ഫെമ ചട്ടലംഘനമെന്ന് ആരോപിക്കുന്ന ആ 593 കോടി പ്രവാസികളില്‍ നിന്നുള്ള ചിട്ടി വരിപ്പണം; ഇടപാടുകളെല്ലാം നടന്നത് നേര്‍വഴിയില്‍; റിസര്‍വ് ബാങ്കിന്റെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇഡിക്ക് മുന്നില്‍ എല്ലാം വ്യക്തമാക്കിട്ടുണ്ട്; പ്രചരണങ്ങള്‍ക്ക് അപ്പുറത്താണ് വസ്തുത; ഇഡി റെയ്ഡില്‍ സംഭവിച്ചത് എന്തെന്ന് വിശദീകരിച്ചു ഗോകുലം ഗോപാലന്‍
ഫെമ ചട്ടലംഘനമെന്ന് ആരോപിക്കുന്ന ആ 593 കോടി പ്രവാസികളില്‍ നിന്നുള്ള ചിട്ടി വരിപ്പണം;
കോഴിക്കോട്: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെയാണ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടന്നത്. ഇതോടെ ഈ വിഷയം കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു. എമ്പുരാന്‍ സിനിമയുടെ നിര്‍മാണ ചുമതല ഉണ്ടായിരുന്നത് ഗോകുലം ഗോപാലനായിരുന്നു എന്നതായിരുന്നു ഇതിലെ വാര്‍ത്താമൂല്യം. പരിശോധനകള്‍ക്ക് ശേഷം ഇഡി ഇന്നലെ ഒന്നര കോടിയോളം രൂപം പിടിച്ചെടുത്തുകയും ചെയ്തിരുന്നു. വാര്‍ത്താ കുറിപ്പില്‍ സ്ഥാപനത്തില്‍ പ്രവാസികളില്‍ നിന്നും 593 കോടി രൂപ അനധികൃതമായി സമാഹരിച്ചു എന്നാണ് വ്യക്തമാക്കിയത്. ഗോകുലം ഗ്രൂപ്പില്‍ തുടരന്വേഷണം നടക്കുമെന്നും ഇഡി വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍ തന്റെ ചിട്ടിസ്ഥാപനത്തില്‍ എല്ലാം ക്രമപ്രകാരമാണ് നടന്നതെന്നാണ് ഗോകുലം ഗോപാലന്‍ വിശദീകരിച്ചത്. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇ ഡി അന്വേഷണവുമായി സഹകരിച്ചുവെന്നും അദ്ദേഹം മറുനാടന്‍ മലയാളിയോട് വിശദീകരിച്ചു. ഗോകുലം ഗോപാലന്റെ വിശദീകരണം ഇങ്ങനെ:
പ്രവാസികളില്‍ നിന്നും ചിട്ടിക്കായി സമാഹരിച്ച പണത്തിന്റെ കാര്യമാണ് ഇഡി വ്യക്തമാക്കിയത്. എന്നാല്‍, ആ പണം സമാഹരിച്ചത് വിദേശത്തു നിന്നുമല്ല. പ്രവാസികളാണെങ്കിവും അവരുടെ വീടുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമോ മറ്റുമാണ് പണം ചിട്ടി അടവായി വാങ്ങിയത്. ചിട്ടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എന്‍.ആര്‍.ഐ എന്ന് രേഖപ്പെടുത്താറുണ്ട്. ചെക്ക് വാങ്ങുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയിലാണ്. ഇടപാടെല്ലാം നേര്‍വഴിയിലാണ് നടന്നത്. അല്ലാതെ വിദേശ ഇടപാടുകള്‍ ഇല്ല. ഇഡിക്ക് മുന്നില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയില്‍ അവര്‍ക്കും എല്ലാം മനസ്സിലായിട്ടുണ്ട്. ഇതില്‍ താനും ബോധവാനാണ്.
റിസര്‍വ് ബാങ്കിന്റെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇഡി കണ്ടെടുത്ത പണം കമ്പനിയുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും സംഭാവനകള്‍ക്കും മറ്റുമായി കരുതിവെച്ചതാണ്. അതിന് കണക്കുകളുണ്ട്. ഇതിന് രേഖകള്‍ ഇഡിക്ക് മുന്നില്‍ ഹാജറാക്കും. 450ലേറെ ബ്രാഞ്ചുകളുള്ള ധനകാര്യ സ്ഥാപനമാണ് ഗോകുലം ചിട്ടി. ധനകാര്യ സ്ഥാപനമാകുമ്പോള്‍ പലതും കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും, മുമ്പുണ്ടായ ചില തെറ്റുകള്‍ പരിഹരിച്ചാണ് മുന്നോട്ടു പോകുന്നത്. സ്ഥാപനത്തില്‍ വലയി പ്രശ്‌നങ്ങളില്ലെ. എല്ലാം നിയമപരമായാണ് മുന്നോട്ടു പോകുന്നത്. ആ സത്യസന്ധത കൊണ്ടാണ് ഇത്രയും വളര്‍ന്നതും.
തനിത്ത് രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ല. എല്ലാവരും തുല്യരായി കാണുന്ന ശ്രീനാരായണ ഗുരുവില്‍ വിശ്വസിക്കുന്ന ഹിന്ദു മതവിശ്വാസിയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍ സിനിമയുമായി തുടര്‍ന്നു മുന്നോട്ടുപോകും. ഷൂട്ടിംഗ് ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ, അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകുമെന്നു ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം, കോര്‍പ്പറേറ്റ് ഓഫീസ്, കോഴിക്കോട്ടെ ഗോകുലം മാള്‍ എന്നിവിടങ്ങളില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. പിടിഐ റിപ്പോര്‍ട്ട് പ്രകാരം, ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ കമ്പനിയായ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിനുമെതിരെ ചില എന്‍ആര്‍ഐകള്‍ ഉള്‍പ്പെട്ട 1,000 കോടി രൂപയുടെ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്മന്റ് ആക്ട്) ലംഘനങ്ങളും മറ്റ് 'അനധികൃത' ഇടപാടുകളും ആരോപിച്ച് നടപടി സ്വീകരിച്ചതെനനാണ് അറിയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. കുറഞ്ഞത് പത്ത് ഇഡി ഉദ്യോഗസ്ഥരെങ്കിലും കോടമ്പാക്കം പ്രദേശത്തുള്ള ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സിന്റെ ചെന്നൈ ഓഫീസുകളില്‍ എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇഡി സംഘം ഇന്നലെ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. വിദേശത്ത് നിന്നും 592.54 കോടി രൂപ അനധികൃതമായി സ്വീകരിച്ചതുള്‍പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപ കണ്ടുകെട്ടിയെന്നാണ് പത്രക്കുറിപ്പില്‍ ഇഡി അറിയിച്ചത്.
1999 ലെ ഫെമ നിമയത്തിന്റെ ലംഘനം നടത്തിയതിന് 1.50 കോടി രൂപയും രേഖകളും പിടിച്ചെടുത്തു എന്ന് അന്വേഷണ ഏജന്‍സി എക്‌സില്‍ അറിയിച്ചു. പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ഇ ഡി വിവരങ്ങള്‍ പങ്കുവച്ചത്. ഇതിന് പുറമെ ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. 371.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും കമ്പനിയിലേക്ക് എത്തി. ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷന്‍ 3(ബി)യുടെ ലംഘനമാണെന്നും ഇ ഡി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആദായനികുതി വകുപ്പ് 2017ല്‍ ആരംഭിച്ച നടപടികളുടെ തുടര്‍ച്ചയായി 2019ല്‍ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.