സമാധാനം കരാറില്‍ മാത്രം! ഇസ്രയേലുമായി 'സഹകരിച്ച' ഫലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയരാക്കി ഹമാസിന്റെ ക്രൂരത; കരാര്‍ ലംഘിച്ച് അഞ്ച് ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന; കൈമാറിയത് നാല് ബന്ദികളുടെ മൃതദേഹം മാത്രം; മറ്റുള്ളവരുടേത് വീണ്ടെടുക്കാനിയില്ലെന്നും ഹമാസ്; പ്രതിഷേധം കടുക്കുന്നു; വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം; ഹമാസിനെ പൂര്‍ണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേല്‍
ഹമാസിനെ പൂര്‍ണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേല്‍
ജറുസലേം: ഗാസ സമാധാന കരാര്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കിടെ അന്താരാഷ്ട്ര സമൂഹത്തെ നടുക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഇസ്രയേലുമായി സഹകരിച്ചെന്ന് ആരോപിച്ച് ഒരുകൂട്ടം ഫലസ്തീനികളെ ഹമാസ് വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ട് ഏഴ് പുരുഷന്‍മാരെ നിലത്ത് മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നതും പിന്നീട് വെടിവെച്ച് കൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്. വെടിവെപ്പിനു പിന്നാലെ സ്ഥലത്ത് കൂടിനില്‍ക്കുന്നവര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും കേള്‍ക്കാം. വെടിനിര്‍ത്തലിന്റെ അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഈജിപ്തില്‍ സമാധാന ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ഗാസ കരാറില്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പുതുതായി ഒപ്പുവച്ച ഗാസ സമാധാന കരാറിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകം.
ഗാസയില്‍ രണ്ട് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സമാധാന കരാറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ദുര്‍ബലരായ ഹമാസ്, പ്രദേശത്ത് നിയന്ത്രണം വീണ്ടും ഉറപ്പിക്കാന്‍ അക്രമത്തിലേക്ക് തിരിയുകയാണെന്ന ആശങ്കയും ബന്ധപ്പെട്ടവര്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട മൂന്ന് പേരെ കഴിഞ്ഞ മാസം ഹമാസ് വധിച്ചിരുന്നു.
അതേ സമയം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ അഞ്ച് ഫലസ്തീനികളെ ഇസ്രയേല്‍ പ്രതിരോധ സേന വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഐഡിഎഫിന്റെ ആക്രമണം. കരാര്‍ ലംഘിച്ച് സൈന്യത്തിന്റെ അടുത്തേക്ക് വന്ന അഞ്ചുപേരെയാണ് കൊലപ്പെടുത്തിയത്. അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പിന്തിരിഞ്ഞില്ല. ഇതോടെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് വധിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വടക്കന്‍ ഗാസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഐഡിഎഫ് സൈനികര്‍ക്ക് അടുത്തേക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ വന്നവരെയാണ് വെടിവെച്ചതെന്ന് ഐഡിഎഫ് പറയുന്നു. മഞ്ഞവര കടന്നെന്നും അത് കരാറിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് ഐഡിഎഫ് വെടിയുതിര്‍ത്തതെങ്കില്‍, മഞ്ഞ വരയ്ക്കുള്ളില്‍ വച്ചാണ് അഞ്ചുപേരും കൊല്ലപ്പെട്ടതെന്ന നിലപാടിലാണ് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വക്താവ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ നടന്ന സമാധാനക്കരാര്‍ വിജയകരമായി പൂര്‍ത്തിയായതിന്റെ പിറ്റേന്നാണ് വെടിനിര്‍ത്തല്‍ ലംഘനം. ബന്ദി കൈമാറ്റം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഹമാസിന്റെ പക്കലുണ്ടായിരുന്നു അവസാനത്തെ ബന്ദിയെയും മോചിപ്പിച്ചു. 20 ബന്ദികളെ ഹമാസ് കൈമാറി. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴിയാണ് 20 ബന്ദികളെ കൈമാറിയത്. അതേസമയം കസ്റ്റഡിയില്‍ മരിച്ച 28 ബന്ദികളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഹമാസ് ഇതുവരെ തിരികെ നല്‍കിയിട്ടുള്ളൂ.
മറ്റുളളവരുടെ മൃതശരീരം വീണ്ടെടുക്കാന്‍ ആയില്ലെന്നാണ് ഹമാസ് പറയുന്നത്. ഇത് ചതിയെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ പറയുന്നു. തടവ് കാലത്ത് ക്രൂര പീഡനം ഏറ്റെന്ന് ഇരു പക്ഷത്തും മോചിതരായവര്‍ ആരോപിക്കുന്നു. ഹമാസ് പൂര്‍ണ്ണമായും നിരായുധരായാല്‍ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.
ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങുകയും യുദ്ധം വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം എന്ന് ഹമാസ് ആവശ്യപ്പെടുന്നു. ഇതടക്കം ഒട്ടേറെ വിഷയങ്ങളില്‍ ഭിന്നത തുടരുകയാണ്. ഗാസയുടെ ഭരണച്ചുമതല ഇനി ആര്‍ക്കായിരിക്കും എന്നതിലാണ് ഏറ്റവും വലിയ അനിശ്ചിതത്വം. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം നല്ല തുടക്കമായി ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. എങ്കിലും ഭാവി എന്തെന്നതില്‍ വ്യക്തതയില്ല. അതേ സമയം രണ്ടാം ഘട്ട ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞുവെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
അതേ സമയം ഹമാസിനെ പൂര്‍ണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഒരിടത്തും ഹമാസ് അവശേഷിക്കാന്‍ അനുവദിക്കരുതെന്ന് ഇസ്രയേല്‍ അഭിപ്രായപ്പെട്ടു. ഗാസയില്‍ തങ്ങളെ എതിര്‍ത്തവരെ ഹമാസ് പരസ്യമായി കൂട്ടക്കൊല ചെയ്തുവെന്നും ഇസ്രായേല്‍ ആരോപിക്കുന്നു. വീഡിയോ പങ്കുവെച്ചായിരുന്നു ഇസ്രയേലിന്റെ ആരോപണം. അതേസമയം, ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇനിയെന്തെന്ന കാര്യത്തില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്.