നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച സര്‍വ്വ മേഖലകളെയും കൈയ്യടക്കുന്നു; നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ വൈറ്റ് കോളര്‍ ജോലികള്‍ അവസാനിക്കും; ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്

നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച സര്‍വ്വ മേഖലകളെയും കൈയ്യടക്കുന്നു

Update: 2026-01-23 05:15 GMT

ദാവോസ്: നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്. നിര്‍മിത ബുദ്ധി സര്‍വ്വ മേഖലകളെയും കൈയ്യടക്കിയിരിക്കുകയാണ്. ഇത് ഭാവിയില്‍ വൈറ്റ് കോളര്‍ ജോലികള്‍ക്ക് ഭീഷണിയായി മാറുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബില്‍ ഗേറ്റ്‌സ്. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കോണമിക് ഫോറത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍, വൈറ്റ് കോളര്‍ വിഭാഗത്തിലും ബ്ലൂ കോളര്‍ വിഭാഗത്തിലും വലിയ പ്രതിസന്ധി ഉണ്ടാകും. പലയിടത്തും ഇപ്പോള്‍ നിര്‍മ്മാണമുള്‍പ്പടെയുള്ള ജോലികള്‍ നിര്‍വ്വഹിക്കുന്നത് നിര്‍മ്മിത ബുദ്ധിയാണ്. ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗനിര്‍ണ്ണയം മുതല്‍ വിദ്യാഭ്യാസം വരെയുള്ള മേഖലകളില്‍ എ ഐ ഉണ്ടാക്കികൊണ്ടിരിക്കുന്ന വിപ്ലവം വളരെ വലുതാണ്, ഇത് നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ തൊഴില്‍, സാമ്പത്തികം എന്നീ മേഖലകളെ ഇത് കാര്യമായി ബാധിക്കും. അതിനാല്‍ ഭരണകൂടം ഇതിനെ പ്രതിരോധിക്കുന്നതിനായി പദ്ധതികള്‍ കൊണ്ട് വരണമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു.

ആളുകള്‍ക്ക് കൃത്യമായ പരിശീലനം നല്‍കാത്തതും ,നികുതിയില്‍ മാറ്റം വരുത്താത്തതും ഭാവിയില്‍ തൊഴില്‍ മേഖലകള്‍ക്ക് ഭീഷണിയാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവയൊന്നും ഒരു പ്രശ്‌നമായി തോനുന്നിലെങ്കിലും വരും കാലങ്ങളില്‍ കാര്യങ്ങള്‍ മാറിമറിയുമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു. സോഫ്റ്റ്വെയര്‍ മാത്രമല്ല ലോജിസ്റ്റിക്‌സ് കോള്‍ സെന്റര്‍ പോലുള്ള സാധാരക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന മേഖലകളിലും എ ഐ എത്തിയിരിക്കുന്നു എന്നത് ഏറെ ഗൗരകരമാണ്.

ഇതിനൊരു പരിഹാരം ഗവണ്‍മെന്റുകള്‍ തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ കടുത്ത സാമ്പത്തിക അസമത്വം ,തൊഴിലില്ലായ്മ, എന്നിവയ്ക്ക് പുറമെ അവസരങ്ങള്‍ വളരെ കുറച്ച് ആളുകളിലേക്ക് ചുരുങ്ങുന്നതിനും കരണമായേക്കുമെന്നും ബില്‍ ഗേറ്റ്‌സ് ഇക്കോണമിക് ഫോറത്തില്‍ പറഞ്ഞു. ബില്‍ ഗേറ്റ്‌സിന്റെ വാക്കുകള്‍ ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. ഏറെ ഗൗരവത്തോടു കൂടിയാണ് സാങ്കേതിക മേഖലയിലുള്ളവര്‍ ഈ വാക്കുകള്‍ കേട്ടത്.

അതേസമയം ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇന്ത്യ - അമേരിക്ക ബന്ധം ലോകക്രമത്തില്‍ ഒരു സുരക്ഷിത കേന്ദ്രമായി മാറുമെന്ന് ബില്‍ ഗേറ്റ്‌സ് നിരീക്ഷിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും എഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ വേഗതയും രാജ്യത്തിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്‌ക്കൊപ്പം മാറാന്‍ സര്‍ക്കാരുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.

ജനങ്ങള്‍ക്ക് പുനര്‍പരിശീലനം നല്‍കുക, നികുതി വ്യവസ്ഥകളില്‍ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ഏകോപിപ്പിച്ചുള്ള തീരുമാനങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഐ ആരോഗ്യ - വിദ്യാഭ്യാസ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെങ്കിലും മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ പിന്നിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Tags:    

Similar News