കേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം; ആരെയാണ് വിഡ്ഢികളാക്കുന്നത്? പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യം; മുണ്ടക്കൈ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം
കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടിലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിങില്‍ അതൃപ്തി അറിയിച്ച കോടതി അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും ചോദിച്ചു. കേന്ദ്രസഹായം തേടുമ്പോള്‍ കൃത്യമായ കണക്കുകള്‍ വേണമെന്നും കോടതി വിമര്‍ശിച്ചു. ചൂരല്‍മല ദുരന്തത്തില്‍ സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ എല്ലാ കണക്കുകള്‍ക്കും വ്യക്തതവേണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണസമിതി അക്കൗണ്ട് ഓഫീസറോട് ഇന്ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് എസ്ഡിആര്‍എഫ് ആക്കൗണ്ട് ഓഫീസര്‍ ഹാജരായപ്പോഴാണ് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചത്.
എസ്ഡിആര്‍എഫില്‍ എത്രനീക്കിയിരിപ്പുണ്ടെന്ന് ചോദിച്ചപ്പോള്‍ 667 കോടി രൂപയുണ്ടെന്ന് ദുരന്തനിവാരണ അതോറ്റി കോടതിയെ അറിയിച്ചു. എസ്ഡിആര്‍എഫില്‍ കൃത്യമായ ഓഡിറ്റിങ് നടത്തുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി അവസാനം ഓഡിറ്റിങ് നടത്തിയ റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്നും ചോദിച്ചു. അത് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നീക്കിയിരിപ്പില്‍ എത്ര ചെലവാക്കിയെന്നും എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും വ്യക്തതയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തോട് ഇങ്ങനെ സഹായം ചോദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു. ഓഡിറ്റിങില്‍ വ്യക്തവരുത്താന്‍ രണ്ടുദിവസത്തെ സാവാകാശം ചോദിച്ച സര്‍ക്കാരിനോട് അത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി.
നേരത്തെ തന്നെ ആവശ്യമായ സമയം നല്‍കിയിരുന്നെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോട് സഹായം തേടുമ്പോള്‍ കൃത്യമായ കണക്കുവേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അതേസമയം വയനാട് ദുരന്തത്തില്‍ കേന്ദ്രവും സംസ്ഥാനവും രണ്ട് തട്ടിലാണെന്ന കാര്യം വ്യക്തമാണ്. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. ഇതോടെ കടുത്ത വിമര്‍ശനമാണ് സംസ്ഥാനം ഉന്നയിക്കുന്നത്. കേരളത്തിന് ദുരന്തനിവാരണ ഫണ്ട് നേരത്തെ കൈമാറിയതാണെന്നും ഇതില്‍ നിന്നും പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കണം എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാല്‍ സംസ്ഥാനത്തിന് ഒറ്റയ്ക്ക് പുനരധിവാസം സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ വയനാട് ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടമായവര്‍ കടുത്ത ആശങ്കയിലാണ്. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കൈമലര്‍ത്തുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ദുരന്തത്തില്‍ സര്‍വവും നഷ്ടമായ പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതോടെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ കണക്കുകള്‍കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശവും നല്‍കി. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ചെലവഴിക്കാന്‍ കേന്ദ്രം ഉപാധിവയ്ക്കുകയും അതുപ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ തുക ചെലവഴിക്കാന്‍ താങ്കേതിക തടസമുണ്ടെന്ന് സംസ്ഥാനം വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതി കര്‍ശന നിലപാടെടുത്തത്.HC slams state and central govtsfor lack of clarity on relief fund