ചതി തിരിച്ചറിഞ്ഞ് ഗോപി താമര പാളയത്തിലേക്ക്; സ്ഥാനാര്‍ഥിയാക്കി ബലിയാടാക്കി, എല്‍ഡിഎഫ് വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുനല്‍കിയെന്ന് ഗുരുതര ആരോപണം; ആനപ്പാറയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ അവിശുദ്ധ സഖ്യമെന്ന് പരാതി; വഞ്ചനയ്ക്കെതിരെ ഗോപി മനയത്തുകുടിയിലിന്റെ പ്രതിഷേധം; സിപിഐ സ്ഥാനാര്‍ത്ഥിയും കുടുംബവും പരിവാറുകാര്‍ ആകുമ്പോള്‍
കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഎമ്മും, ബിജെപിയും സിപിഎമ്മും ഒന്നിച്ചാണെന്ന് കോണ്‍ഗ്രസും പരസ്പരം ആരോപിക്കുമ്പോള്‍, വയനാട് പുല്പള്ളിയില്‍ നിന്ന് പുറത്തുവരുന്നത് മറ്റൊരു രാഷ്ട്രീയ ചിത്രം. പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപി മനയത്തുകുടിയിലും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു. എല്‍ഡിഎഫ് നേതൃത്വം തന്നെ വഞ്ചിച്ചെന്നും വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മറിച്ചുനല്‍കിയെന്നുമാണ് ഗോപിയുടെ ആരോപണം.
സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപി വാര്‍ഡില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ആസൂത്രിതമായ നീക്കമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റായ ആനപ്പാറയില്‍ താമരയെ വീഴ്ത്താന്‍ എല്‍ഡിഎഫ് വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുവെന്നാണ് ആരോപണം. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനോദ് കാഞ്ഞൂക്കാരന്‍ 432 വോട്ടുമായി വിജയിച്ചു. ബിജെപിയിലെ സിജേഷ് കുട്ടന്‍ 393 വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍, ഗോപിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന നിമിഷം നേതാക്കള്‍ വീട്ടിലെത്തി നിര്‍ബന്ധിച്ചാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഗോപി പറയുന്നു. എല്‍ഡിഎഫിന് വാര്‍ഡിലുള്ള 264 ഉറച്ച വോട്ടുകള്‍ ലഭിക്കുമെന്നും തിരഞ്ഞെടുപ്പ് ചെലവുകള്‍ മുന്നണി വഹിക്കുമെന്നുമായിരുന്നു നേതാക്കള്‍ നല്‍കിയ ഉറപ്പ്. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തി ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് വോട്ടുകള്‍ കോണ്‍ഗ്രസിന് അവിശുദ്ധമായി കൈമാറുകയായിരുന്നു.
മത്സരിക്കാനിറങ്ങിയത് ഇടതുപക്ഷത്തിന്റെ വിജയത്തിനായിട്ടാണെങ്കിലും പാര്‍ട്ടി നേതൃത്വം തന്നെ വെറും ബലിയാടാക്കുകയായിരുന്നുവെന്ന് ഗോപി മനയത്തുകുടിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പാര്‍ട്ടി ഓഫീസിലെത്തി പരാതിപ്പെട്ടെങ്കിലും ആരും ഗൗരവമായി എടുത്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കുടുംബത്തോടൊപ്പം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ബിജെപി നേതാക്കള്‍ ഗോപിയുടെ വീട്ടിലെത്തി ഇദ്ദേഹത്തെയും കുടുംബത്തെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അരുണ്‍, ഇ.കെ. സനല്‍കുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
