കുറച്ചു വര്‍ഷങ്ങളായി ഗോവിന്ദച്ചാമി ജയിലില്‍ പഞ്ചപാവം; അവസരം മുതലെടുത്ത് ചാമിയുടെ ജയില്‍ ബ്രേക്ക് പ്ലാനിംഗ്; ആദ്യം ശ്രമിച്ചത് മതില്‍ തുരന്ന് ജയില്‍ചാടാന്‍; കമ്പികൊണ്ട് മതില്‍ തുരന്നെങ്കിലും എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചു; എലിശല്യവും ടൂളാക്കി വിരുതന്റെ ജയില്‍ചാട്ടം; ജയിലില്‍ കഞ്ചാവ് വാങ്ങിയിരുന്നത് മട്ടന്‍കറി പകരം നല്‍കിയെന്നും ഗോവിന്ദച്ചാമിയുടെ മൊഴി

കുറച്ചു വര്‍ഷങ്ങളായി ഗോവിന്ദച്ചാമി ജയിലില്‍ പഞ്ചപാവം; അവസരം മുതലെടുത്ത് ചാമിയുടെ ജയില്‍ ബ്രേക്ക് പ്ലാനിംഗ്

Update: 2025-07-27 01:10 GMT

കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം സംബന്ധിച്ച കൂടുതല്‍ വിശദംശങ്ങള്‍ പുറത്തുവന്നു. ഗോവിന്ദച്ചാമി വര്‍ഷങ്ങളായി ജയില്‍ചാടാന്‍ പ്ലാനിംഗ് നടത്തി വരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആദ്യം ജയില്‍ അധികൃതരില്‍ നിന്നും താന്‍ ജയില്‍ചാടാന്‍ ഉദ്ദേശമുള്ള ആളല്ലെന്ന ബോധം വളര്‍ത്തിയെടുത്തു. ഇതിന് ശേഷമാണ് എങ്ങനെ ജയില്‍ചാടണമെന്ന പ്ലാനിംഗ് അടക്കം ചാമി നടത്തി. പലവിധത്തില്‍ ജയില്‍ചാട്ട ആലോചനകള്‍ നടന്നുവെന്നാണ് സൂചന.

മതില്‍ തുരന്നു ജയില്‍ചാടാനാണ് ഗോവിന്ദച്ചാമി ആദ്യം ശ്രമിച്ചത്. ഇതിന് ശ്രമം തുടങ്ങിയെങ്കിലും എളുപ്പമല്ലെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു. ക്വാറന്റീന്‍ വാര്‍ഡിന്റെ 6 മീറ്റര്‍ ഉയരമുള്ള മതില്‍ ഒരാള്‍ക്കു കടക്കാവുന്ന വട്ടത്തില്‍, 10 സെന്റിമീറ്ററോളം കമ്പികൊണ്ടു തുരന്നെങ്കിലും ആ ശ്രമം ഉപേക്ഷിച്ചു. പത്താം ബ്ലോക്കില്‍നിന്നു പുറത്തുകടന്ന്, മുന്‍പെടുത്തുവച്ച കമ്പികൊണ്ടു മതില്‍ തുരക്കുകയായിരുന്നു. വിചാരിച്ച വേഗത്തില്‍ തുരക്കാന്‍ കഴിയാതെ വന്നതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. ഇതിന് ശേഷമാണ് ജയില്‍ചാട്ടത്തിന് മറ്റു മാര്‍ഗ്ഗങ്ങളും ഇയാള്‍ ആലോചിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

2011 മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി ഏറെക്കാലം ജയില്‍ അധികൃതര്‍ക്കു തലവേദനയായിരുന്നു. എന്നാല്‍, 3 വര്‍ഷമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ, ജയില്‍ ചാടാനുള്ള ശ്രമമുണ്ടാകുമെന്ന് അധികൃതര്‍ കരുതിയില്ല. ജയിലില്‍ ജോലി ചെയ്യിക്കുന്നതിനിടെ പ്രശ്‌നമുണ്ടാക്കിയതിന് 10 മാസം തടവിനു ശിക്ഷിച്ചിരുന്നതയി മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്തു.

ഗോവിന്ദച്ചാമിക്കൊപ്പം സഹതടവുകാരന്‍ സുരേഷ് കണ്ണനെയും ജോലി ചെയ്യിക്കാറില്ല. മാനസിക ദൗര്‍ബല്യത്തിനു ചികിത്സയില്‍ കഴിയുന്നയാളാണു സുരേഷ്. ഇവര്‍ തമ്മില്‍ സെല്ലില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാറില്ല. മരുന്നു കഴിക്കുന്നതിനാല്‍ രാത്രി 10 ആകുമ്പോഴേക്കും സുരേഷ് ഉറങ്ങും. അതുകൊണ്ടുതന്നെ ഗോവിന്ദച്ചാമി സെല്ലിന്റെ ഇരുമ്പഴി മുറിക്കുന്നത് അറിഞ്ഞില്ലെന്നാണ് നിഗമനം. അതേസമയം സുരേഷിന് പദ്ധതി അറിയാമായിരുന്നെങ്കിലും ജയില്‍ചാടാന്‍ നിന്നില്ലെന്നുമാണ് വിവരം.

ജയില്‍ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയത് 3 വര്‍ഷത്തെ തയാറെടുപ്പും ആസൂത്രണവുമെന്ന് ഉത്തരമേഖലാ ജയില്‍ ഡിഐജി വി.ജയകുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജയില്‍ചാട്ടത്തിന് എലിയെ പോലും ഗോവിന്ദച്ചാമി ടൂളാക്കി. സെല്ലിലേക്ക് എലി കയറുന്നതു തടയാന്‍ വാതിലിനു താഴെ തുണി തിരുകിവയ്ക്കാന്‍ ഗോവിന്ദച്ചാമി ജയിലധികൃതരുടെ അനുമതി നേടി. വാതിലിലെ ഇരുമ്പുകമ്പി അറുത്തുമാറ്റുന്നത് ആരും കാണാതിരിക്കാന്‍ തുണി ഉപയോഗിച്ചു മറച്ചു. കമ്പി മുറിക്കാനുള്ള ചെറിയ ആയുധങ്ങള്‍ 3 വര്‍ഷം മുന്‍പേ ഇയാള്‍ ശേഖരിച്ചു. രാത്രികളിലാണ് കമ്പി മുറിച്ചത്.

പുതപ്പും തുണിയും ഉപയോഗിച്ച് സ്വന്തം ഡമ്മിയും ഇയാളുണ്ടാക്കി. അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ ഡമ്മി പുതപ്പിച്ചിട്ട ശേഷം സെല്ലിനു പുറത്തുകടന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പുറത്തിറങ്ങിയ ഗോവിന്ദച്ചാമി ജയില്‍വളപ്പിലെ മതിലിനടുത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും ജീവനക്കാര്‍ കണ്ടില്ല.

24 മണിക്കൂര്‍ നിരീക്ഷണം വേണ്ട സിസിടിവി പരിശോധിക്കാനും ആരുമുണ്ടായില്ല. കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള സെല്ലുകളില്‍ കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട പരിശോധനയിലും വീഴ്ചയുണ്ടായി. ഗോവിന്ദച്ചാമി പുറത്തിറങ്ങിയ സമയം സെല്ലിന്റെ പരിസരത്തു വെളിച്ചമുണ്ടായിരുന്നില്ല.

ഗുരുതരവീഴ്ച വരുത്തിയ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗോവിന്ദച്ചാമിക്ക് ജയിലിനുള്ളില്‍നിന്ന് ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് അധികൃതരുടെ നിലപാടെങ്കിലും അക്കാര്യം വിശദമായി പരിശോധിക്കണമെന്നും ഡിഐജി ആവശ്യപ്പെട്ടു.

അതിനിടെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലുകളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ചെറു ആയുധങ്ങള്‍ പിടികൂടി. ജയിലില്‍ കഴിയുന്ന ഗുണ്ടകളുടെ സെല്ലില്‍നിന്നാണ് ആയുധങ്ങള്‍ കൂടുതലും പിടികൂടിയത്.

ജയിലില്‍നിന്ന് രക്ഷപ്പെടാനായി ഇരുമ്പഴി മുറിച്ചതിന് ഗോവിന്ദച്ചാമിയുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു. ബി സെല്ലിലെ ഇരുമ്പഴിയുടെ അടിഭാഗം അരം പോലുള്ള ആയുധമുപയോഗിച്ച് മുറിച്ചുമാറ്റിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1.35-ന് ഇയാള്‍ പുറത്തുകടന്നത്. സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ യഥേഷ്ടം ലഭിക്കുമെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ ഗോവിന്ദച്ചാമി മൊഴിനല്‍കിയിട്ടുണ്ട്. ജയില്‍ ചാടിയ ദിവസം രാത്രിയിലും കഞ്ചാവ് വലിച്ചിരുന്നു. കഞ്ചാവ്, മാഹിയില്‍നിന്നുള്ള മദ്യം എന്നിവ എത്തിച്ചുനല്‍കാന്‍ പ്രത്യേകം ആളുകളുണ്ടെന്നും ഇയാള്‍ പറഞ്ഞു.

കൈയില്‍ പണമില്ലാത്തതിനാലും പുറത്തുനിന്ന് ഗൂഗിള്‍പേ വഴി പണം അയച്ചുനല്‍കാന്‍ ആളില്ലാത്തതിനാലും ലഹരിവസ്തുക്കള്‍ കിട്ടാറില്ല. മട്ടന്‍കറി ഉള്‍പ്പെടെയുള്ളവ പകരം നല്‍കിയാണ് താന്‍ സഹതടവുകാരില്‍നിന്ന് കഞ്ചാവ് വാങ്ങുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മൊഴി പോലീസ് പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല

അതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് പേടി ഗോവിന്ദച്ചാമിയെ പോലെയുള്ള കൊടുംകുറ്റവാളികളെയല്ല. എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ ഗുണ്ടകളെയാണ്. 88 ഗുണ്ടകളാണ് ഈ 3 ജില്ലകളില്‍നിന്നായി ഇവിടെയുള്ളത്. 30 കേസുകള്‍വരെയുള്ള ഗുണ്ടകള്‍ ഇക്കൂട്ടത്തിലുണ്ട്. മിക്ക സമയത്തും ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതാണ് ഉദ്യോഗസ്ഥരുടെ തലവേദനയാണ്.

അതിനിടി ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തില്‍ പരിശോധനാ വിഷയങ്ങള്‍ ലഭിക്കുന്നതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണത്തിന് നിയോഗിച്ച സമിതിയംഗമായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജയിലുകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും സര്‍ക്കാരിന് നല്‍കുക. ഇത്തരം സംഭവമുണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News