സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകന്‍ ശകാരിച്ചു; റെയില്‍വേ പാളത്തിലൂടെ ഓടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി: പിന്നാലെ ഓടി രക്ഷപ്പെടുത്തി പോലിസ്

സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകന്‍ ശകാരിച്ചു; റെയില്‍വേ പാളത്തിലൂടെ ഓടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി: പിന്നാലെ ഓടി രക്ഷപ്പെടുത്തി പോലിസ്

Update: 2025-08-30 01:26 GMT

വടകര: സ്‌കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപകന്‍ ശകാരിച്ചതിന് റെയില്‍വേ പാളത്തിലൂടെ ഓടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്ടു വിദ്യാര്‍ഥിക്കാണ് പോലിസിന്റെ സമയോചിത ഇടപെടലില്‍ ജീവന്‍ തിരികെ കിട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകര്‍ ഇടപെടുകയും കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രകോപനമായത്.

സ്‌കൂളില്‍നിന്ന് ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥി കൂട്ടുകാരെ ഫോണില്‍വിളിച്ച് ആത്മഹത്യചെയ്യുകയാണെന്ന് പറഞ്ഞു. ഇതോടെ ഭയന്നു പോയ കൂട്ടുകാര്‍ അധ്യാപകരോട് കാര്യം പറഞ്ഞു. അധ്യാപകര്‍ ഉടന്‍ വടകര പോലീസിലും വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണുള്ളതെന്ന് കണ്ടെത്തി. പോലീസ് തിരച്ചിലില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. ട്രെയിന്‍ വരാറായെന്നും പാളത്തില്‍ നിന്നു മാറണമെന്നും പറഞ്ഞ് പോലിസുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പോലീസ് അടുത്തേക്കു ചെന്നപ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് പാളത്തിലൂടെ ഓടി. പിന്നാലെ പോലീസും ഓടി. തുടര്‍ന്ന് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞ് അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ആശ്വാസമായി.

പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരോടൊപ്പം വിട്ടു. വടകര എസ്‌ഐ എം.കെ. രഞ്ജിത്ത്, എഎസ്‌ഐ ഗണേശന്‍, സിപിഒ സജീവന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News