തൂക്കാന്‍ വിധിച്ച കോടതിവിധി കേട്ട് പശ്ചാത്തപിക്കാത്ത ഗ്രീഷ്മക്ക് ജയില്‍വാസത്തിലും കുലുക്കമില്ല; ജയിലില്‍ കാണാനെത്തിയ അമ്മയും അച്ഛനും വിതുമ്പിക്കരഞ്ഞിട്ടും യാതൊരു ഭാവമാറ്റവുമില്ല; വൈകാത് ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങാമെന്ന ശുഭപ്രതീക്ഷയില്‍ തന്നെ; കഷായം ഗ്രീഷ്മയ്ക്ക് ജയിലില്‍ കൂട്ട് മൂന്ന് കൊലപ്പുള്ളികളും ഒരു പോക്‌സോ കേസ് പ്രതിയും
ഗ്രീഷ്മയ്ക്ക് ജയിലില്‍ കൂട്ട് മൂന്ന് കൊലപ്പുള്ളികളും ഒരു പോക്‌സോ കേസ് പ്രതിയും
തിരുവനന്തപുരം: ഷാരോണ്‍ രാജിനെ പ്രണയക്കെണിയില്‍ കളനാശിനി കലര്‍ത്തിയ കഷായം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്മ ഇതുവരെ പശ്ചാത്തപിച്ചതായി വാര്‍ത്തകള്‍ എവിടെയും വന്നിട്ടില്ല. തന്റെ ചെയ്ത്തിയില്‍ യാതൊരു കുലിക്കവുമില്ലാത്ത നിലപാടിലാണ് അവര്‍. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും മനസ്സാന്നിധ്യം കൈവിടുന്നില്ല ഗ്രീഷ്മ. അഴിയെണ്ണുമ്പോഴും നല്ലൊരു ജീവിതം തന്നെ കാത്തിരിപ്പുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് ശേഷം അട്ടകുളങ്ങര ജയിലില്‍ മൂന്ന് ദിവസത്തെ വാസം കഴിഞ്ഞു അവരുടേത്. ചതിയാണെന്ന് കാമുകന്‍ അറിയാതെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി ഗ്രീഷ്മ സ്‌നേഹം നടിച്ച് കുടുപ്പിച്ചത്. കേസില്‍പ്പെട്ട് വിചാരണ നടക്കുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും ദുഖമോ പശ്ചാത്താപമോ ഇല്ല. ഒടുവില്‍ തലയ്ക്കു മുകളില്‍ തൂക്കുകയര്‍ എന്ന ശിക്ഷാവിധി കേട്ടപ്പോഴും ഗ്രീഷ്മ കുലുങ്ങിയില്ല. അതേ മനോനിലയില്‍ തന്നെയാണ് ജയിലിലും ഗ്രീഷ്മയെന്നാണ് ജയില്‍ അധികൃതരും വ്യക്തമാക്കുന്നത്.
അഞ്ചുപേരുള്ള സെല്ലിലാണ് ഗ്രീഷ്മയെയും പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഒരാള്‍ പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആളുമാണ്. കൂട്ടുപ്രതികളെ വെല്ലുന്ന ആളാണ് ഗ്രീഷ്മയെന്ന് വ്യക്തമാണ്. ആരെയും കൂസാത്ത പ്രകൃതക്കാരിയാണ് അവര്‍. കഴിഞ്ഞ ദിവസം ഗ്രീഷ്മയെ കാണാനായി അച്ഛനും അമ്മയും ജയിലില്‍ എത്തിയിരുന്നു. മകളുടെ ദുര്‍വിധികണ്ട് ആ കൂടിക്കാഴ്ച്ചയില്‍ ആ മാതാപിതാക്കള്‍ വിതുമ്പക്കരഞ്ഞു. എന്നാല്‍, ഗ്രീഷ്മയ്ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. സധൈര്യം നേരിടാനുള്ള മനോധൈര്യം അവര്‍ സംഭരിച്ചു കഴിഞ്ഞിരുന്നു.
മറ്റു പ്രതികളെപ്പോലെയല്ല ഗ്രീഷ്മയെന്ന് ജയില്‍ ഉദ്യോഗസ്ഥരും പറയുന്നത്. ആ കുട്ടി ഭയങ്കര ബോള്‍ഡാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. തൂക്കുകയര്‍ തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. ശുഭപ്രതീക്ഷയും കൈവിടുന്നില്ല. ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നും വൈകാതെ ജാമ്യം ലഭിച്ചു പുറത്തിറങ്ങാമെന്നുമാണ് ഗ്രീഷ്മയുടെ പ്രതീക്ഷ. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ലഭിച്ചിട്ടില്ല. ജയിലും ചുറ്റുപാടും ഗ്രീഷ്മയ്ക്ക് പരിചിതമാണ്. അറസ്റ്റ് കഴിഞ്ഞ് 11 മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അപരിചിതത്വം അനുഭവപ്പെടുന്ന സാഹചര്യവും ഗ്രീഷ്മയ്ക്കില്ല. അന്നും ചിത്രംവരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. ഇപ്പോഴും അങ്ങനെയാണ് മുന്നോട്ടു പോകുന്നത്.
അതേ സമയം വിധിക്കെതിരെ ഹൈക്കോടതയില്‍ അപ്പില്‍ നല്‍കാനുള്ള നീക്കത്തിലാണ് ഗ്രീഷ്മയുടെ കുടുംബം. ജയിലിലെ ഫാര്‍മസിയിലെത്തി ഗ്രീഷ്മ ശരീരവേദനയ്ക്കുള്ള മരുന്ന് വാങ്ങിയതിനാല്‍ ജയിലിലെ ജോലിയില്‍നിന്ന് ഗ്രീഷ്മയെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. രാഷ്ട്രപതിയുടെ ദയാഹര്‍ജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സെല്ലുകളിലേക്ക് മാറ്റുകയുളളൂ.സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ജയിലിനുളളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കും ലഭിക്കും. പക്ഷെ ഇവര്‍ക്ക് മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും.
വിചാരണ കോടതിക്കുശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവര്‍ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെയാണ് ജാമ്യം റദ്ദാക്കി വീണ്ടും ജയിലില്‍ എത്തിച്ചത്. ശിക്ഷിക്കപ്പെട്ടതിനാല്‍ ഇനി ജയിലിലെ ജോലികള്‍ ചെയ്യേണ്ടി വരും.
ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.സമര്‍ത്ഥവും ക്രൂരവുമായി കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിനെ നിയമം എതിര്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് 24 വയസ്സുള്ള ഗ്രീഷ്മക്ക് കോടതി വധശിക്ഷ നല്‍കിയത്. വിധി ന്യായത്തില്‍ ക്രൂര കൊലപാതകത്തെ കുറിച്ച്
കോടതി അക്കമിട്ടു പറഞ്ഞു.ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമാണെന്നും പ്രായത്തിന്റെ ഇളവ് ഗ്രീഷ്മക്ക് നല്‍കാനാവില്ലെന്നും കോടതി നീരിക്ഷണം.പ്രണയത്തിന്റെ അടിമയായി മാറിയ ഷാരോണിനെ പ്രകോപനമില്ലാതെയാണ് ഗ്രീഷ്മ കൊന്നത്.ഗാഢമായ സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു.കുറ്റം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗഷലം വിജയിച്ചില്ല. മുമ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന ഗ്രീഷ്മയുടെ വാദവും കോടതി തള്ളി.
അതേസമയം, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഗ്രീഷ്മയുടെ കുടുംബം ഉടന്‍ തീരുമാനം എടുക്കും. വധശിക്ഷ ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിച്ചത് നിലനില്‍ക്കില്ല എന്ന നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകര്‍
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കരുത് എന്ന് മേല്‍ക്കോടതികള്‍ പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പരാതി. അഭിഭാഷകരുമായി ഗ്രീഷ്മയുടെ മാതാപിതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും അപ്പീല്‍ നല്‍കുക. ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്. കേസില്‍ ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയും, തെളിവ് നശിപ്പിച്ചതിന് മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല കുമാരന് മൂന്നുവര്‍ഷം തടവുമാണ് കോടതി വിധിച്ചത്.