മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത! നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്; വിസ ലഭിക്കുക ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്ക്; അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് ഹംദാന്‍

മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത!

Update: 2025-05-13 00:52 GMT

ദുബായ്: ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ക്ക് വലിയ ആദരവാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷം പകരാന്‍ മറ്റൊരു കാരണം കൂടി. നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.

ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്കാണ് വിസ ലഭിക്കുക. നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലമതിക്കാനാകാത്ത സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചുകൊണ്ടാണ് തീരുമാനം.

ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നഴ്സുമാരുടെ സ്ഥാനം മുന്‍പന്തിയിലാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമര്‍പ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.

ദുബായ് അവരുടെ മികവിനെ വിലമതിക്കുകയും സമര്‍പ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. നിരവധി മലയാളി നഴ്സുമാര്‍ക്ക് പ്രഖ്യാപനം ഗുണകരമാകും. എമിറേറ്റിലെ ആരോഗ്യമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നഴ്സുമാര്‍ വഹിക്കുന്ന പങ്ക് മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കുള്ള ആദരം.

നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്ന മലയാളി സമൂഹത്തിന് ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തല്‍. യുഎഇയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം മലയാളികളാണ്. കുറച്ചു വര്‍ഷങ്ങളായി യുഎഇയില്‍ നിന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് മലയാളി നഴ്സുമാര്‍ കുടിയേറുന്ന സാഹചര്യമുണ്ട്. ഗോള്‍ഡന്‍ വിസ നഴ്സുമാര്‍ക്ക് യുഎഇയില്‍ തന്നെ തുടരാനുള്ള ആകര്‍ഷണമാകും എന്നാണ് പ്രതീക്ഷ.

2019ലാണ് വിവിധ മേഖലകളിലെ പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചത്. നിക്ഷേപകര്‍ അടക്കം വ്യത്യസ്ത തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ക്ക് ദീര്‍ഘകാല വിസ ലഭിച്ചിട്ടുണ്ട്.

Tags:    

Similar News