11ാം തീയ്യതി മുതല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമായിരുന്നു; ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട ശോഭാ യാത്രക്കും അനുമതി നല്‍കിയിരുന്നില്ല; ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍; നിരാശയെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്

11ാം തീയ്യതി മുതല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമായിരുന്നു; ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട ശോഭാ യാത്രക്കും അനുമതി നല്‍കിയിരുന്നില്ല

Update: 2025-04-13 11:27 GMT

ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഓശാന ഞായറാഴ്ച നടത്തിയിരുന്ന കുരുത്തോല പ്രദക്ഷണത്തിന് പോലീസ് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. സുരക്ഷാ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചതെന്ന് ജോര്‍ജ്ജ് കുര്യന്‍ പ്രതികരിച്ചു. ഈമാസം 11ാം തീയ്യതി മുതല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചു ശോഭാ യാത്ര നടത്തുന്നതിനും പോലീസ് തടസ്സവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചതെന്ന് ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

എന്താണ് സുരക്ഷാ കാരണങ്ങള്‍ എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം വ്യക്തമാക്കിയിരുന്നു. മറ്റു പരിപാടികള്‍ക്ക് അനുമതി നല്‍കാതാത്തതു പോലെ കുരിശിന്റെ വഴിക്കും അനുമതി കൊടുത്തില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് ഓശാന ഞായറാഴ്ച വിശ്വാസികള്‍ കുരിശിന്റെ വഴി ചൊല്ലി പ്രദക്ഷണമായി എത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് നടത്താനിരുന്ന പ്രദക്ഷണത്തിന് സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

നിശ്ചയിച്ചപോലെ കുരിശിന്റെ വഴി നടത്താന്‍ പറ്റാത്തതില്‍ നിരാശയെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ പ്രതികരിച്ചു. സുരക്ഷാകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് പള്ളി ഗ്രൗണ്ടിലാണ് കുരിശിന്റെ വഴി ചടങ്ങ് നടത്തിയത്. സെന്റ്‌മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. 2:30 ക്ക് പള്ളിക്കകത്ത് പരിപാടി സംഘടിപ്പിക്കുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും സമാനമായി പ്രദക്ഷണം നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന കുരുത്തോല പ്രദക്ഷണത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചത്. അതേസമയം, വളരെ നേരത്തെ തന്നെ പ്രദക്ഷിണത്തിന് അനുമതി തേടിയിരുന്നതാണെന്ന് വികാരി ഫാ. ഫ്രാന്‍സിസ് സോമരാജ് മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്കാനാവില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പരാതിയില്ലെന്നും ഇടവക വികാരി വ്യക്തമാക്കി. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കള്‍ ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് പള്ളി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

അതേസമയം ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യാതൊരു ഗതാഗത തടസമോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതെ നടത്തിയിരുന്ന പ്രദക്ഷണത്തിന് അനുമതി നിഷേധിച്ചത് രാജ്യത്ത് ഭരണഘടന ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഡല്‍ഹി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മ ആരോപിച്ചു. രാജ്യത്ത് ഉടനീളം ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അക്രമത്തിന്റെ മറ്റൊരു രൂപമാണിതെന്നും വിശ്വാസി സമൂഹം ചൂണ്ടിക്കാട്ടി.

അതേസമയം, വിശുദ്ധവാരാചരണത്തിനു തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാനഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു. വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും കുരുത്തോല പ്രദക്ഷിണം നടത്തി. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.

Tags:    

Similar News