നിളയുടെ തീരത്ത് വിശ്വാസക്കടലിരമ്പുന്നു; തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി കുന്നില്‍നിന്നും മഹാമേരു രഥമെത്തി; തിരുനാവായയില്‍ ഭക്തിയുടെ കുംഭമേള; ഭാരതപ്പുഴയില്‍ 'മിനി കാശി' ഒരുക്കി ഭക്ത സംഗമം

Update: 2026-01-23 05:29 GMT

തിരുനാവായ: ഭാരതപ്പുഴയുടെ തീരത്ത് കുംഭമേളയുടെ ആരവം. തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി കുന്നുകളില്‍നിന്ന് പ്രയാണം ആരംഭിച്ച മഹാമേരു രഥയാത്ര, പൂജിച്ച ശ്രീചക്രവുമായി ത്രിമൂര്‍ത്തികളുടെ സംഗമസ്ഥാനമായ തിരുനാവായയില്‍ എത്തിയതോടെ നാട് ഭക്തിസാന്ദ്രമായി. ആയുധധാരികളായ സന്യാസിമാരും ജുനാ അഘാഡയിലെ മഹാമണ്ഡലേശ്വരന്മാരും അണിനിരന്നതോടെ ദക്ഷിണ ഭാരതം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ആത്മീയ സംഗമത്തിനാണ് നിളാതീരം സാക്ഷ്യം വഹിക്കുന്നത്.

പാലക്കാട് ജില്ലയിലെ വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് രഥയാത്ര തിരുനാവായയില്‍ എത്തിയത്. മഹാമേരു ജുനാ അഘാഡയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, സ്വാമിനി അതുല്യാമൃത പ്രാണ, മൗനയോഗി സ്വാമി ഹരിനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ രഥത്തെ സ്വീകരിച്ചു. നവാമുകുന്ദ ക്ഷേത്രസന്നിധിയില്‍ വെച്ച് ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി ശ്രീചക്രത്തില്‍ മഹാ ആരതി ഉഴിഞ്ഞു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഈ ശ്രീചക്രം ഭാരതപ്പുഴയുടെ മധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ പ്രതിഷ്ഠിച്ചു.

കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച താല്‍ക്കാലിക പാലം ഭക്തര്‍ക്കായി തുറന്നുകൊടുത്തു. കഴിഞ്ഞ ദിവസം മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാലത്തിന്റെ ബലപരിശോധന നടത്തിയിരുന്നു. പാലത്തിന്റെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ജനുവരി 27-ന് കോടതി ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കും. കോടതി വിധിക്കായി കാത്തുനില്‍ക്കാതെ തന്നെ നൂറുകണക്കിന് ഭക്തരാണ് നിളാ ആരതി കാണാനും പുണ്യസ്‌നാനത്തിനുമായി ഈ പാലത്തിലൂടെ പുഴയുടെ മധ്യത്തിലേക്ക് ഒഴുകുന്നത്.

കേരള കുംഭമേളയുടെ ഖ്യാതി അതിര്‍ത്തി കടന്നിരിക്കുകയാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ആദ്യ സര്‍ക്കാര്‍ ബസ് തിരുനാവായയില്‍ എത്തിക്കഴിഞ്ഞു. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. കേരളത്തില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ നൂറോളം ബസുകളാണ് ഭക്തര്‍ക്കായി ഓടുന്നത്. നിളാതീരത്ത് തമ്പടിച്ചിരിക്കുന്ന സന്യാസിമാരെ കാണാനും യജ്ഞങ്ങളില്‍ പങ്കെടുക്കാനും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ടൂറിസ്റ്റ് ബസുകളുടെ നീണ്ട നിര തന്നെയുണ്ട്.

വിശ്വാസികള്‍ക്കായി ഗംഗോത്രിയില്‍ നിന്നുള്ള ശുദ്ധമായ ഗംഗാജലം എത്തിച്ചിരിക്കുകയാണ് തപാല്‍ വകുപ്പ്. തിരൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ നേതൃത്വത്തില്‍ കുംഭമേള നഗറില്‍ പ്രത്യേക സ്റ്റാള്‍ തന്നെ ഒരുക്കി. 250 മില്ലി ലിറ്റര്‍ ഗംഗാജലത്തിന് 30 രൂപയാണ് വില ഈടാക്കുന്നത്. പുണ്യസ്‌നാനത്തിന് എത്തുന്ന ഭക്തര്‍ക്ക് ഗംഗാജലം കൂടി ലഭ്യമാകുന്നതോടെ തിരുനാവായ ഒരു 'മിനി കാശി'യായി മാറിയിരിക്കുകയാണ്.

വസന്തപഞ്ചമി ദിനമായ ഇന്ന് പുലര്‍ച്ചെ മുതല്‍ യജ്ഞശാലയില്‍ അതീവ പ്രാധാന്യമുള്ള ചതുരാംബിക പൂജകള്‍ നടന്നു. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പരശുരാമന്‍ പ്രതിഷ്ഠിച്ച ദിക്പാലക ദേവതകളെ പ്രീതിപ്പെടുത്താനാണ് ഈ ചടങ്ങുകള്‍. രാത്രിയില്‍ നിഗൂഢമായ യക്ഷീപൂജയും നടക്കും.

Similar News