വ്യോമസേനയ്ക്ക് കരുത്ത് കൂട്ടാന്‍ ഇനി റഷ്യയുടെ അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റും; സു-57 സ്റ്റെല്‍ത്ത് യുദ്ധവിമാനം ഇന്ത്യയില്‍ പൂര്‍ണ്ണമായി ഉത്പാദിപ്പിക്കാന്‍ സാധ്യത; പുട്ടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഒരു പാശ്ചാത്യ പ്രതിരോധ പങ്കാളിയും നല്‍കാത്ത വമ്പന്‍ വാഗ്ദാനവുമായി റഷ്യ; സാങ്കേതിക കൈമാറ്റത്തിനും സാങ്കേതിക പഠനത്തിനും മോസ്‌കോ തയ്യാറെന്ന് റോസ്ടെക്ക് സിഇഒ
മോസ്‌കോ: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് കൂട്ടാന്‍ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ സു-57 ഫൈറ്റര്‍ ജെറ്റ് രാജ്യം സ്വന്തമാക്കുമോ? ഇന്ത്യന്‍ വ്യോമശക്തിയുടെ ഭാവിക്ക് നിര്‍ണ്ണായകമാകുന്ന സൈനിക നിര്‍ദ്ദേശമാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്ത മാസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ പുതിയ അഞ്ചാം തലമുറ Su-57 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റിന്റെ സാങ്കേതികവിദ്യയിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം നല്‍കാന്‍ റഷ്യ തയാറാണെന്നാണ് അറിയിച്ചത്. ഇന്ത്യക്ക് ഈ നിലവാരത്തിലുള്ള പ്രതിരോധ സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നല്‍കാന്‍ മറ്റൊരു രാജ്യവും മുമ്പ് വാഗ്ദാനം ചെയ്തിട്ടില്ല. ഇന്ത്യ ഈ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍, പാശ്ചാത്യ രാജ്യങ്ങള്‍ പങ്കുവെക്കാന്‍ വിസമ്മതിച്ച കഴിവുകള്‍ സ്വന്തമാക്കാനും, നവീകരിച്ച സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനും ഇന്ത്യക്ക് സാധിക്കും.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഈ ഡിസംബറില്‍ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമശക്തിയുടെ ഭാവി മാറ്റിയെഴുതാന്‍ സാധ്യതയുള്ള, വര്‍ഷങ്ങളായി റഷ്യ ഇന്ത്യക്ക് നല്‍കുന്നതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട സൈനിക നിര്‍ദ്ദേശം ഇപ്പോള്‍ മോസ്‌കോ മുന്നോട്ട് വെച്ചിരിക്കുന്നത്. പുടിന്റെ ന്യൂഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രതിരോധ മേഖലയില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായുള്ള നയതന്ത്രപരമായ മുന്നൊരുക്കങ്ങള്‍ ഇതിനകം നടക്കുകയാണ്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ മോസ്‌കോയില്‍ പ്രസിഡന്റ് പുടിന്‍, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും 48 മണിക്കൂറിനുള്ളില്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ന്യൂഡല്‍ഹിയില്‍, പുതിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിലൊരാളായ നിക്കോളായ് പട്രുഷേവ് ഉച്ചകോടിക്ക് മുന്നോടിയായി നിലപാടുകള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഈ തന്ത്രപരമായ സാഹചര്യത്തിലാണ് റഷ്യയുടെ നീക്കം. പാശ്ചാത്യ പ്രതിരോധ പങ്കാളികളാരും ഇന്ത്യക്ക് ഇത്രയധികം സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടില്ല. റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട് പ്രതിനിധി പറയുന്നതനുസരിച്ച്, റഷ്യയില്‍ നിര്‍മ്മിച്ച സു-57ഇ ഫൈറ്റര്‍ ജെറ്റുകളുടെ പ്രാരംഭ വിതരണവും തുടര്‍ന്ന് സാങ്കേതിക കൈമാറ്റത്തോടെ ഇന്ത്യയില്‍ പൂര്‍ണ്ണമായ നിര്‍മ്മാണവുമാണ് റഷ്യ നിര്‍ദ്ദേശിക്കുന്നത്. ഇറക്കുമതി ചെയ്ത കിറ്റുകളില്‍ നിന്ന് കൂട്ടിച്ചേര്‍ക്കുന്നതിനേക്കാള്‍ വളരെ വലുതാണ് ഈ നിര്‍ദ്ദേശമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്‍ജിനുകള്‍, സെന്‍സറുകള്‍, സ്റ്റെല്‍ത്ത് മെറ്റീരിയലുകള്‍, ഏവിയോണിക്‌സ്, മറ്റ് രഹസ്യ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അഞ്ചാം തലമുറ ഇക്കോസിസ്റ്റം പൂര്‍ണ്ണമായും തുറന്ന് നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കുന്നു.
റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കണ്‍സോര്‍ഷ്യമായ റോസ്ടെക്കിന്റെ (Rostec) സിഇഒ സെര്‍ജി ചെമെസോവ് ദുബായ് എയര്‍ ഷോ 2025-ല്‍ വെച്ചാണ് ഈ നിര്‍ദ്ദേശം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ റഷ്യയില്‍ നിര്‍മ്മിക്കുന്ന Su-57 വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കുകയും, തുടര്‍ന്ന് ഘട്ടം ഘട്ടമായി ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം. എഞ്ചിനുകള്‍, സെന്‍സറുകള്‍, സ്റ്റെല്‍ത്ത് സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെയുള്ള അഞ്ചാം തലമുറ വിമാന നിര്‍മ്മാണത്തിന്റെ മുഴുവന്‍ സാങ്കേതിക വിദ്യയും ഇന്ത്യക്കായി തുറന്നുകൊടുക്കാന്‍ മോസ്‌കോ തയാറാണെന്ന് ചെമെസോവ് പറഞ്ഞു. വര്‍ഷങ്ങളായുള്ള ഇന്ത്യ - റഷ്യ സൗഹൃദം എടുത്തുപറഞ്ഞ ചെമെസോവ്, സാങ്കേതികവിദ്യ സംബന്ധിച്ച് ഇന്ത്യയുടെ ഏത് ആവശ്യവും തങ്ങള്‍ക്ക് പൂര്‍ണ്ണമായും സ്വീകാര്യമായിരിക്കുമെന്നും വ്യക്തമാക്കി.
സാങ്കേതിക കൈമാറ്റത്തിനും സാങ്കേതിക പഠനത്തിനും മോസ്‌കോ തയ്യാറാണെന്ന് റഷ്യയുടെ ആയുധ കയറ്റുമതി സ്ഥാപനമായ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ മുതിര്‍ന്ന പ്രതിനിധിയും വ്യക്തമാക്കി. എഞ്ചിനുകള്‍, ഒപ്റ്റിക്‌സ്, എഇഎസ്എ റഡാര്‍, എഐ ഘടകങ്ങള്‍, ലോ-സിഗ്‌നേച്ചര്‍ സാങ്കേതികവിദ്യകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, റഷ്യയുടെ ഒറ്റ എഞ്ചിന്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ Su-75 ചെക്ക്‌മേറ്റ് വിമാനവും ഇന്ത്യക്ക് വാഗ്ദാനം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. Su-75 ചെക്ക്‌മേറ്റിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ സ്ഥാപിക്കുന്നത്, തദ്ദേശീയമായി നിര്‍മ്മിക്കുന്ന എഎംസിഎ (AMCA) പോലെയുള്ള ഇരട്ട എഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ക്ക് പകരമാകില്ല, മറിച്ച് അതിന് സഹായകരമായിരിക്കും എന്നും പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സ്‌ക്വാഡ്രണ്‍ കുറവ് നികത്തുന്നതിനായി അടുത്ത രണ്ട് പതിറ്റാണ്ടുകളില്‍ ഓരോ വര്‍ഷവും 35 മുതല്‍ 40 വരെ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമുണ്ടെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യം ഇന്ത്യയുടെ റോഡ്മാപ്പ് 2047-ലെ ദീര്‍ഘകാല നിര്‍മ്മാണ ലക്ഷ്യങ്ങളുമായി അദ്ദേഹം ബന്ധിപ്പിച്ചിരുന്നു. പുതിന്റെ സന്ദര്‍ശനത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉള്ളത്. സു-57 സഹകരണം, എസ്-400 വിതരണങ്ങളിലെ പുരോഗതി, എസ്-500 സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍, സു-30എംകെഐ വിമാനങ്ങളുടെയും ടി-90 ടാങ്കുകളുടെയും സംയുക്ത ഉത്പാദനം വിപുലീകരിക്കല്‍, ബ്രഹ്‌മോസ് മിസൈല്‍ പരിപാടിയുടെ നവീകരണം എന്നിവ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഉപരോധങ്ങള്‍, ഭൗമരാഷ്ട്രീയപരമായ പുനഃക്രമീകരണങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയെ അതിജീവിച്ച ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, ഇപ്പോഴത്തെ ഘട്ടം വ്യത്യസ്തമാണ്. പരമ്പരാഗതമായ ഒരു വാങ്ങുന്നയാള്‍-വില്‍ക്കുന്നയാള്‍ എന്നതിലുപരി ഒരു പുതിയ യുഗം ലക്ഷ്യമാക്കിയുള്ള സഹ-വികസനത്തിനുള്ള ആഗ്രഹമാണ് മോസ്‌കോ ഇവിടെ പ്രകടിപ്പിക്കുന്നത്.
23-ാമത് ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഡിസംബറില്‍ ഇന്ത്യയിലെത്തും. പ്രതിരോധ മേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് ഉച്ചകോടി വേദിയാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ മുന്നോടിയായി ഈ ആഴ്ചയുടെ ആദ്യം, പുടിന്റെ ഉന്നത സഹായിയും മാരിടൈം ബോര്‍ഡ് ചെയര്‍മാനുമായ നിക്കോളായ് പട്രുഷേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഉച്ചകോടിക്കുള്ള തയാറെടുപ്പുകളും പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലെ പൊതുവായ താല്‍പ്പര്യങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.
