എകെജി സെന്റര്‍ ഭൂമി പിടിച്ചെടുക്കാന്‍ കേരളാ 'വിസി'; ഗവര്‍ണര്‍ കൂടുതല്‍ പിണക്കിയാല്‍ ആ ഭൂമി കൈവിട്ടു പോകുമോ എന്ന ആശങ്ക ശക്തം; മന്ത്രിമാരായ ബിന്ദുവും രാജീവും വീണ്ടും രാജ്ഭവനില്‍ എത്തുന്നത് അനുനയത്തിന്; വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അര്‍ലേക്കര്‍ വിട്ടുവീഴ്ച ചെയ്യില്ല; ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടര്‍ന്നേക്കും
തിരുവനന്തപുരം: വീണ്ടും അനുനയത്തിന് സര്‍ക്കാര്‍. സുപ്രീകോടതിയുടെ ഉത്തരവിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുവേണം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടപടി സ്വീകരിക്കാനെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. മന്ത്രി പി. രാജീവിനൊപ്പം ഞായറാഴ്ച രാജ്ഭവനില്‍ ഗവര്‍ണറെ കാണുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലകള്‍ക്കും ഗുണകരമായ തീരുമാനം ചാന്‍സലറുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. അനുനയം വേണ്ടെന്ന് സിപിഎം തീരുമാനം എടുത്തിരുന്നു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. അപ്പോഴും ഒരു വട്ടം കൂടി അനുനയ ശ്രമം തുടരാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. ഇതുകൊണ്ടാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ പോകുന്നത്.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെ ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് രേഖാമൂലം വിളിപ്പിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഞായറാഴ്ച മന്ത്രിമാരുടെ സന്ദര്‍ശനത്തിനുശേഷം ആവശ്യമെങ്കില്‍മാത്രം സെക്രട്ടറി ഗവര്‍ണറെ കാണും. കേരളാ സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങളും ഗവര്‍ണറുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. സിപിഎമ്മിന്റെ കൈവശമുള്ള എകെജി സെന്റര്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി പിടിച്ചെടുക്കാന്‍ വൈസ് ചാന്‍സലര്‍ നീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗവര്‍ണറെ മന്ത്രിമാര്‍ വീണ്ടും കാണുന്നത്. പുറമ്പോക്ക് ഭൂമിയാണെന്ന പേരില്‍ എകെജി സെന്ററിനെതിരെ നടത്തുന്ന നീക്കം സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. രാജ്യത്ത് ഒമ്പതാംസ്ഥാനത്തുള്ള കേരള സര്‍വകലാശാലയില്‍ ഇപ്പോള്‍ വൈസ്ചാന്‍സലറായി നിയമിതനായിരിക്കുന്ന വ്യക്തി വലിയ നിലയിലുള്ള ഇടപെടലുകള്‍ നടത്തി സര്‍വകലാശാലാ സമൂഹത്തെ വീര്‍പ്പുമുട്ടിക്കുകയാണ്. ഫോണില്‍ വിളിച്ചും നേരിട്ടുകണ്ടും സംസാരിച്ചിട്ടും സംഗതികള്‍ വഷളാക്കുന്ന നിലയില്‍ വൈസ് ചാന്‍സലര്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഡിജിറ്റല്‍, സാങ്കേതിക (കെടിയു) സര്‍വകലാശാലകളിലെ താത്കാലിക വിസിമാര്‍ക്ക് പുനര്‍നിയമനം നല്‍കിയത് സുപ്രീംകോടതി ഉത്തരവനുസരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറുടെ മറുപടി ലഭിച്ചിരുന്നു. സ്ഥിരം വിസിമാരെ നിയമിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ മന്ത്രിമാരെ നിയോഗിച്ചകാര്യം അറിയിച്ച് മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവുമായി ഗവര്‍ണര്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, സ്ഥിരം വിസി നിയമനത്തില്‍ ഐടി, ഉന്നത വിദ്യാഭ്യാസസെക്രട്ടറിമാരുമായി ശനിയാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി. വെള്ളിയാഴ്ച രണ്ടു താത്കാലിക വിസിമാര്‍ക്ക് പുനര്‍നിയമനം നല്‍കിയത് റദ്ദാക്കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു കത്തില്‍ സ്ഥിരം വിസി നിയമനത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം മാനിക്കണമെന്നും ആവശ്യപ്പെട്ടു.
വൈസ് ചാന്‍സലര്‍മാറുടെ നിയമനത്തില്‍ സുപ്രീംകോടതി നിര്‍ദേശം മറികടന്ന് സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടപടി എടുത്തുവെന്നാണ് സര്‍ക്കാര്‍ നിലപാട്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍കാലിക വി സിമാരെ പുനര്‍നിയമിച്ച് ഗവര്‍ണറുടെ ഉത്തരവിറങ്ങിയതിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഡോ. സിസ തോമസ്, ഡോ. കെ ശിവപ്രസാദ് എന്നിവര്‍ക്ക് വീണ്ടും ചുമതല നല്‍കിയുള്ള ഉത്തരവ് രാജ്ഭവന്‍ ഇറക്കിയതിന് പിന്നാലെ ഇരുവരും സര്‍വകലാശാലയില്‍ എത്തി ചുമതലയേറ്റെടുത്തു. താല്‍കാലിക വി സിമാരുടെ നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്നാകണമെന്ന സുപ്രീംകോടതി നിര്‍ദേശമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറികടന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. താല്‍കാലിക നിയമനത്തിന് സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ തഴഞ്ഞാണ് ഇപ്പോഴത്തെ നിയമനം.
സാങ്കേതിക സര്‍വകലാശാലയുടെ നിയമം വകുപ്പ് 13(7), ഡിജിറ്റല്‍ സര്‍വകലാശാല നിയമം വകുപ്പ് 10 (11) എന്നിവയാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. നിലവിലുള്ള വിസിമാര്‍ക്ക് തുടരാന്‍ ചാന്‍സലര്‍ക്ക് പുതിയ വിജ്ഞാപനം ഇറക്കാമെങ്കിലും മുകളില്‍പറഞ്ഞ വകുപ്പുകള്‍ അനുസരിച്ചേ നിയമനമാകാവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല നിയമം 2015 വകുപ്പ് 13 (7) പ്രകാരം വിസി ഒഴിവില്‍ മറ്റേതെങ്കിലും സര്‍വകലാശാല വിസിയെയോ പ്രൊ വിസിയെയോ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയോ സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം ചാന്‍സലര്‍ നിയമിക്കണം. ഡിജിറ്റല്‍ സര്‍വകലാശാല നിയമം വകുപ്പ് 11 (10) പ്രകാരം വിസിയുടെ ഒഴിവില്‍ സര്‍ക്കാര്‍ ശുപാര്‍ശപ്രകാരം ചാന്‍സലര്‍ മറ്റ് സര്‍വകലാശാലയുടെ വിസിയെയോ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സെക്രട്ടറിയെയോ ആറുമാസത്തേക്ക് താല്‍ക്കാലിക ചുമതലയില്‍ നിയമിക്കണം-ഇതാണ് സര്‍ക്കാര്‍ ആവശ്യം.
സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്നല്ലാതെ ചാന്‍സലര്‍ക്ക് വിസിയെ നിയമിക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതിനെതിരായ അപ്പീലില്‍ സുപ്രീംകോടതി ഗവര്‍ണര്‍ക്ക് അനുകൂല തീരുമാനം എടുത്തുവെന്നാണ് രാജ്ഭവന്‍ പറയുന്നത്.
എകെജി പഠന ഗവേഷണ ഭൂമി വിവാദം ഇങ്ങനെ
സിപിഎമ്മിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസായ പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രം (പഴയ എകെജി സെന്റര്‍) സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന പരാതിയില്‍ തുടര്‍നടപടികള്‍ക്കു തുടക്കമിട്ടിരിക്കുകയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍.
പഴയ എകെജി സെന്റര്‍) സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായതായെന്നു ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. ഇപ്പോഴും റവന്യു രേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായി തുടരുന്ന ഈ സ്ഥലത്തിന് കരം ഒടുക്കിയിട്ടില്ലെന്നും സര്‍വേ വകുപ്പില്‍ നിന്നും വഞ്ചിയൂര്‍ വില്ലേജ് ഓഫിസില്‍ നിന്നും രേഖകള്‍ ലഭിച്ചതായും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. സിപിഎം കയ്യേറിയിരിക്കുന്ന സര്‍വകലാശാല വക ഭൂമി തിരിച്ചു പിടിക്കണമെന്നാണ് കമ്മിറ്റി ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
1977 ഓഗസ്റ്റ് 20ന് എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി അനുവദിച്ചത്. അന്ന് അനുവദിച്ചത് 15 സെന്റ് ഭൂമി മാത്രമാണെങ്കിലും സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി സിപിഎം കൈവശമുണ്ടെന്നാണ് വിവരാവകാശ രേഖ. ഭൂമി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് കലക്ടറേറ്റിലോ, താലൂക്ക് ഓഫിസിലോ, വില്ലേജ് ഓഫിസിലോ, സര്‍വേ വകുപ്പിലോ ലഭ്യമല്ലെന്നു ക്യാംപെയ്ന്‍ കമ്മിറ്റി അറിയിച്ചു.
അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ തണ്ടപ്പേര് പിടിക്കാത്തതിനാല്‍ ഇപ്പോഴും പുറമ്പോക്ക് ഭൂമിയായി വഞ്ചിയൂര്‍ വില്ലേജ് ഓഫിസ് റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുമൂലം വസ്തുക്കരം സ്വീകരിക്കാന്‍ റവന്യു വകുപ്പ് തയാറായിട്ടുമില്ല. എന്നാല്‍ 10.33 ലക്ഷം രൂപ കോര്‍പറേഷന് കെട്ടിട നികുതിയായി പ്രതിവര്‍ഷം അടയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതും ടിസി നമ്പര്‍ അനുവദിച്ചതും കെട്ടിടനികുതി സ്വീകരിച്ചതും ഗുരുതരമായ കൃത്യവിലോപമാണെന്നും ക്യാംപെയ്ന്‍ കമ്മിറ്റി ആരോപിക്കുന്നു.