ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ യുവ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു; ഡോ. ഗ്രാഡ്ലിന്‍ റോയി കുഴഞ്ഞു വീണത് രോഗികളെ പരിശോധിക്കുന്നതിനിടെ; കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍; നീണ്ട ജോലിസമയവും അധികം സമ്മര്‍ദവും മരണത്തിലേക്ക് തള്ളിവിട്ടെന്ന് ഡോക്ടര്‍മാര്‍
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ യുവ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ: ചെന്നൈയില്‍ യുവഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഹൃദയ ശസ്ത്രക്രിയാവിദഗ്ദ്ധനായ യുവ ഡോക്ടറാണ് രോഗികളെ പരിശോധിക്കവെ കുഴിഞ്ഞു വീണു മരിച്ചത്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഡോക്ടറുടെ അന്ത്യം.
സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ.ഗ്രാഡ്ലിന്‍ റോയിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ഡോക്ടറുടെ മരണത്തിന് പിന്നാലെ ആരോപണങ്ങളുമായി ഡോക്ടര്‍മാരും രംഗത്തുവന്നു.
നീണ്ട ജോലിസമയവും അധികം സമ്മര്‍ദവുമാണ് റോയിയുടെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണമാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. റോയിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള യുവ ഡോക്ടര്‍മാര്‍ കുഴഞ്ഞുവീണുമരിക്കുന്നത് ഏറിവരികയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
'ഡോക്ടര്‍മാര്‍ പലപ്പോഴും ഒരുദിവസം 12-18 മണിക്കൂര്‍ ജോലിചെയ്യുന്നു. ചിലപ്പോള്‍ ഒരുഷിഫ്റ്റില്‍ 24 മണിക്കൂറിലധികം ജോലിചെയ്യേണ്ടിവരുന്നു. ഇത് കടുത്ത സമ്മര്‍ദത്തിന് ഇടയാക്കുന്നു. കുഴഞ്ഞുവീണുള്ള മരണങ്ങള്‍ക്ക് പ്രധാനകാരണം ഇതാണ്'-ഡോക്ടര്‍മാര്‍ പറയുന്നു.അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമത്തിന്റെ അഭാവം, ഇടയ്ക്കിടെ ആരോഗ്യപരിശോധനകള്‍ നടത്താത്തത് തുടങ്ങിയ കാരണങ്ങളാണ് ഹൃദയപ്രശ്‌നങ്ങള്‍ കൂടിവരുന്നതിന് പ്രധാനകാരണമായി ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തില്‍ ഉള്‍പ്പെടെ കുഴഞ്ഞുവീണ് മരിക്കുന്ന യുവാക്കളുടെ എണ്ണം അടുത്തകാലത്തായി കൂടിവരികയാണ്. അമിത വ്യായാമവും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കുന്നുണ്ട്.