ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് മണിക്കൂറുകള്‍ക്കകം ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയില്‍; അജിത് ഡോവലുമായി നിര്‍ണായക കൂടിക്കാഴ്ച; മുന്‍ പ്രധാനമന്ത്രിയെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിനെ സമീപിച്ചേക്കും; രാഷ്ട്രീയപ്രേരിതമെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ; ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറില്‍ പറയുന്നത്

Update: 2025-11-20 05:22 GMT

ധാക്ക: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് ഭരണകൂടം നിര്‍ണായക നീക്കങ്ങള്‍ തുടരുമ്പോഴും നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. 2013ലെ ഇന്ത്യ-ബംഗ്ലാദേശ് കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന. അതിനിടെ ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് 48 മണിക്കൂറിനകം ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്എ) ഡോ. ഖലീലുര്‍ റഹ്‌മാന്‍ ഇന്ത്യന്‍ എന്‍എസ്എ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആദ്യത്തെ നിര്‍ണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇത്. ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവിന്റെ ഏഴാമത് എന്‍.എസ്.എ. തല യോഗത്തിന് മുന്നോടിയായാണ് റഹ്‌മാന്‍ ഡല്‍ഹിയില്‍ എത്തിയത്. ചര്‍ച്ചകള്‍ക്ക് ശേഷം അജിത് ഡോവലിനെ അദ്ദേഹം ധാക്കയിലേക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും സി എസ് സി പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാന ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം, നിലവില്‍ ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീനയെ കൈമാറുന്നത് ചര്‍ച്ചയുടെ അജണ്ടയില്‍ ഉള്‍പ്പെട്ടോ എന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും മൗനം പാലിക്കുകയാണ്.

2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരില്‍ നിന്ന് ന്യൂഡല്‍ഹി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഖലീലുര്‍ റഹ്‌മാന്‍. 2024 ജൂണിനും ഓഗസ്റ്റിനും ഇടയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട 'മനുഷ്യത്വത്തിനെതിരായ കുറ്റങ്ങള്‍'ക്കാണ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍-ബംഗ്ലാദേശ് ഹസീനക്ക് വധശിക്ഷ വിധിച്ചത്.

അതേ സമയം ഹസീനയെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിന്റെ സഹായം ബംഗ്ലാദേശ് ഭരണകുടം തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഷെയ്ഖ് ഹസീനയെയും മുന്‍ ആഭ്യന്തരമന്ത്രി അസദുദ്ദീന്‍ ഖാന്‍ കമാലിനെയും വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യത്തോട് ഇന്ത്യ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്റര്‍പോളിനെ സമീപിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍ രാജ്യംവിട്ട രണ്ട് കുറ്റവാളികള്‍ക്കുമായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ബംഗ്ലാദേശ് ഇന്റര്‍പോളിനോട് ആവശ്യപ്പെടുക. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്നും പ്രോസിക്യൂട്ടര്‍ ഗാസി എം.എച്ച്. തമീം ബംഗ്ലാദേശി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപ്രതികളും ഒളിവിലാണ്. ട്രിബ്യൂണലിന്റെ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിന് നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇനി ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍ പുതിയ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിനോട് അഭ്യര്‍ഥിക്കും. വിദേശകാര്യ മന്ത്രാലയം വഴിയാണ് ഈ നടപടികളെന്നും പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിലെ ഭരണവിരുദ്ധപ്രക്ഷോഭം അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യംചെയ്തെന്ന കേസിലാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിന്റെ (ഐസിടി-ബിഡി) മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചത്. ഹസീനയ്ക്കൊപ്പം കേസില്‍ പ്രതിയായ, അവാമി ലീഗ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അസദുദ്ദീന്‍ ഖാന്‍ കമാല്‍ ഖാനും ട്രിബ്യൂണല്‍ വധശിക്ഷവിധിച്ചിരുന്നു. ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടിയ ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണയും വിധിപ്രസ്താവവും. മുന്‍ മന്ത്രി അസദുദ്ദീന്‍ ഖാനും ഇന്ത്യയിലാണുള്ളത്.

അതേസമയം, കുറ്റവാളികളെ കൈമാറാന്‍ നിലവിലുള്ള ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ അംഗീകരിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളാണെങ്കില്‍ കൈമാറേണ്ടതില്ലെന്ന് കരാര്‍വ്യവസ്ഥയുടെ ആറാം അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നുണ്ട് എന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കൊലപാതകക്കേസുകളാണെങ്കില്‍ അതില്‍ ഉള്‍പ്പെട്ടവരെ കൈമാറണമെന്ന വ്യവസ്ഥ 2024 ഡിസംബറില്‍ ബംഗ്ലാദേശ് ഉള്‍പ്പെടുത്തിയിരുന്നു. ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറില്‍ പറയുന്നത്:

ആര്‍ട്ടിക്കിള്‍ 1, 2 പ്രകാരം കൈമാറ്റം സാധുവാകുക എപ്പോഴാണ്?

ഒരാള്‍ക്കെതിരെ കുറ്റം ചുമത്തുകയോ, ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരമൊരാളെ കൈമാറ്റ അപേക്ഷ നല്‍കാന്‍ കഴിയൂകയുള്ളുവെന്ന് കരാര്‍ പറയന്നു. ഹസീനയുടെ കാര്യത്തില്‍, 'മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍' ആരോപിച്ച് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് കരാര്‍ പ്രകാരം ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യക്ക് അപേക്ഷ നല്‍കിയത്.

എന്നാല്‍ ഇരുരാജ്യങ്ങളിലെയും ആഭ്യന്തരനിയമപ്രകാരം കൈമാറേണ്ടയാള്‍ ശിക്ഷാര്‍ഹരാണെങ്കില്‍ മാത്രമേ കൈമാറേണ്ടതുള്ളുവെന്നാണ് വ്യവസ്ഥ. 'മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍' ബംഗ്ലാദേശ് നിയമപ്രകാരം കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതിനെ വ്യത്യസ്തമായാണ് വ്യാഖ്യാനിക്കുന്നത്. സദുദ്ദേശ്യത്തോടെയല്ലാത്ത കൈമാറ്റ അപേക്ഷ നിരസിക്കാമെന്നും കരാര്‍ പറയുന്നു.

ഇത്തരം കാര്യങ്ങള്‍ ആഭ്യന്തരരാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര ട്രൈബ്യൂണലുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ വിലയിരുത്തുക. കരാറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ പ്രധാനമായും രണ്ട് ഉദ്ദേശ്യങ്ങളായിരുന്നു ഇതിന് ഉണ്ടായിരുന്നത്. 1971ലെ വിമോചനയുദ്ധകാലത്ത് തീര്‍പ്പാക്കാത്ത കുറ്റകൃത്യങ്ങള്‍ പരിഗണിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തിക്കപ്പുറമുള്ള തീവ്രവാദികളെ തിരിച്ചെത്തിക്കുക എന്നതുമാത്രമായിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം ഉടലെടുക്കുമെന്ന് കരാര്‍ ഉണ്ടാക്കിയവര്‍ അക്കാലത്ത് സ്വപ്നത്തില്‍ പോലും ചിന്തിച്ച് കാണില്ല

ആര്‍ട്ടിക്കിള്‍ 6(1), 8(3) എന്നിവ പ്രകാരം ഇന്ത്യയ്ക്ക് കൈമാറ്റം നിഷേധിക്കാന്‍ കഴിയുമോ?

ഹസീനയുടെ കേസില്‍ ഉടമ്പടിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ആര്‍ട്ടിക്കിള്‍ 6(1)ഉം ആര്‍ട്ടിക്കിള്‍ 8(3)ഉം ആണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകളാണെന്ന് കണക്കാക്കി കൈമാറ്റം നിരസിക്കാന്‍ വ്യവസ്ഥയനുസരിച്ച് ഇന്ത്യക്ക് കഴിയും. പ്രക്ഷോഭത്തിലൂടെ ഹസീനയെ പുറത്താക്കുകയും മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല ഭരണകൂടം അധികാരത്തില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ ഹസീനയ്ക്കെതിരായ കുറ്റകൃത്യം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇന്ത്യക്ക് വാദിക്കാന്‍ കഴിയും. ആര്‍ട്ടിക്കിള്‍ 8(3) പ്രകാരം സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാമെന്നുമാണ് വ്യവസ്ഥ. ഹസീനയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ സദുദ്ദേശ്യത്തോടെയാണെന്ന് തെളിയിക്കുക ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമായിരിക്കും.

ഉടമ്പടി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഒരു സംവിധാനമുണ്ടോ?

ഇതൊരു ഉഭയകക്ഷി കരാറാറായതുകൊണ്ടുതന്നെ ഇതിലെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഒരുസംവിധാനവും നിലവില്‍ ഇല്ല. ഇതില്‍ ഐക്യരാഷ്ട്രസഭയ്ക്കും ഇടപെടാന്‍ കഴിയില്ല. അന്താരാഷ്ട്രനീതിന്യായ കോടതിക്ക് ഇടപെടണമെങ്കില്‍ ഇരുസര്‍ക്കാരുകളുടെയും സമ്മതത്തോടെ മാത്രമേ കേസുകള്‍ പരിഗണിക്കാന്‍ കഴിയുകയുള്ളു. അത്തരമൊരു സാഹചര്യം തീര്‍ത്തും വിദൂരമാണ്

ഇന്ത്യയുടെ കൈമാറ്റ നിയമം (Extradition Act, 1962) എങ്ങനെ ബാധകമാകും?

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള കേസുകള്‍ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ കൈമാറ്റ നിയമമായ എക്സ്ട്രാഡിഷന്‍ ആക്റ്റ് പ്രകാരം ഹസീനയെ കൈമാറുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. ആരോപിക്കപ്പെടുന്ന കുറ്റം രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കില്‍ കൈമാറാന്‍ പാടില്ലെന്ന് വ്യവസ്ഥയുള്ളതിനാല്‍ തന്നെ അപേക്ഷയുടെ ലക്ഷ്യം സദുദ്ദേശ്യത്തോടെയല്ലെന്നോ, നിയമവിരുദ്ധമാണെന്നോ, രാഷ്ട്രീയ പ്രേരിതമാണെന്നോ ചൂണ്ടിക്കാട്ടി കൈമാറ്റം നിരസിക്കാന്‍ ഇന്ത്യക്ക് കഴിയും. ഉടമ്പടി പ്രകാരം ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് നിര്‍ബന്ധം പിടിച്ചാലും ഇന്ത്യക്ക് ഇത് നിരസിക്കുന്നതിന് നിയപരമായി തടസ്സങ്ങളില്ല.

ധാക്കയിലെ സ്പെഷല്‍ ട്രൈബ്യൂണലാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടു, അനധികൃത വധശിക്ഷകള്‍ നടപ്പാക്കി, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങള്‍ ഹസീനയ്ക്കെതിരെ തെളിഞ്ഞുവെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. എന്നാല്‍ ട്രൈബ്യൂണല്‍ വിധി ഗൂഢാലോചനയാണെന്നായിരുന്നു ഹസീനയുടെ പ്രതികരണം. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതോടെയാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്

Tags:    

Similar News