ഗ്രീഷ്മ ഇനി അട്ടകുളങ്ങര ജയിലിലെ ഒന്നാം നമ്പര്‍ തടവുകാരി! 2025ലെ ആദ്യ വനിതാ ജയില്‍ പുള്ളിയെന്ന വിശേഷണം; വിചാരണ കാലത്ത് ജയിലില്‍ കഴിഞ്ഞതിനാല്‍ സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടല്‍; സഹതടവുകാരായുള്ളത് റിമാന്‍ഡ് പ്രതികള്‍; ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കിക്കൊന്ന ഗ്രീഷ്മയുടെ കാരാഗ്രഹവാസം തുടങ്ങി
ഗ്രീഷ്മ ഇനി അട്ടകുളങ്ങര ജയിലിലെ ഒന്നാം നമ്പര്‍ തടവുകാരി!
തിരുവനന്തപുരം: കേരളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കണ്ടെത്തി കോടതി വധശിക്ഷക്ക് വിധിച്ച ഗ്രീഷ്മയുടെ ജയില്‍വാസത്തിന്റെ രണ്ടാം എപ്പിസോഡിന് തുടക്കമായി. അടുത്തകാലത്തു വരെ വിചാരണാ തടവുകാരിയായി കഴിഞ്ഞ ഗ്രീഷ്മ ഇന്നലെ മുതല്‍ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരിയാണ്. അട്ടകുളങ്ങര വനിതാ ജയിലിലാണ് ഗ്രീഷ്മയുടെ വാസം. റിമാന്‍ഡ് കാലാവധിയിലെ താമസം കൊണ്ട് തന്നെ ഗ്രീഷ്മയ്ക്ക് ജയില്‍ പുത്തരിയല്ല.
വധശിക്ഷക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ 2025ലെ ആദ്യ വനിതാ തടവുകാരിയാണ്. അതുകൊണ്ട് അവര്‍ക്ക് ജയിലില്‍ ലഭിച്ചതും ഒന്നാം നമ്പറാണ്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 14-ാം ബ്ലോക്കില്‍ മറ്റ് രണ്ട് റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. യാതൊരു കൂസലുമല്ലാതെയാണ് ഗ്രീഷ്മയുടെ ജയില്‍വാസവും.
വിചാരണക്കാലത്തും ഗ്രീഷ്മ ഇതേജയിലില്‍ തന്നെയായിരുന്നു. എന്നാല്‍ സഹതടവുകാരികളുടെ പരാതിയെത്തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ മാവേലിക്കര വനിതാ സ്പെഷ്യല്‍ ജയിലിലേക്കു മാറ്റി. വധശിക്ഷ വിധിയുമായി വീണ്ടും അട്ടക്കുളങ്ങരയിലേക്ക് വീണ്ടും ഗ്രീഷ്മ എതത്തുകയാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ടെങ്കിലും ശിക്ഷ നടപ്പാക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മേല്‍ക്കോടതിയില്‍ നിന്നും ശിക്ഷാ ഇളവും ലഭിക്കുമെന്ന പ്രതീക്ഷ ഗ്രീഷ്മക്കുമുണ്ട്.
ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ആണ്‌സുഹൃത്തായിരുന്ന ഷാരോണിന് കഷായത്തില് വിഷം കലക്കി നല്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ് ഒടുവില്‍ ഒക്ടോബര് 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിഷം നല്‍കി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നുമാണ് വധശിക്ഷ വിധിച്ചു കൊണ്ടുള്ള വിധിയില്‍ കോടതി വ്യക്തമാക്കുന്നത്. ഇതിനുള്ള ആദ്യ ശ്രമമായിരുന്നു പാരസെറ്റമോള്‍ ജൂസില്‍ കലക്കി നല്‍കിയത്. അളവില്‍ കൂടുതല്‍ ഗുളിക ജൂസില്‍ കലക്കിയാല്‍ മരണം സംഭവക്കുമെന് മനസിലാക്കാന്‍ 23 പ്രാവശ്യം മൊബൈലില്‍ ഗ്രീഷ്മ സെര്‍ച്ച് ചെയ്തുവെന്നും ആദ്യ വധശ്രമം പരാജയപ്പെട്ട പ്പോള്‍ അതേ രീതി വീണ്ടും പരീക്ഷിച്ചവെന്നും കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നും വിധി പകര്‍പ്പില്‍ പറയുന്നു.
കല്യാണ നിശ്ചയം കഴിഞ്ഞശേഷം ഷാരോണിനെ ഒഴിവാക്കാന്‍ പലശ്രമങ്ങളും ഗ്രീഷ്മ നടത്തിയെങ്കിലും ഷാരോണ്‍ വഴങ്ങിയില്ല. ഇതോടെ മറ്റു വഴികള്‍ ഇല്ലാതെ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി വിവിധ തരത്തിലുള്ള ഗവേഷണം തന്നെ നടത്തി.വിഷം നല്‍കി എങ്ങനെയൊക്കെ കൊല്ലാമെന്നതിനെക്കുറിച്ച് പഠിച്ചു.
പാരസെറ്റാമോള്‍ കൂടുതല്‍ കഴിച്ചാല്‍ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നും എങ്ങനെ മരണം ഉണ്ടാകുമെന്നതിനെക്കുറിച്ചും പഠിച്ചു. കോളേജ് ടോയ്‌ലറ്റില്‍ വെച്ച് ഒരു തവണ പാരസെറ്റാമോളും ഡോളോയും വെള്ളത്തില്‍ കലക്കി കുപ്പിയിലാക്കിയശേഷം ബാഗില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ഷാരോണിനെയും കൂട്ടി പുറത്തുപോയ സമയത്ത് കടയില്‍ പോയി രണ്ടു ബോട്ടില്‍ ജ്യൂസ് വാങ്ങി ബാഗില്‍ വെച്ചു. പിന്നീട് വീണ്ടും കോളേജിലെ ടോയ്‌ലറ്റിലെത്തി ജ്യൂസും പാരസെറ്റാമോള്‍ കലക്കിയതും മിക്‌സ് ചെയ്തു. ഇത് ഷാരോണിന് കൊടുത്തെങ്കിലും ടേസ്റ്റ് വ്യത്യാസം കാരണം ഷാരോണ്‍ കുടിച്ചില്ല.
പിന്നീട് 2022 ഒക്ടോബര്‍ 14ന് വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് ഷാരോണിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിളിച്ചുവരുത്തി. ഇതിനിടയില്‍ തന്നെ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലക്കി വെച്ചിരുന്നു. വീട്ടിലെത്തിയ ഷാരോണിനോട് ബന്ധം ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. തുടര്‍ന്ന് വീണ്ടും സ്‌നേഹം നടിച്ച് കഷായം കുടിക്കാന്‍ വെല്ലുവിളിച്ചു. മുന്‍ കഷായം കുടിക്കാമെന്ന് ചലഞ്ച് ചെയ്ത് പറഞ്ഞിരുന്നതല്ലേയെന്ന് ചോദിച്ച് കുടിക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണ്‍ കുടിച്ചു.
ഇതിനുശേഷം ചുവ മാറാന്‍ ജ്യൂസ് നല്‍കി. തിരിച്ച് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പലതവണ ഷാരോണ്‍ ഛര്‍ദിച്ചു. ഗ്രീഷ്മ തന്നെ ചതിച്ചെന്ന് ഷാരോണ്‍ സുഹൃത്തിനോട് പറയുകയും ചെയ്തു. രാത്രി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയശേഷവും ഛര്‍ദി തുടര്‍ന്നു. പിറ്റേ ദിവസം തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇതിനുശേഷമാണ് വിഷം അകത്തുചെന്നത് സ്ഥിരീകരിച്ചതെന്നതടക്കമുള്ള കേസില്‍ സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊണ്ടാണ് കോടതി ശിക്ഷാവിധിയെക്കുറിച്ച് വിശദമാക്കുന്നത്.
പുതിയ വിവാഹ ആലോചന ആലോചന ഗ്രീഷ്മയ്ക്ക് വന്നതോടെയാണ് പ്രണയത്തിലായിരുന്ന ഷാരോണും ഗ്രീഷ്മയും തെറ്റുന്നത്. പലകാരണങ്ങള്‍ പറഞ്ഞ് ഷാരോണിനെ ഒഴിവാക്കാന്‍ നോക്കി. തന്റെ ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്നും അതുകൊണ്ട് നമുക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടെന്നുവരെ വിവാഹാലോചന വന്നസമയത്ത് ഗ്രീഷ്മ പറഞ്ഞുനോക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വിശ്വസിക്കാതിരുന്ന ഷാരോണ്‍ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന അറ്റകൈയിലേക്ക് ഗ്രീഷ്മയെത്തിയത്.
ആദ്യഭര്‍ത്താവ് മരിക്കുമെന്ന തന്റെ ജാതക ദോഷംമാറുന്നതിന് ഷാരോണിനെ രഹസ്യമായി വിവാഹം ചെയ്ത് ഗ്രീഷ്മ കൊലപ്പെടുത്തിയതാണെന്ന് കുടുംബം പോലീസിന് മൊഴിനല്‍കിയെങ്കിലും ഇക്കാര്യം പോലീസ് വിശ്വസിച്ചില്ല. പകരം മറ്റൊരു വിവാഹം കഴിക്കാനും കാമുകനെ ഒഴിവാക്കാനും ഗ്രീഷ്മ നടത്തിയ ശ്രമം എന്ന നിലയിലേക്കാണ് പോലീസെത്തിയത്.