അടിമുടി ദുരുഹത നിറഞ്ഞ വീട്; രാത്രികാലങ്ങളില്‍ താമസക്കാരെ കാണാന്‍ അപരിചിതര്‍ വന്നു പോകുന്നു; വീട് വാടകയ്‌ക്കെടുത്തയാള്‍ മുമ്പും സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു; വീട്ടില്‍ നിന്നും പൊട്ടാത്ത ബോംബും കണ്ടെത്തി; കണ്ണപുരം സ്‌ഫോടനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതം; എല്ലാം അതീവ രഹസ്യമാക്കാന്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം; കീഴറയിലേത് 'തദ്ദേശ തിരഞ്ഞെടുപ്പ്' തയ്യാറെടുപ്പോ?
കണ്ണൂര്‍: കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ അടിമുടി ദൂരുഹത. വീടിനകത്തു നിന്നും പൊട്ടിയത് ഉഗ്രസ്‌ഫോടനശേഷിയുള്ള നാടന്‍ ബോംബാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങളും പൊട്ടാതെ ബാക്കിയായ ബോംബുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉഗ്ര സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഉഗ്രസ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ തൊട്ടടുത്ത വീടുകളിലെ ജനല്‍ വാതിലുകള്‍ക്കും ചുമരുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഗോവിന്ദന്‍ കീഴറയെന്ന അദ്ധ്യാപകന്‍ അനൂപ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീടാണിത്. മരിച്ചത് ചാലാട് സ്വദേശി മഹുമ്മദ് അഷാമാണ്.
പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ നടത്തിവരികയാണെന്നാണ് എന്നാണ് അനൂപ് താമസിക്കും മുന്‍പെ പറഞ്ഞിരുന്നത്. രണ്ടു പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്ക് അയല്‍വാസികളുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. രാത്രികാലങ്ങളില്‍ അപരിചിതരായ ചിലര്‍ ഇവിടെ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അയല്‍വാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിനകത്തുണ്ടായ സ്‌ഫോടനത്തില്‍ ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. രണ്ടു പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് പൊലിസ് നല്‍കുന്ന വിവരം. അനൂപിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ മുമ്പും സ്‌ഫോടന കേസില്‍ പ്രതിയാണ്. ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് പെട്ടാതെ കിടക്കുന്ന നാടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കി. ഫോറന്‍സിക് വിഭാഗവും പരിശോധന തുടങ്ങി. വിവരമറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ചിന്നിചിതറിയ ശരീരഭാഗങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കല്യാശേരി പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ അപകടം നടന്ന സ്ഥലത്തെത്തി.
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തിയത്. കണ്ണൂര്‍, തളിപറമ്പ് എന്നിവടങ്ങളിലെ. ഫയര്‍ ഫോഴ്സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരികയാണ് അനൂപ് എന്നയാള്‍ക്കാണ് ഗോവിന്ദന്‍ കീഴറ വീട് വാടകയ്ക്ക് നല്‍കിയത്.
വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ ബോംബ് നിര്‍മാണം നടക്കുന്നതായി ഇതുവരെ സംശയം തോന്നിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിയില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. പൊട്ടാത്ത സ്ഫോടക വസ്തുക്കളും പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
രണ്ടു പേരാണ് ഈ വീട്ടില്‍ വന്നുപോയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയാണ് ഇവര്‍ എത്താറുള്ളത്. പുലര്‍ച്ചെയോടെ മടങ്ങാറാണ് പതിവ്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വന്ന് നോക്കുമ്പോള്‍ വീട് തകര്‍ന്നതാണ് കാണുന്നതെന്നും അകത്ത് കയറി നോക്കിയപ്പോള്‍ ഒരു മൃതദേഹം കണ്ടുവെന്നും നാട്ടുകാരില്‍ ഒരാള്‍ പ്രതികരിച്ചു. മൃതദേഹത്തിന്റെ കാല്‍ മാത്രമാണ് പുറത്തുകാണുന്നതെന്നും ശരീരം മുഴുവന്‍ വീടിന്റെ അവശിഷ്ടങ്ങളാല്‍ മൂടിയിരിക്കുകയാണെന്നും ഇയാള്‍ വ്യക്തമാക്കി. വീടിന് സമീപത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കാണപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.
കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. അതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുണ്ട്. ഇതിന് വേണ്ടിയുള്ള ബോംബ് നിര്‍മ്മാണമാണോ നടന്നതെന്ന സംശയം സജീവമാണ്. സിപിഎം പാര്‍ട്ടി ഗ്രാമത്തിലാണ് പൊട്ടിത്തെറി. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി അന്വേഷണം നടത്താനാണ് കണ്ണര്‍ പോലീസിന് മുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം.