പ്രസവിച്ച് 18ാം ദിവസം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസില്‍ 58 സാക്ഷികളും 97 രേഖകളും 24 തൊണ്ടിമുതലും; നാടിനെ നടുക്കിയ ഹാഷിദ വധക്കേസില ശിക്ഷാ വിധി ഇന്ന്

Update: 2024-11-15 06:02 GMT

തൃശൂര്‍: തൃശൂരിനെ നടുക്കിയ തളിക്കുളം ഹഷിദ വധക്കേസില്‍ ഇന്ന് വിധി പ്രസ്താവം. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയായ ഹഷിദയുടെ ഭര്‍ത്താവ് മുഹമ്മദ് ആസിഫിനെതിരായ ശിക്ഷാ വിധി പറയാനിരിക്കുകയാണ്. ഹഷിദയുടെ മരണത്തില്‍ ആസിഫിന് നേരിട്ട് പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം തളര്‍ന്നില്ലെന്ന് തെളിയിക്കുന്നതുപോലെ, മജിസ്‌ട്രേറ്റ് എന്‍ വിനോദ് കുമാര്‍ പ്രതിയെ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

58 സാക്ഷികളുടെയും 97 രേഖകളും 24 തൊണ്ടിമുതലുകളും സമര്‍പ്പിച്ച പ്രോസിക്യൂഷന്റെ ശക്തമായ നിലപാടിനെ തുടര്‍ന്ന്, ഈ കേസ് വിധിയിലേക്ക് എത്തുമ്പോള്‍ എല്ലാ കണ്ണുകളും കോടതിയിലേക്കാണ്. കടുത്ത ശിക്ഷ തന്നെ കോടതി വിധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

2022 ആഗസ്റ്റ് 20 വൈകിട്ട് 6നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭര്‍ത്താവ് മംഗലത്തറ വീട്ടില്‍ അബ്ദുള്‍ അസീസ് മകന്‍ മുഹമ്മദ് ആസിഫ് അസീസ്(30) അറസ്റ്റിലായത്. ഹഷിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമുള്ളപ്പോഴായിരുന്നു കൊലപാതകം. ഇതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു.

കുടുംബ വഴക്കിനെ തുടര്‍ന്ന് സംഭവ ദിവസം പ്രതി ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഭാര്യയോട് സംസാരിക്കാനായി മുറിയില്‍ കയറിയ ഉടനെ ആക്രമിക്കുകയായിരുന്നു. ബാഗില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന വാള്‍ ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, തടയാന്‍ ചെന്ന ഭാര്യപിതാവ് നൂറുദ്ദീനെ തലക്ക് വെട്ടിട്ടുകയും ചെയ്തു. തടയാനെത്തിയ ഭാര്യ മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.

കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കൃത്യം നടത്തി കടപ്പുറത്ത് കൂടി ഓടിയ പ്രതി കടലില്‍ ചാടി എന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. പിന്നീട് പ്രതി കടന്നു കളഞ്ഞതാണെന്ന് പോലീസിന് വ്യക്തമായി. 50 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News