ലോട്ടറി ടിക്കറ്റുകളുടെ വില ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ നീക്കം; സമ്മാനത്തുകയും കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭാഗ്യാന്വേഷികള്‍ക്കും ടിക്കറ്റ് വില്‍പ്പനക്കാര്‍ക്കും തിരിച്ചടിയാകും; കേന്ദ്രം ജി.എസ്.ടി കൂട്ടിയാല്‍ ഉടന്‍ തീരുമാനം; പുതിയ നികുതി ഘടന നടപ്പാക്കിയാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം നഷ്ടം പതിനായിരം കോടി രൂപയിലേറെ
ലോട്ടറി ടിക്കറ്റുകളുടെ വില ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റുകളുടെ വില ഇരട്ടിയായി വര്‍ധിപ്പിക്കാനും സമ്മാനത്തുക കുറയ്ക്കാനുമൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയാല്‍ ഉടന്‍ വില വര്‍ധിപ്പിക്കാനും സമ്മാനത്തുക കുറയ്ക്കാനുമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. പുതിയ നികുതി ഘടന നിലവില്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. വില വര്‍ധിപ്പിക്കുന്നതുമൂലം ലോട്ടറി വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടാകും. അതോടൊപ്പം, സമ്മാനത്തുക കുറയ്ക്കുന്നത് ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ കുറയാനും കാരണമാകും.
നിലവില്‍ ലോട്ടറി ടിക്കറ്റിന്റെ മുഖവിലയിലാണ് 28 ശതമാനം ജിഎസ്ടി ഈടാക്കുന്നത്. ഇത് 40 ശതമാനമായി വര്‍ദ്ധിപ്പിക്കുമ്പോള്‍ ടിക്കറ്റ് വില ഗണ്യമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഉദാഹരണത്തിന് 100 രൂപ മുഖവിലയുള്ള ടിക്കറ്റിന് ഇപ്പോള്‍ 28 രൂപയാണ് ജിഎസ്ടി. ഇത് 40 രൂപയായി മാറുമ്പോള്‍ ടിക്കറ്റിന്റെ അടിസ്ഥാന വില തന്നെ വര്‍ദ്ധിക്കും. ഇത് ലോട്ടറി വില്‍പ്പനയില്‍ വലിയ ഇടിവുണ്ടാക്കുകയും സമ്മാനത്തുക കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്യും. ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ജി.എസ്.ടി വര്‍ധന തിരിച്ചടിയാകും. സംസ്ഥാനത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ ലോട്ടറി വില്‍പ്പന ഉപജീവനമാക്കിയ ആയിരക്കണക്കിനു പേരാണുള്ളത്. തിരുവോണം, ക്രിസ്തുമസ്, പുതുവല്‍സര ബമ്പറുകള്‍ക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതി. കഴിഞ്ഞവര്‍ഷം നറുക്കെടുപ്പ് നടന്ന തിരുവോണം ബമ്പര്‍ 70 ലക്ഷത്തിലധികവും ക്രിസ്തുമസ്- പുതുവല്‍സര ബമ്പര്‍ 47 ലക്ഷത്തിലധികം ടിക്കറ്റുകളുമാണ് വിറ്റുപോയത്.
കേരളത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ നട്ടെല്ലാണ് ലോട്ടറിയില്‍ നിന്നുള്ള വരുമാനം. കാരുണ്യ, സുരക്ഷാ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് ഈ വരുമാനത്തില്‍ നിന്നാണ്. നിലവില്‍ 14,000 കോടി രൂപയുടെ വിറ്റുവരവുള്ള ലോട്ടറി മേഖലയില്‍ നിന്ന് 8,000 കോടിരൂപ മുതല്‍ 10,000 കോടിരൂപ വരെയാണ് സര്‍ക്കാരിന് നികുതിയായി ലഭിക്കുന്നത്. ജിഎസ്ടി വര്‍ദ്ധനവ് നടപ്പായാല്‍ ഈ വരുമാനം 5,000 കോടി രൂപയായി കുറയും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കും. ലോട്ടറിയില്‍ നിന്നും ലിഭിക്കുന്ന വരുമാനം സര്‍ക്കാര്‍ പൂര്‍ണ്ണമായും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ 12530 കോടിരൂപയാണ് ലോട്ടറി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിച്ചത്. 2022- 23 വര്‍ഷത്തില്‍ ഇത് 11892 കോടി രൂപയായിരുന്നു. ഒരു വര്‍ഷം കൊണ്ട് 5.36 ശതമാനം വളര്‍ച്ചയാണ് ലോട്ടറി വരുമാനത്തിലുണ്ടായത്.
ജി.എസ്.ടി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചാല്‍ അതു പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടിയാണു കൈക്കൊള്ളുന്നതെന്ന് ഉറ്റുനോക്കുകയാണ് ലോട്ടറി വില്‍പ്പന ഉപജീവനമാക്കിയവര്‍. ജിഎസ്ടി വര്‍ദ്ധനവ് നടപ്പായാല്‍ ടിക്കറ്റ് വില കൂടുന്നതോടെ വില്‍പ്പന കുറയുകയും ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും വരുമാനത്തെ അത് സാരമായി ബാധിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ഈ തൊഴില്‍ മേഖല കടുത്ത പ്രതിസന്ധിയിലാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ മേയില്‍ കേരള ലോട്ടറി നറുക്കെടുപ്പില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ ലോട്ടറി ഘടന പ്രാബല്യത്തില്‍ വന്നതോടെ ലോട്ടറി എടുക്കുന്നവര്‍ക്കും ഏജന്റുമാര്‍ക്കും നേട്ടമുണ്ടായിരുന്നു. സമ്മാന ഘടന പരിഷ്‌കരിച്ചിരിക്കുന്നതിനാല്‍ ലോട്ടറി അടിക്കാനുള്ള സാധ്യതകളും കൂടിയിരുന്നു.
ലോട്ടറിയില്‍ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ ചികിത്സാ പദ്ധതി നടപ്പാക്കുന്നത്. പ്രതിവര്‍ഷം ഏകദേശം ആറുലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നുണ്ട്്. 42 ലക്ഷം കുടുംബങ്ങള്‍ സൗജന്യ ചികിത്സാ പദ്ധതിയില്‍ ഗുണഭോക്താക്കളാണ്. സംസ്ഥാനത്തിന്റെ നികുതിയതര വരുമാനത്തിന്റെ പ്രധാനപങ്കും കേരള ലോട്ടറികളില്‍ നിന്നാണ് ലഭിക്കുന്നത്.. ലോട്ടറികളില്‍ നിന്നുള്ള ഐ.ജി.എസ്.ടി പിരിവില്‍ നിന്നും കേരള സര്‍ക്കാരിന് വലിയ വരുമാനമുണ്ട്. 2025- 26 ലോട്ടറി വരുമാനത്തിനായുള്ള ബജറ്റ് എസ്റ്റിമേറ്റ് 13,121.14 കോടി രൂപയായിരുന്നു. 2015- 16 ല്‍ പ്രതീക്ഷിച്ച 6,366.70 കോടിരൂപയുടെ ഇരട്ടിയിലധികം വരുമിത്. ലോട്ടറി ടിക്കറ്റ് വിലയില്‍ പത്തുരൂപ വര്‍ധന വരുത്തുന്നത് അധിക വരുമാനം ലഭിക്കാന്‍ സഹായകരമാകും.