ബ്രിട്ടനില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഷിബു മാത്യു ഇന്നലെ ലിങ്കണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത് ഭാവ വ്യത്യാസമില്ലാതെ; അടുത്ത കോടതി നടപടി വരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്; ഷിബു കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് കോടീശ്വരന്‍ എന്ന പേരില്‍; വീട്ടുവഴക്കിനു പോലീസ് പലവട്ടം താക്കീത് ചെയ്തിരുന്നതായും സൂചന; ലിങ്കണില്‍ നിന്നും കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത് അഞ്ചു പുരുഷന്മാര്‍

ബ്രിട്ടനില്‍ ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ഷിബു മാത്യു കോടതിയില്‍ എത്തിയത് ഭാവ വ്യത്യാസമില്ലാതെ

Update: 2025-08-30 05:28 GMT

ലണ്ടന്‍: കഴിഞ്ഞ രണ്ടു ദിവസമായി യുകെ മലയാളികള്‍ തേടിയ കൊലപാതക ശ്രമത്തിനു ലിങ്കണ്‍ പോലീസ് അറസ്റ്റ് ചെയ്ത മലയാളി ആരെന്ന ചോദ്യത്തിന് ഉത്തരമായി. ആലപ്പുഴ മാന്നാര്‍ സ്വദേശിയയായ ഷിബു മാത്യുസിനെ 51 ഇന്നലെ കോടതിയില്‍ എത്തിച്ചപ്പോഴും കാര്യമായ ഭാവ വ്യത്യാസം ഇല്ലാതെയാണ് പ്രതി പെരുമാറിയത്. ലിങ്കണ്‍ സിന്‍സില്‍ ബാങ്ക് റോഡില്‍ താമസിച്ചിരുന്ന പ്രതി കുത്തിയത് ഭാര്യയെ ആണെന്ന് വ്യക്തമാണെങ്കിലും കോടതി രേഖകളില്‍ ഇരുവര്‍ക്കും പരസ്പരം അറിയാമെന്ന സൂചനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയം സ്വദേശിയായ സ്ത്രീ ആപത് ഘട്ടം തരണം ചെയ്‌തെന്നും പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കുടുംബത്തെ ലിങ്കണില്‍ അധികം മലയാളികള്‍ക്ക് പരിചിതം അല്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇന്നലെ കോടതിയില്‍ എത്തിച്ച ഷിബുവിനെ റിമാന്‍ഡ് ചെയ്ത കോടതി കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ കേസ് മാറ്റി വയ്ക്കുക ആയിരുന്നു. ഇനി എന്നാണ് കേസ് കോടതി പരിഗണിക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തവുമല്ല. പോലീസ് അന്വേഷണത്തിനു സാവകാശം ആവശ്യമാണ് എന്നതിനാലും ആശുപത്രിയില്‍ കഴിയുന്ന ഷിബുവിന്റെ ഭാര്യയുടെ മൊഴി എടുക്കാനും കാലതാമസം ഉണ്ടാകും എന്നതിനാല്‍ അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയായ ശേഷമേ ഇനി കോടതി വിസ്താരവും വിചാരണയും ഒക്കെ ആരംഭിക്കാനായി തീയതി നല്‍കൂ എന്നാണ് അറിയാനാകുന്നത്. അതുവരെ ഷിബു ജാമ്യം പോലും അപേക്ഷിക്കാനാകാതെ ജയിലില്‍ കഴിയേണ്ടി വരും. കേസില്‍ വിധി പ്രഖ്യാപനം വരും വരെ ഷിബു വിചാരണ തടവുകാരനായി ജയിലില്‍ തന്നെ കഴിയാനാണ് സാധ്യതയേറെ.

എന്നാല്‍ ഗൃഹനാഥനായ ഷിബു അത്യാവശ്യം സൗഹൃദ സദസുകളില്‍ പരിചിത മുഖവും ആയിരുന്നു എന്ന് അടുത്തറിയാവുന്നവര്‍ തന്നെ പറയുന്നു. അതിനിടെ കോടതിയില്‍ എത്തിയ ഷിബു വലിയ പ്രായശ്ചിത്തം പേറുന്ന മുഖഭാവവും ആയല്ല കാണപ്പെട്ടത് എന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏകദേശം സമാനമായ പെരുമാറ്റമാണ് കഴിഞ്ഞ ദിവസത്തെ പോലീസ് ചോദ്യം ചെയ്യലിലും ഷിബു കാണപ്പെട്ടത്.

ചെയ്ത തെറ്റില്‍ പൂര്‍ണമായും ബോധ്യം ഉണ്ടായിരുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മദ്യപാനം ഒഴിവാക്കാനാകാത്ത ദുശീലമായി ഷിബുവിന് ഒപ്പം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പലരും വീട്ടുവഴക്കില്‍ ഷിബുവിനെ ഉപദേശ രൂപേണ ശാസിച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രദമായില്ല എന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഇപ്പോള്‍ ഇരുവരുടെയും വീടുകളില്‍ ഷിബു പോലീസ് കസ്റ്റഡിയില്‍ ആയ വിവരവും ഭാര്യ ആശുപത്രിയില്‍ കഴിയുന്ന കാര്യവും ഒക്കെ അറിയിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

ഷിബുവും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ പലപ്പോഴും വഴക്ക് ഉണ്ടായപ്പോള്‍ അയല്‍വാസികള്‍ പോലീസിനെ വിളിച്ച സംഭവവും മുന്‍പ് ഉണ്ടായിട്ടുണ്ട്. ഒന്ന് രണ്ടു തവണയെങ്കിലും വീട്ടില്‍ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കാണാനാകില്ലെന്നു പറഞ്ഞു രാത്രി കഴിയാന്‍ സുഹൃത്തുക്കളുടെ വീട്ടില്‍ അഭയം തേടിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. ചുരുക്കത്തില്‍ പുകഞ്ഞു നിന്ന ഒരഗ്നി പര്‍വതത്തിന്റെ സ്ഫോടനമാണ് ബുധനാഴ്ച ഷിബുവിന്റെ വീട്ടില്‍ വഴക്കും ഒടുവില്‍ കത്തിക്കുത്തുമായി മാറിയത്. ഷിബു പരിചയക്കാര്‍ക്കിടയില്‍ ഒരു പാവത്താനായാണ് കാണപ്പെട്ടിരുന്നത്.

എന്നാല്‍ ദുബായില്‍ വലിയ ബിസിനസും മറ്റും ഉണ്ടായിരുന്നെന്നും യുകെയിലും അത്തരം ചില പദ്ധതികള്‍ ഉണ്ടെന്നും തന്റെ സുഹൃത്തുക്കള്‍ പലരും ദുബായില്‍ നിന്നും യുകെയില്‍ എത്തും എന്നുമൊക്കെ പറഞ്ഞിരുന്ന ഷിബു വലിയ കോടികളുടെ പദ്ധതിയെ പറ്റിയാണ് എപ്പോഴും സംസാരിച്ചിരുന്നത്. അതിനാല്‍ സുഹൃത്തുക്കള്‍ ഇദ്ദേഹത്തിന് ഒരു കളിപ്പേരും നല്‍കിയിരുന്നു. കോടീശ്വരന്‍ എന്ന പേരിലാണ് ഷിബു പ്രാദേശികമായി അറിയപ്പെട്ടിരുന്നത്.

ലിങ്കണില്‍ നിന്നും പോലീസ് കേസിനെ തുടര്‍ന്ന് അടുത്ത കാലത്തു നാട്ടിലേക്ക് മടങ്ങിയത് അഞ്ച് ആണുങ്ങള്‍, പലതും വിശ്വസിക്കാന്‍ പ്രയാസമുള്ള കേസുകള്‍

അടുത്തകാലത്ത് കേസുകളില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് അഞ്ചു മലയാളി പുരുഷമാരാണ് നാട്ടിലേക്ക് മടങ്ങിയത്. പല കേസുകളും വിശ്വസിക്കാന്‍ പ്രയാസമുള്ള വിധത്തിലുള്ള പെരുമാറ്റമാണ് ഇവരില്‍ നിന്നും ഉണ്ടായതെന്ന് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ബ്രിട്ടീഷ് വംശജരായ കുട്ടികള്‍ പുറത്തു ശബ്ദം ഉണ്ടാക്കി കളിച്ചതിനെ തുടര്‍ന്ന് അവരെ പേടിപ്പിക്കാനായി കത്തിയുമായി പുറത്തിറങ്ങി ബഹളം വച്ച് ഭയപ്പെടുത്തിയ മലയാളിയെ കുട്ടികള്‍ വീഡിയോ എടുത്തതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ടിക്കറ്റ് ബുക്ക് ചെയ്തു നാട്ടില്‍ ആ ദിവസം തന്നെ എത്തിച്ചത് പോലെയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

മറ്റൊരു കേസില്‍ ഭാര്യയെ മര്‍ദ്ദിച്ചു കെട്ടിയിട്ട ശേഷം ആറും എട്ടും വയസായ കുട്ടികളെ രാത്രിയില്‍ പുറത്തു നിര്‍ത്തി മദ്യപനായ ഗൃഹനാഥന്‍ സുഖമായി കിടന്നുറങ്ങിയ സംഭവവും ലിങ്കണിലെ മലയാളികള്‍ ഓര്‍ത്തെടുക്കുന്നു. അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തി ഭാര്യയെ രക്ഷിക്കുകയും കുട്ടികളെ വീട്ടില്‍ കയറാന്‍ അനുവദിക്കുകയും ആയിരുന്നു. ഈ കേസില്‍ അറസ്റ്റില്‍ ആയ മലയാളി മദ്യത്തിന്റെ ലഹരി വിട്ട ഉടന്‍ നാട്ടില്‍ എത്താനുള്ള വഴി തേടുക ആയിരുന്നു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു മദ്യപിച്ച ശേഷം വഴക്കുണ്ടായി ഭര്‍ത്താവ് പോലീസ് പിടിയില്‍ ആയതും മദ്യപിച്ചു കാര്‍ ഓടിച്ചു നാലു വയസുള്ള കുട്ടിയെ മുന്‍സീറ്റില്‍ ഇരുത്തി ബെല്‍റ്റ് ധരിപ്പിക്കാതെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച കേസിലും ഡ്രൈവര്‍ ആയ മലയാളി യുവാവ് കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി എന്നാണ് അറിയാനാകുന്നത്.

ഇത്തരത്തില്‍ ഒട്ടേറെ കേസുകളാണ് ഇപ്പോള്‍ ലിങ്കണില്‍ സംസാര വിഷയം. യുകെയില്‍ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് അടുത്ത കാലത്ത് എത്തിയ മലയാളികള്‍ക്ക് അവബോധം നല്‍കാന്‍ ആരെങ്കിലും തയ്യാറാകണം എന്ന ആവശ്യമാണ് ലിങ്കണില്‍ പൊതുവായി ഉയരുന്നത്. ഒരു ദുരന്തം സംഭവിക്കാനായി ഇനിയും കാത്തു നില്‍ക്കരുത് എന്ന ആവശ്യവും പ്രാദേശികമായി സംസാര വിഷയമായിട്ടുണ്ട്.

Tags:    

Similar News