വാളെടുത്തവന്‍ വാളാലേ! ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയ്യിദിനെ കാത്തിരിക്കുന്നത് ഉറ്റകൂട്ടാളി അബു ഖത്തലിന്റെ അതേ വിധി; സയ്യിദിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; അവര്‍ അയാളുടെ അടുത്തെത്തി; പാക് സേനയുടെ സംരക്ഷണം ഉണ്ടെങ്കിലും സയ്യിദ് വേട്ടയാടപ്പെടും; ഖത്തലിന് വെടിയേറ്റ സമയത്ത് സയ്യിദിന് പരിക്കേറ്റുവെന്നും അഭ്യൂഹം
ഹാഫിസ് സയ്യിദിനെ കാത്തിരിക്കുന്നത് ഉറ്റകൂട്ടാളി അബു ഖത്തലിന്റെ അതേ വിധി
ന്യൂഡല്‍ഹി: ലഷ്‌കറി തോയിബ ഭീകരന്‍ അബു ഖത്തല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, സമാനവിധി ഹാഫിസ് സയ്യിദിനും ഉണ്ടാകാമെന്ന് വിദേശകാര്യ വിദഗ്ധര്‍. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയ്യിദ്.
ലഷ്‌കര്‍ സ്ഥാപകനായ ഹാഫിസ് സയ്യിദിന്റെ ദിനങ്ങളും എണ്ണപ്പെട്ടുവെന്നാണ് അടുത്ത കൂട്ടാളിയായ അബു ഖത്തലിന്റെ കൊലപാതകം സൂചിപ്പിക്കുന്നതെന്ന് റോബിന്ദര്‍ സച്ച്‌ദേവ എ എന്‍ ഐയോട് പറഞ്ഞു.
' ഹാഫിസ് സയ്യിദിന്റെ അടുത്ത കൂട്ടാളി കൊല്ലപ്പെട്ടു. അതിനനര്‍ഥം സയ്യിദ് അടക്കമുള്ള ഭീകരരെ നിരീക്ഷിക്കുന്നവര്‍ അവര്‍ക്ക് അടുത്ത് എത്തിയെന്നാണ്. വാളെടുത്തവന്‍ വാളാലെ എന്നുപറയാറുണ്ട്. ഹാഫിസ് സയ്യിദിനും സമാന വിധി നേരിടേണ്ടി വന്നേക്കാം. അബു ഖത്തല്‍, കശ്മീര്‍, രജൗറി, പൂഞ്ച്, പാക് അധിന കശ്മീര്‍ എന്നിവിടങ്ങളിലെ നിരവധി ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ട ആളാണ്', സച്ച്‌ദേവ പറഞ്ഞു.
തന്റെ അനന്തരവന്റെ വധത്തെ തുടര്‍ന്ന് സയ്യിദ് സ്വന്തം സുരക്ഷ ശക്തമാക്കിയിരിക്കാമെന്നും സച്ച്‌ദേവ കണക്കുകൂട്ടുന്നു. ' ഹാഫിസ് സയ്യിദിന്റെ അടുത്ത നീക്കം തന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും, പാക് സൈന്യത്തിന്റെ സഹായം തേടാനും ആയിക്കും ( പാക്‌സേന നിലവില്‍ സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും). ഈ കൊലപാതകത്തിന് പിന്നില്‍ ആരെന്ന് ആര്‍ക്കും പറയാനാവില്ല. പക്ഷേ ഇത് ഇന്ത്യയെ താറടിച്ചുകാട്ടാന്‍ പാക് അധികൃതര്‍ തന്നെ ചെയ്ത് കൂട്ടിയത് ആവാനും സാധ്യതയുണ്ട്'-റോബിന്ദര്‍ സച്ച്‌ദേവ അഭിപ്രായപ്പെട്ടു.
അബു ഖത്തലിന് എതിരായ ആക്രമണത്തിനിടെ പരിക്കേറ്റ വ്യക്തി ചിലപ്പോള്‍ ഹാഫിസ് സയ്യിദ് തന്നെയാവാമെന്ന് വിരമിച്ച മേജര്‍ ജനറല്‍ ധ്രുവ് സി കടോച് പറഞ്ഞു. ' പരിക്കേറ്റ മറ്റേ ആളെ പാക് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതാരാണെന്ന കാര്യം പാക്കിസ്ഥാന്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം അത് ഹാഫിസ് സയ്യിദ് ആണെന്ന സൂചനയുണ്ട്.'
സൈന്യത്തിന്റെ സംരക്ഷണത്തിലാണെങ്കിലും അല്ലെങ്കിലും പാക്കിസ്ഥാനില്‍ ഒരു തീവ്രവാദിയും യഥാര്‍ഥത്തില്‍ സുരക്ഷിതനല്ലെന്നും ഒടുവില്‍ വേട്ടയാടപ്പെടുക തന്നെ ചെയ്യുമെന്നും മേജര്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
' ഹാഫിസ് സയ്യിദ് ആണെങ്കിലും മറ്റാരെങ്കിലും ആണെങ്കിലും മുഖ്യവിഷയം എന്താണെന്ന് വച്ചാല്‍, അയാള്‍ക്ക് രാത്രി സുഖകരമായി ഉറങ്ങാന്‍ കഴിയില്ല എന്നതാണ്. അയാള്‍ രക്ഷ തേടി ഓട്ടത്തിലാണ്. പാക്കിസ്ഥാനിലെ ഒരു തീവ്രവാദിയും സുരക്ഷിതനല്ല. പാക്‌സേന അയാള്‍ക്ക് എല്ലാ സുരക്ഷയും നല്‍കുന്നുണ്ടെങ്കില്‍ കൂടിയും, അയാള്‍ വേട്ടയാടപ്പെടുക തന്നെ ചെയ്യുമെന്ന സന്ദേശമാണ് നല്‍കപ്പെടുന്നത്', മേജര്‍ ജനറല്‍ ധ്രുവ് സി കടോച് പറഞ്ഞു.
2023 ജനുവരിയിലെ രജൗറി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ കുറ്റം ചുമത്തിയ അബു ഖത്തല്‍ ശനിയാഴ്ച രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഇയാളുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.