ബോട്ടുകള്‍ അടുപ്പിക്കുന്ന ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനം വസ്തുതാവിരുദ്ധം; 20,000ത്തോളം യാനങ്ങളില്‍ കേവലം 2800 ബോട്ടുകള്‍ മാത്രമാണ് ട്രോളിംഗ് നടത്തുന്നത്; പരമ്പരാഗത - യന്ത്രവത്കൃത മേഖലയില്‍ ഭൂരിപക്ഷവും സംസ്ഥാനത്തെ തൊഴിലാളികള്‍; സി എം എഫ് ആര്‍ ഐ റിപ്പോര്‍ട്ട് പൊള്ളയോ? മത്സ്യതൊഴിലാളികള്‍ക്ക് പറയാനുള്ളത്

Update: 2025-08-30 03:03 GMT

കൊച്ചി: കേരളത്തില്‍ സമുദ്ര മത്സ്യബന്ധന മേഖലയില്‍ 58 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിലയിരുത്തല്‍ വിവാദത്തിലേക്ക്. കേരളത്തിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ഇത് നിഷേധിക്കുകയാണ്. മത്സ്യബന്ധനം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളില്‍ കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളെന്നാണ് സിഎംഎഫ്ആര്‍ഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തല്‍. ഊതിപ്പെരുപ്പിച്ച കണക്കാണു സിഎംഎഫ്ആര്‍ഐയുടേതെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ കുടിയേറ്റ തൊഴിലാളികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ട്രോള്‍ ബോട്ടുകളിലും വിദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോട്ടുകളിലുമാണ് അവരേറെയുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി വ്യക്തമാക്കിയിട്ടുണ്ട്.

ബോട്ടുകള്‍ അടുപ്പിക്കുന്ന ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനമാണ് സിഎംഎഫ്ആര്‍ഐ നടത്തിയത്. ഇതു വസ്തുതാവിരുദ്ധമാണ്. യഥാര്‍ഥത്തില്‍ കേരളത്തിലെ മത്സ്യബന്ധനമേഖലയില്‍ പണിയെടുക്കുന്ന 20,000ത്തോളം യാനങ്ങളില്‍ കേവലം 2800 ബോട്ടുകള്‍ മാത്രമാണ് ട്രോളിംഗ് നടത്തുന്നത്. അതിലെ തൊഴിലാളികള്‍ 90 ശതമാനവും കുളച്ചല്‍ മേഖലയിലുള്ളവരാണ്. മത്സ്യസംസ്‌കരണ മേഖലയിലും കുടിയേറ്റ തൊഴിലാളികള്‍ക്കു പ്രാമുഖ്യമുണ്ട്. കൊച്ചി കേന്ദ്രീകരിച്ചാണ് ആഴക്കടല്‍ ബോട്ടുകളും പ്രവര്‍ത്തിക്കുന്നത്. ഇവയുടെ എണ്ണം 400നുമേല്‍ വരില്ല. തുത്തൂര്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളാണിവര്‍. എന്നാല്‍ ഇപ്പോഴും കേരളത്തിലെ പരമ്പരാഗത - യന്ത്രവത്കൃത മേഖലയില്‍ ഭൂരിപക്ഷവും സംസ്ഥാനത്തെ തൊഴിലാളികള്‍തന്നെയാണ്. തെറ്റായ കണക്ക് നിരത്തുകയാണ് സിഎംഎഫ്ആര്‍ഐ ചെയ്യുന്നതെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ആരോപിച്ചു.

ഇന്ത്യന്‍ സമുദ്രമത്സ്യബന്ധന മേഖലയിലെ തൊഴില്‍, ഉപജീവനമാര്‍ഗം, വിഭവ ഉത്പാദനരീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സിഎംഎഫ്ആര്‍ഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകള്‍ സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്പശാലയിലാണ് അവതരിപ്പിച്ചത്. ഇതിന് വലിയ മാധ്യമ ശ്രദ്ധയും കിട്ടി. കേരളത്തിലെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയില്‍ പണിയെടുക്കുന്നത് കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ്. പ്രധാനമായും തമിഴ്നാട്, പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ് ഇതിലേറെയും. ഇവിടെ 78 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. സംസ്‌കരണ യൂണിറ്റുകളില്‍ 50 ശതമാനവും വിപണനരംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നും പറഞ്ഞു വച്ചു. കേരളത്തിലെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യമാണ് ഇതിലൂടെ ചര്‍ച്ചയായത്.

തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ വരുമാനത്തിന്റെ 20-30 ശതമാനം സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിര്‍മാണത്തിനും ചെലവഴിക്കുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വരുമാനത്തിന്റെ 75 ശതമാനം വരെ നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് അയയ്ക്കുന്നു. തദ്ദേശീയരേക്കാള്‍ കുറഞ്ഞ വരുമാനമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പഠനമനുസരിച്ച്, എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ് അതിഥി തൊഴിലാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍. ഇവിടുത്തെ യന്ത്രവല്‍കൃത മത്സ്യബന്ധന മേഖലയിലെ 78% തൊഴിലാളികളും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മത്സ്യ സംസ്‌കരണ യൂണിറ്റുകളില്‍ 50 ശതമാനവും വിപണന മേഖലയില്‍ 40 ശതമാനവും അതിഥി തൊഴിലാളികളാണ്. യുവതലമുറ ഈ തൊഴില്‍മേഖലയിലേക്ക് വരുന്നില്ലെന്നും പഠനം വെളിപ്പെടുത്തിയിരുന്നു.

മത്സ്യബന്ധന മേഖലയില്‍ തദ്ദേശീയ തൊഴിലാളികള്‍ പല വെല്ലുവിളികളും നേരിടുന്നുണ്ട്. കുറഞ്ഞ വരുമാനം, കടബാധ്യത, ഓഫ്-സീസണ്‍ കാലങ്ങളിലെ തൊഴിലില്ലായ്മ, ഉയര്‍ന്ന പലിശ നിരക്കുകള്‍ എന്നിവ ഇവരില്‍ പലരുടെയും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. അതേസമയം, അതിഥി തൊഴിലാളികള്‍ തങ്ങളുടെ വരുമാനത്തിന്റെ 75% വരെ സ്വന്തം നാട്ടിലെ കുടുംബങ്ങള്‍ക്ക് അയക്കുന്നു. എന്നാല്‍, തദ്ദേശീയ തൊഴിലാളികളെക്കാള്‍ കുറഞ്ഞ വരുമാനമാണ് അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് സ്വത്വ പ്രതിസന്ധി, ഒറ്റപ്പെടല്‍, വിവേചനം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്.

എന്നിരുന്നാലും, സ്വന്തം നാട്ടിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണമാണ് അവര്‍ കേരളത്തിലേക്ക് വരുന്നത്. ഇവിടെ ലഭിക്കുന്ന ഉയര്‍ന്ന വേതനവും തൊഴില്‍ സാധ്യതകളും അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നു.

Tags:    

Similar News