മൂന്ന് കവറുകളില്‍. ഇങ്ങനെ കണ്ടെത്തിയത് 64000 രൂപ. ആര്‍ടിഒ ടി.എം ജെര്‍സന്റെ എളമക്കരയിലെ വീട്ടില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ജെര്‍സന്റെ കൈക്കൂലിയിടപാടുകളെന്ന് വ്യക്തമാക്കുന്ന ധനസമ്പാദനത്തിന്റെ കണക്കുകള്‍.

പിടിച്ചെടുത്ത മദ്യം വിജിലന്‍സ് എളമക്കര പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു. ലൈസന്‍സില്ലാതെ അനുവദനീയമായതില്‍ കൂടുതല്‍ മദ്യം വീട്ടില്‍ സൂക്ഷിച്ചതിനാണ് കേസ്. പിടികൂടിയ കുപ്പികളില്‍ ചുരുങ്ങിയത് 100 ലിറ്ററെങ്കിലും മദ്യമുണ്ട്. ഏജന്റുമാരില്‍ നിന്ന് പണം പിരിക്കാന്‍ ജെര്‍സന്‍ നിയോഗിച്ച ഇടനിലക്കാരനാണ് പിടിയിലായ ഏജന്റ് സജി. താത്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ഇരുപതിനായിരം രൂപയും ഒരു കുപ്പി മദ്യവുമാണ് ജെര്‍സന്‍ സജി വഴി കൈക്കൂലിയായി വാങ്ങിയത്.

മുന്‍പും നിരവധിതവണ ജെര്‍സന്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ബോധ്യമായിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ ഏജന്റുമാരെ നിയോഗിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങിയിരുന്നത്.


 



ഫോര്‍ട്ട്കൊച്ചി - ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ താത്കാലിക പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍.ടി.ഒ പിടിയിലായത്. കൈക്കൂലിയായി 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റ് സജിയെയും രാമ പടിയാറിനെയും ബുധനാഴ്ച ഉച്ചയ്ക്ക് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍വെച്ച് വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആര്‍.ടി.ഒ. ജെര്‍സനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരന്റെ സുഹൃത്തിന്റെ പേരിലുള്ള പ്രൈവറ്റ് ബസിന്റെ റൂട്ട് പെര്‍മിറ്റ് കഴിഞ്ഞ മൂന്നിന് അവസാനിച്ചിരുന്നു. ഇതേ ബസ്സുടമയുടെ മറ്റൊരു ബസിന് പെര്‍മിറ്റ് അനുവദിക്കുന്നതിന് ആര്‍.ടി. ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ആര്‍.ടി.ഒ. ജെര്‍സന്‍ ആറാം തീയതി വരെ താത്കാലിക പെര്‍മിറ്റ് അനുവദിച്ചു. ശേഷം പെര്‍മിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു.

പിന്നീട് ജെര്‍സന്റെ നിര്‍ദേശപ്രകാരം ഏജന്റായ രാമ പടിയാര്‍ പരാതിക്കാരനെ സമീപിച്ചു. പെര്‍മിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കൈയില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആര്‍.ടി.ഒ. ജെര്‍സന്‍ പറഞ്ഞതായി അറിയിച്ചു. പരാതിക്കാരന്‍ ഇത് വിജിലന്‍സിനെ അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍ വെച്ച് പരാതിക്കാരനില്‍നിന്ന് സജി 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഏജന്റായ രാമ പടിയാരെയും പിടികൂടി. തുടര്‍ന്ന് ഏജന്റുമാരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആര്‍.ടി.ഒ. ജെര്‍സനെ അറസ്റ്റ് ചെയ്തത്.

ജെര്‍സന്റെ ഇടപ്പള്ളിയിലുള്ള വീട്ടില്‍ നടന്ന പരിശോധനയില്‍ 49 കുപ്പി വിദേശമദ്യവും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിജിലന്‍സ് അറിയിക്കുന്നത്.

Tags:    

Similar News