ഉത്സവ സീസണ്‍ അല്ലാത്ത സമയത്ത് സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം; പൊടിക്കുണ്ടിലെ വില്ലനെ 2016ലും സിപിഎം തള്ളിപറഞ്ഞിരുന്നു; പാര്‍ട്ടി ഗ്രാമത്തില്‍ വീട് വാടകയ്ക്ക് എടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനൂപ് മാലിക്ക്; അലവില്‍ സ്വദേശിയിലേക്ക് അന്വേഷണം നീളുമ്പോള്‍ ആ പഴി കേള്‍ക്കേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സിപിഎം; കണ്ണപുരത്ത് ഇനി സമഗ്രാന്വേഷണം

Update: 2025-08-30 05:29 GMT

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടകവീട്ടില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ പുറത്തു വരുന്നത് ബോംബ് നിര്‍മ്മാണത്തിന്റെ സൂചനകള്‍. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനു സമീപം താമസിക്കുന്നയാള്‍ നല്‍കിയ പരാതിയില്‍ എക്സ്പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്നയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മുമ്പ് സ്‌ഫോടന കേസുകളില്‍ പ്രതിയായ കണ്ണൂര്‍ അലവില്‍ സ്വദേശി അനൂപാണ് ഇവിടെ താമസിച്ചിരുന്നതെന്നും സൂചനയുണ്ട് . ഉത്സവങ്ങള്‍ക്കുള്‍പ്പെടെ പടക്കമെത്തിക്കുന്നയാളാണ് അനൂപ്. സ്‌ഫോടനത്തില്‍ മരിച്ചത് ഇയാളുടെ തൊഴിലാളി ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. കണ്ണപുരത്ത് പോലീസ് സമഗ്രാന്വേഷണം നടത്തും. സിപിഎം ബന്ധം സ്‌ഫോടനത്തിന് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്.

കീഴറയില്‍ വാടക വീടിനുള്ളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന് പിന്നിലെ അനൂപ് മാലിക് കോണ്‍ഗ്രസ്സ് ബന്ധമുള്ളയാള്‍ ആണ്. ഉത്സവ സീസണ്‍ അല്ലാത്ത സമയത്ത് സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം ആണെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള മേഖലയാണ് കീഴറ. ഇവിടെ അനൂപ് മാലിക് എത്തി ബോംബ് നിര്‍മ്മാണം നടത്തിയെന്ന ആക്ഷേപമാണ് രാഗേഷ് ഉയര്‍ത്തുന്നത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 2016ല്‍ പൊടിക്കുണ്ട് വീട്ടിലുണ്ടായ സ്‌ഫോടനത്തിലും ഒരാള്‍ മരിച്ചിരുന്നു. 17 വീടുകള്‍ തകരുകയും നാല് കോടിയോളം രൂപയുടെ നാശനഷ്ടവുമുണ്ടായി. കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അനുഭാവിയാണ് അനൂപ് മാലിക്ക് എന്ന പ്രചരണം സിപിഎം സജീവമാക്കിയിട്ടുണ്ട്. 2016ലും അനൂപ് മാലിക്കിനെ സിപിഎം തള്ളിപറഞ്ഞിരുന്നു.

2016ലെ പൊടിക്കുണ്ട് സ്‌ഫോടനക്കേസ് ഉള്‍പ്പെടെ പല കേസുകളിലും പ്രതിയായ ആളാണ് അനൂപ്. മുമ്പത്തെ കേസുകളില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. 2016 മാര്‍ച്ച് 23നാണ് പൊടിക്കുണ്ടിലെ ഒരു വീട്ടില്‍ സൂക്ഷിച്ച പടക്ക സാമഗ്രികള്‍ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നത്. അലവില്‍ സ്വദേശിയായ അനൂപാണ് രാജേന്ദ്ര നഗര്‍ കോളനിയിലെ വീട് അന്ന് വാടകക്ക് എടുത്തിരുന്നത്. രാത്രി 11ന് സ്‌ഫോടനം നടക്കുമ്പോള്‍ ഭൂരിഭാഗം പേരും സമീപത്തെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അന്ന് സ്ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റര്‍ ദൂരം വരെയെത്തി. തകര്‍ന്ന വീടിന്റെ ചെങ്കല്‍ ചീളുകള്‍ നൂറുമീറ്ററോളം ദൂരത്തില്‍ തെറിച്ചുവീണു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഈ കേസില്‍ അനൂപിനെ പോലീസ് രക്ഷിച്ചെടുത്തുവെന്നും സൂചനയുണ്ട്.

അന്ന് സ്‌ഫോടനത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും പൂര്‍ണമായും തകര്‍ന്നു. 10 പേര്‍ക്കാണ് പരിക്കേറ്റത്. ഇരുനില വീടിന്റെ മുകളിലെ നിലയില്‍ സൂക്ഷിച്ച പടക്ക സാമഗ്രികളാണു അന്ന് പൊട്ടിയത്. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉഗ്ര സ്‌ഫോടക ശേഷിയുള്ള സ്‌ഫോടക ശേഖരം അനധികൃതമായി സൂക്ഷിച്ചിട്ടും പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടിയില്ല. അന്ന് സംഭവത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണു ജില്ലാ ഭരണകൂടം തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാരം പോലും വിതരണം ചെയ്തത്. ഇയാളെ സ്വാധീനിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികളും ബോംബ് നിര്‍മ്മാണം നടത്താറുണ്ട്. അത്തരത്തിലെ ബോംബ് നിര്‍മ്മാണ കേന്ദ്രമാണ് കീഴറയില്‍ പൊട്ടിത്തകര്‍ന്നതെന്നും സൂചനകളുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറയിലെ വീട്ടില്‍ ഉഗ്രസ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാല്‍ പടക്ക നിര്‍മാണ വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. രാഷ്ട്രീയ ആക്ഷേപങ്ങള്‍ ഒഴിവാക്കാനാണ് ഇത്. സംഭവത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണപുരം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലേല്‍ക്കുകയും ചെയ്തു. ഗോവിന്ദന്‍ എന്നയാളുടെ വീടാണ് അനൂപ് വാടകയ്ക്ക് എടുത്തിരുന്നത്. 2016ലെ കേസിന് പുറമെ അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും വളപട്ടണം പൊലീസ് ഇയാളെ പിടികൂടിയിരുന്നുവെന്ന് പോലീസ് സൂചന നല്‍കുന്നുണ്ട്.

Tags:    

Similar News