രേഖ ഗുപ്ത ഇനി രാജ്യതലസ്ഥാനത്തിന്റെ അമരക്കാരി; പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ; രാംലീല മൈതാനിയില്‍ ചടങ്ങിന് സാക്ഷ്യം വഹിച്ച് മോദിയടക്കം നേതാക്കളും

രേഖ ഗുപ്ത ഇനി രാജ്യതലസ്ഥാനത്തിന്റെ അമരക്കാരി

Update: 2025-02-20 07:45 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി. ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മുഖ്യമന്ത്രിക്ക് ഒപ്പം പര്‍വേഷ് വര്‍മ, ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിങ്, രവീന്ദ്ര ഇന്ദാര്‍ജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷാലിമാര്‍ ബാഗ് മണ്ഡലം പിടിച്ചെടുത്ത് അധികാരത്തിലേറിയ രേഖ ശര്‍മ. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ, അടക്കം കേന്ദ്രമന്ത്രിമാരും വിവിധ എന്‍ഡിഎ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. വേദിയില്‍ വിവിധ മത ആചാര്യന്മാര്‍ക്കും പൗര പ്രമുഖര്‍ക്കും പ്രത്യേക ഇടം ഒരുക്കിയിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ അമ്പതിലധികം സിനിമാ താരങ്ങളും വ്യവസായികളും പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി കൈലാഷ് ഖേര്‍ സംഗീത പരിപാടിയും അവതരിപ്പിച്ചു. ഡല്‍ഹിയിലെ നാലാമത്തേയും ബിജെപിയുടെ രണ്ടാമത്തേയും വനിതാ മുഖ്യമന്ത്രിയുമാണ് രേഖ ഗുപ്ത.

ഉപമുഖ്യമന്ത്രിയായി പര്‍വേശ് വര്‍മയും മന്ത്രിമാരായി ബിജെപി എംഎല്‍എമാരായ ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, രവീന്ദര്‍ ഇന്ദ്രജ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവരും സ്ഥാനമേറ്റു. 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിനെത്തി.

ബുധനാഴ്ച ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗമാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായും പര്‍വേശ് വര്‍മയെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തത്.

അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തത്. ബിജെപി മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ വനിതാ നേതാവിനെ ബിജെപി ഡല്‍ഹി ഭരിക്കാനേല്‍പ്പിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണെന്നാണ് വിലയിരുത്തല്‍.

എബിവിപിയുടെ തീപ്പൊരി നേതാവായിരുന്നു ഹരിയാനയില്‍ ജനിച്ച രേഖ ഗുപ്ത. നേരത്തെ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി പദവിയും അലങ്കരിച്ചു. 2007 ല്‍ ആദ്യമായി ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി. 2012 ലും 2022 ലും ജയം ആവര്‍ത്തിച്ചു. ബിജെപിയിലും മഹിള മോര്‍ച്ചയിലും വിവിധ പദവികള്‍ വഹിച്ചു.

27 വര്‍ഷത്തിനിപ്പുറം ഡല്‍ഹിയില്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയായി വനിതയെ തന്നെ തിരഞ്ഞെടുത്തതിലൂടെ ഡല്‍ഹിക്കപ്പുറമുള്ള രാഷ്ട്രീയം കൂടിയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ ശക്തമായ വോട്ട് അടിത്തറയുള്ള ബനിയ വിഭാഗത്തില്‍പെട്ട നേതാവാണ് രേഖ ഗുപ്ത. ഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ബനിയ വിഭാഗം ശക്തമാണ് എന്നതിനാല്‍ ബി.ജെ.പിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ തീരുമാനമാണ് രേഖ ഗുപ്തയുടെ മുഖ്യമന്ത്രി പദമെന്നാണ് വിലയിരുത്തല്‍.

വിധി നിര്‍ണയിച്ച വനിതാ വോട്ട് ബാങ്ക്

ഡല്‍ഹിയിലെ വനിതാ വോട്ടര്‍മാരാണ് ഏതു പാര്‍ട്ടിയുടെയും എക്കാലത്തെയും ശക്തി. അത് കൃത്യമായി വിനിയോഗിച്ചാണ് കഴിഞ്ഞ മൂന്ന് തവണയും കേജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങവെ കേജ്രിവാള്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളില്‍ 75 ശതമാനവും ഈ വനിതാ വോട്ട് ബാങ്ക് ലക്ഷ്യം വച്ചിട്ടുള്ളതായിരുന്നു. ഈ വോട്ട് ബാങ്ക് ഇക്കുറി ഡല്‍ഹിയില്‍ ബിജെപിക്ക് അനുകൂലമായി. അത് തുടര്‍ന്നുകൊണ്ടു പോകണമെങ്കില്‍ ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി തന്നെ വേണം. ഇതോടെയായിരുന്നു രേഖ ഗുപ്ത എന്ന പേരിലേക്ക് നേതൃത്വം എത്തിയത്.

അതിഷിക്ക് മറുപടി

ഹരിയാനയില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നായിബ് സിങ് സെയ്‌നിക്കാണ് ബിജെപി വീണ്ടും അവസരം നല്‍കിയത്. ജാട്ടിതര വോട്ട് ബാങ്ക് കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയ ബിജെപി മിന്നുന്ന വിജയവും അവിടെ നേടി. ഇതോടെ ഡല്‍ഹി മുഖ്യമന്ത്രിയായി ജാട്ട് വിഭാഗത്തില്‍ നിന്നുള്ള പര്‍വേഷ് വര്‍മയ്ക്ക് സാധ്യതയേറി. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍, ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്രിവാളിനെ മലത്തിയടിച്ച മികവെല്ലാം ഒത്തുചേര്‍ന്നെങ്കിലും രേഖ ഗുപ്തയിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

രേഖ ഗുപ്തയെന്ന പേരിലേക്ക് ബിജെപി എത്താന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കേജ്രിവാളും സിസോദിയയും തോറ്റതോടെ പ്രതിപക്ഷ നേതാവായി അതിഷിയായിരിക്കും ഡല്‍ഹി നിയമസഭയില്‍ ഇനി എഎപിയെ നയിക്കുക. സഭയില്‍ അതിഷിയുടെ വാക്കുകള്‍ക്ക് മറുപടി പറയേണ്ടത് മറ്റൊരു വനിത ആയിരിക്കണം. ഇതോടെയാണ് രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നത്. പര്‍വേഷിന്റെ നേതൃത്വ മികവ് കണക്കിലെടുത്ത് അദ്ദേഹത്തിന് ഉപമുഖ്യന്ത്രി പദവും നല്‍കി.

ഒടുവില്‍ മോദി പറഞ്ഞു

ഇന്നലെ വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന 5 പേരുടെ വീടുകള്‍ക്ക് കനത്ത കാവലാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരുന്നത്. ബിജെപി നേതൃത്വത്തിന് ഒരു പേരിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല എന്നതിന്റെ തെളിവു കൂടിയായിരുന്നു ഈ മുന്‍കരുതല്‍. നിയമസഭയിലേക്ക് മത്സരിക്കാതിരുന്ന സ്മൃതി ഇറാനി, സുഷമയുടെ മകള്‍ ബാന്‍സുരി എന്നിവരുടെ പേരും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇവരെ സുരക്ഷിത സീറ്റില്‍ നിര്‍ത്തി വിജയിപ്പിക്കാന്‍ ആകുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ടായിരുന്നു. ഇതോടെയാണ് രേഖയ്ക്കു നറുക്ക് വീണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രേഖ ഗുപ്തയുടെ പേരിലേക്ക് എത്തണമെന്നു നിര്‍ദേശിച്ചതെന്നും വിവരമുണ്ട്.

Similar News