പുതിയ കേസിലെ ഉള്‍പ്പെടെ നിപാ സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍; പാലക്കാട്ട് രണ്ടാമതും നിപാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് കരുതല്‍ നിര്‍ദേശം; പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരും വയനാടും തൃശൂരും അതീവ ജാഗ്രത; നിപാ ആശങ്ക മാറുന്നില്ല

Update: 2025-07-13 17:17 GMT

തിരുവനന്തപുരം: നിപാ ഭീതിയില്‍ വടക്കന്‍ കേരളം. പാലക്കാട്ട് രണ്ടാമതും നിപാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലയിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം. നിപാ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവയുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ജില്ലയില്‍ രണ്ടാമതും രോഗം നിര്‍ണയിച്ചത്. ഈ സാഹചര്യത്തില്‍ മരിച്ചയാളുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിക്കുകയായിരുന്നു.

മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെയാണ് കണ്ടെത്തിയത്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫാമിലി ട്രീയും തയ്യാറാക്കി. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഫീവര്‍ സര്‍വൈലന്‍സും തുടരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ഒരു കേസ് കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ടീമിനെ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

പുതിയ കേസിലെ ഉള്‍പ്പെടെ നിപാ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. മലപ്പുറം ജില്ലയില്‍ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 36 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 128 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

രോഗനിര്‍ണയത്തെത്തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News