തെക്കന്‍ ഡെന്മാര്ക്ക് മുതല്‍ വെനീസ് വരെ പൂര്‍ണമായി മുങ്ങും; അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ്, ഗാല്‍വസ്റ്റണ്‍, എവര്ഗ്ലാഡ്സ് എന്നീ പ്രദേശങ്ങളേയും സമുദ്രജലം വിഴുങ്ങും; ലണ്ടനും മുങ്ങും; ആഗോള താപനത്താല്‍ സമുദ്രനിരപ്പുയര്‍ന്ന് 75 വര്‍ഷത്തിനുള്ളില്‍ പല നഗരങ്ങളും വെള്ളനടിയില്‍ ആകുമെന്ന് പഠനം
ആഗോള താപനത്താല്‍ സമുദ്രനിരപ്പുയര്‍ന്ന് 75 വര്‍ഷത്തിനുള്ളില്‍ പല നഗരങ്ങളും വെള്ളനടിയില്‍ ആകുമെന്ന് പഠനം
സിങ്കപ്പൂര്‍: ആഗോള താപനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടുത്ത 75 വര്‍ഷത്തിനുള്ളില്‍ ലോകത്തെ പല പ്രമുഖ നഗരങ്ങളും വെള്ളത്തിനടയില്‍ ആകുമെന്ന് വീണ്ടും മുന്നറിയിപ്പ്. സിങ്കപ്പൂരിലെ നാന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ അറിയിപ്പ്് നല്‍കിയിരിക്കുന്നത്. 2100 ഓടെ ആഗോളതലത്തില്‍ തന്നെ സമുദ്ര നിരപ്പ് 6.2 അടി വരെ ഉയരുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇനി മുതല്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ഇക്കാര്യം കണക്കിലെടുത്ത് വേണമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഡോ.ബഞ്ചമിന് ഗ്രാന്‍ഡേ പറയുന്നത്.
സമുദ്ര നിരപ്പ് വന്‍തോതില്‍ ഉയരുകയാണെങ്കില്‍ അത് ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഹള്‍, ലണ്ടന്‍,കാര്‍ഡിഫ് എന്നിവയും ഉള്‍പ്പെടുന്നു. അന്റാര്‍ട്ടിക്ക പോലെയുള്ള മേഖലകളില്‍ മഞ്ഞുരുകുന്നതും വലിയ മഞ്ഞുമലകള്‍ തന്നെ ഒഴുകി നടക്കുന്നതും എല്ലാം തന്നെ സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകും എന്നാണ് ഗവേഷകര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. 2023 ല്‍ തന്നെ ഐക്യരാഷ്ട്രസഭ സമുദ്രനിരപ്പ് 1.9 അടി മുതല്‍ 3.2 അടി വരെ ഉയരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ നാന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് ഇതിലും എത്രയോ വലിയ ശതമാനം വര്‍ദ്ധനയാണ് സമുദ്രനിരപ്പിന്റെ കാര്യത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ്. വിദഗ്ധരുടെ അഭിപ്രായങ്ങളും സ്റ്റാറ്റിസ്റ്റിക്സും എല്ലാം കൂട്ടിച്ചേര്‍ത്താണ് അവര്‍ പുതിയ വിവരം നല്‍കുന്നത്. സമുദ്ര നിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും ആധികാരികമായ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് യൂണിവേഴ്സിറ്റി അവകാശപ്പെടുന്നത്. സമുദ്രനിരപ്പ് 6.2 അടി വരെ ഉയരുകയാണെങ്കില്‍ ലോകത്തെ വന്‍ നരഗങ്ങള്‍ മാത്രമല്ല പല ചെറുപട്ടണങ്ങള്‍ പോലും മുങ്ങിപ്പോകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്്.
തീരദേശവുമായി ഏറ്റവും ചേര്‍ന്ന് കിടക്കുന്ന മേഖലകളെ ആയിരിക്കും ഈ പ്രതിഭാസം ദോഷകരമായി ബാധിക്കുന്നത്. ഇംഗ്ലണ്ടിലെ കിഴക്കന്‍ തീരങ്ങളിലെ നഗരങ്ങളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക. ഹള്‍ പോലെയുള്ള നഗരങ്ങള്‍ പൂര്‍ണമായി വെളളത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ളതായി പഠനം പറയുന്നു. വടക്കന്‍ അയര്‍ലന്‍ഡിലേയും സ്ക്കോട്ട്ലന്ഡിലേയും ഏതാനും മേഖലകളെ മാത്രമാണ് വെളളപ്പൊക്കം ബാധിക്കുക എന്നത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമാണ്.
തെക്കന്‍ ഡെന്മാര്ക്ക് മുതല്‍ വെനീസ് വരെ പൂര്‍ണമായി മുങ്ങിപ്പോകും. അമേരിക്കയിലെ ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സ്, ടെക്സാസിലെ ഗാല്‍വസ്റ്റണ്‍, ഫ്ളോറിഡയിലെ എവര്ഗ്ലാഡ്സ് എന്നീ പ്രദേശങ്ങളേയും സമുദ്രജലം വിഴുങ്ങും എന്നാണ് മുന്നറിയിപ്പ്. സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനും മൊത്തത്തിലുള്ള പരിഹാരം ഹരിതഗൃഹ വാതകങ്ങളുടെ ഉദ്ഗമനം ഗണ്യമായി കുറയ്ക്കുക എന്നത് മാത്രമാണെന്നാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്.