യുജിസി കരട് ബില്ലനെതിരായ സര്‍ക്കാര്‍ കണ്‍വെന്‍ഷന് വിസിമാര്‍ എത്തിയില്ല; ഗവര്‍ണര്‍ ഭയത്തില്‍ വിട്ടുനില്‍ക്കല്‍; കേന്ദ്രത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; കേരളത്തിലും രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പിണറായി; രാജ്ഭവനും സെക്രട്ടറിയേറ്റും വീണ്ടും ഉരസലിലേക്കോ?
തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കണ്‍വെന്‍ഷനില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തില്ല. ഗവര്‍ണര്‍ ഭയത്തിലാണ് ഈ വിട്ടു നില്‍ക്കല്‍. കണ്‍വെന്‍ഷനിലെ ചെലവുകള്‍ യൂണിവേഴ്‌സിറ്റുകള്‍ വഹിക്കണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിനെ ഗവര്‍ണര്‍ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍മാരുടെ മാറി നില്‍ക്കല്‍. കേരളത്തിന്റെ കണ്‍വെന്‍ഷനില്‍ തെലങ്കാന ഉപമുഖ്യമന്ത്രി, കര്‍ണാടക, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ അടക്കം പരിപാടിയില്‍ പങ്കെടുത്തു.
യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു. ഗവര്‍ണറായി രാജേന്ദ്ര അര്‍ലേര്‍ക്കര്‍ എത്തിയ ശേഷം രാജ്ഭവനും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. അതിന് വിള്ളലുണ്ടാക്കുന്നതാണ് ഈ കണ്‍വെന്‍ഷന്‍. കേരളത്തിലെ ഗവര്‍ണറും രാഷ്ട്രീയം കളിക്കുന്നുവെന്ന് പിണറായി യോഗത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇതിനോട് ഗവര്‍ണര്‍ പ്രതികരിക്കുമോ എന്നത് നിര്‍ണ്ണായകമാണ്.
യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാന്‍ ചാന്‍സിലര്‍ക്ക് അധികാരം നല്‍കുന്നതാണ്. നിയമസഭകളുട അധികാരത്തെയാണ് വെല്ലുവിളിക്കുന്നത്. ഗവര്‍ണര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാന്‍ വൈകുകയാണ്. രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണ്.കേരളത്തിലും സമാന സ്ഥിതിയാണ്. ഗവര്‍ണര്‍മാര്‍ ചാന്‍സിലര്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണ്. കരട് നിര്‍ദേശത്തില്‍ തിരുത്തല്‍ വേണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കാനാണ് നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുജിസി കരട് നിര്‍ദേശങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും പിണറായി പറഞ്ഞു. ''സേര്‍ച് കമ്മിറ്റികളില്‍ പിടിമുറുക്കി, വൈസ് ചാന്‍സലര്‍ നിയമനം ചാന്‍സലറുടെ പൂര്‍ണ നിയന്ത്രണത്തില്‍ ആക്കുന്നതോടെ രാഷ്ട്രീയ ഇടപെടല്‍ ശക്തമാകും. മിക്ക സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണര്‍മാര്‍ ആയതിനാല്‍ ഗവര്‍ണറെ നിയമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവും വൈസ് ചാന്‍സലര്‍ നിയമനത്തിലെ പൂര്‍ണ അധികാരം. സംസ്ഥാനങ്ങളെ പൂര്‍ണമായി ഒഴിവാക്കാനാണ് യുജിസി നീക്കം. അക്കാദമിക് പ്രാവീണ്യമില്ലാത്തവരെയും വൈസ് ചാന്‍സലര്‍മാരായി നിയമിക്കാമെന്ന കരട് നിര്‍ദേശം ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം തകര്‍ക്കും.'' മുഖ്യമന്ത്രി പറഞ്ഞു.
''പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ ഐസിഎച്ച്ആര്‍ വരെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നിയമനം നടക്കുന്നതു നമ്മള്‍ കണ്ടതാണ്. ഇത്തരത്തിലുള്ള നീക്കം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാകുന്നതു തടയാനുള്ള ബില്‍ നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ അതു തടഞ്ഞുവച്ചു. അതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭകളുടെ അവകാശം പോലും കവര്‍ന്നെടുക്കുകയാണ്. പുതിയ കരട് നിര്‍ദേശത്തില്‍ അസി. പ്രഫസര്‍ നിയമനം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങള്‍ക്കു വച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കേണ്ടതാണ്.'' മുഖ്യമന്ത്രി പറഞ്ഞു.
കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുകയാണെന്നും യുജിസി ഭരണഘടനക്കുള്ളില്‍ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരുകള്‍ സര്‍വകലാശാലകളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ് വേണ്ടത്. നിയന്ത്രിക്കുകയല്ല വേണ്ടത്. അക്കാദമിക സമൂഹമാണ് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ നടത്തേണ്ടത്. യുജിസി കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായും നീങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
എംഎല്‍എമാര്‍, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജന്‍സികളുടെ മേധാവികളും വിവിധ സര്‍വ്വകലാശാലാ നേതൃത്വങ്ങളും അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും അനധ്യാപക ജീവനക്കാരും ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ ഉണ്ട്.