'കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി ഞാന്‍ പൊക്കിള്‍കൊടി കട്ട് ചെയ്തു'; പ്രസവം വീട്ടില്‍ നടന്നതിനാല്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ല'; നാലുമാസമായിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന പരാതിയുമായി കോഴിക്കോട് കോട്ടൂളി സ്വദേശികളായ ദമ്പതികള്‍; മതിയായ രേഖകള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്; വിവാദം ഇങ്ങനെ

പ്രസവം വീട്ടില്‍ നടന്നതിനാല്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ല'

Update: 2025-03-07 14:08 GMT

കോഴിക്കോട്: കേരളം ആരോഗ്യമേഖലയില്‍ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി പറയാറുള്ളത്, മാതൃ-ശിശു മരണ നിരക്കിലുള്ള ഗണ്യമായ കുറവാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് അത് 34 ശതമാനം ആണെങ്കില്‍ ഇന്ന് അത് വെറും 3 ശതമാനമായി കുറക്കാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. (അതായത് ഒരുകാലത്ത് കേരളത്തിലെ നവജാതരായ 1000 കുട്ടികളില്‍ 34 പേരും മരിച്ചുപോയ കാലം ഉണ്ടായിരുന്നു) ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി ആരോഗ്യവിദഗ്ധര്‍ പറയുന്നത്, ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും സേവനമാണ്. വീട്ടിലെ പ്രസവം ഒഴിവാക്കി, നേരത്തെ തന്നെ സ്‌കാനിങ്ങ് തൊട്ടുള്ള ആധുനിക മാര്‍ഗങ്ങള്‍ അവംലംബിക്കുകകയും, ഹോസ്പിറ്റല്‍ അസിസ്റ്റഡ് ബര്‍ത്ത് ഉണ്ടാവുകയും ചെയ്തതോടെയാണ് പ്രസവത്തോട് അനുബന്ധിച്ചു മാതൃ- ശിശു മരണനിരക്ക് കുത്തനെ കുറഞ്ഞത്.

പക്ഷേ ഇപ്പോള്‍ ചിലര്‍ വീട്ടിലെ പ്രസവം വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കയാണ്. ഇതിനായി അക്യൂപങ്്ചര്‍- ഹോമിയോപ്പതി ചികിത്സകരുടെയൊക്കെ ചില കൂട്ടായ്മകളും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഇങ്ങനെ വീട്ടില്‍ നടന്ന പ്രസവത്തില്‍ മലപ്പുറത്ത് ഒരു അമ്മ മരിച്ചതോടെ ഇതിനെതിരെ ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ കാമ്പയിന്‍ നടന്നിരുന്നു. എന്നിരുന്നാലും വീട്ടിലെ പ്രസവം നിരോധിക്കപ്പെട്ട രാജ്യമെന്നുമല്ല നമ്മുടെ നാട്ടിലേത്. പക്ഷേ ഇപ്പോള്‍ വരുന്ന ഒരു വാര്‍ത്ത, വീട്ടില്‍ പ്രസവം നടന്നുവെന്നതിന്റെ പേരില്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നല്‍കിയത്. 2024 നവംബര്‍ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല എന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷനാണ് പരാതി നല്‍കിയത്.

പൊക്കിള്‍കൊടി മുറിച്ചത് ബ്ലേഡുകൊണ്ട്

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസ്നാ ജാസ്മിന്‍ ഗര്‍ഭകാലചികിത്സ തേടിയത്. ഒക്ടോബര്‍ 28 പ്രസവ തീയതിയായി ആശുപത്രിയില്‍ നിന്ന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രസവവേദന അനുഭവപ്പെടാത്തതിനാല്‍ ഇവര്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. പിന്നീട് രണ്ടാം തീയതി രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും, ഉടന്‍ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്. കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് വാങ്ങി വരികയും അതുപയോഗിച്ച് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റുകയും ചെയ്തു. രണ്ടിന് രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ടോടെ കെ സ്മാര്‍ട്ട് വഴി ജനന സര്‍ട്ടിഫിക്കറ്റിനായ അപേക്ഷ നല്‍കിയെന്നും ഷറാഫത്ത് പറയുന്നു. നാല് ദിവസം കഴിഞ്ഞ് ആശാ വര്‍ക്കര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇതോടെയാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

എന്നാല്‍ അധികൃതര്‍ പറയുന്നത് മറ്റൊരു കഥയാണ്. മതവിശ്വാസത്തെ കൂട്ടുപിടിച്ചുകൊണ്ട്, ഞങ്ങള്‍ അക്യുപങ്ചര്‍കാരാണ് എന്നും പറഞ്ഞ് പ്രസവം സ്വയം വീട്ടില്‍ നടത്തുകയാണ് ഈ ദമ്പതികള്‍ ചെയ്തത് എന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവര്‍ പൊക്കിള്‍കൊടി കട്ട് ചെയ്തതൊക്കെ അങ്ങേയറ്റം അശാസ്ത്രീയമായ രീതിയിലാണ്. അണുവിമുക്തമാക്കാത്ത ബ്ലേഡ് കൊണ്ട് പൊക്കിള്‍ കൊടി മുറിക്കുന്നതൊക്കെ പലപ്പോഴും ഇന്‍ഫക്ഷനുണ്ടാക്കും. അക്യുപഞ്ചറില്‍ ഇത് പഠിപ്പിക്കുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'ഇല്ല എന്നും ഏത് സിറ്റുവേഷനില്‍ നമ്മള്‍ പാനിക് ആവാതെ ഇരുന്നാല്‍ മതി എന്നുമായിരുന്നു' ഭര്‍ത്താവിന്റെ പ്രതികരണം.

പ്രസവം നടന്നതിനുശേഷം എങ്കിലും ആശുപത്രിയില്‍ പോയിരുന്നോ എന്ന് ചോദിച്ചപ്പോള്‍ 'ഏയ് അതിന്റെ ആവശ്യമില്ല അഥവാ ഇനി ആശുപത്രിയില്‍ പോയാല്‍ തന്നെ അവര് മരുന്നും വാക്സിനും ഒക്കെ എഴുതിത്തരും. മരുന്ന് ഞങ്ങള്‍ എടുക്കില്ല അത് വിശ്വാസപരമായ കാരണമാണ് വാക്സിനും സ്വീകരിക്കില്ല' എന്നും ഇവര്‍ പറയുന്നു. ഇത് കേസ് എടുക്കത്തക്ക കുറ്റമാണ് എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

കുട്ടിയുടെ മനുഷ്യാവകാശ ലംഘനം

ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ അത് പൊതുജന ആരോഗ്യ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നിരിക്കെ ഇതൊന്നും ഇവര്‍ പാലിച്ചിട്ടില്ലെന്നും മതിയായ രേഖകള്‍ ഇല്ലെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. പ്രസ്തുത തീയതിയില്‍ പ്രസ്തുത വിലാസത്തില്‍ പ്രസവം നടന്നതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസ്സമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍ ദമ്പതികള്‍ എടുത്ത റിസ്‌ക്കിനെ വിമര്‍ശിക്കുന്നവര്‍ പോലും ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് കുട്ടിയുടെ അവകാശമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമ പ്രകാരം ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ തടസ്സമില്ല. ഇവിടെ ഹോസ്പിറ്റലില്‍ അല്ലാതെ പ്രസവം നടക്കുന്നത് ആദ്യമായിട്ടല്ല. ഓടുന്ന ബസ്സിലും ആംബുലന്‍സിലും, വിമാനത്തിലും കപ്പലിലും വരെ പ്രസവം നടന്നിട്ടുണ്ട്. അവര്‍ക്ക് എല്ലാം ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നുണ്ട്. എന്നാല്‍ ഈ കേസില്‍ എന്താണ് പ്രശ്നമെന്നാണ് ചോദ്യം.

' മനുഷ്യരിലെ പ്രസവം എന്നത് അങ്ങേയറ്റം സങ്കീര്‍ണ്ണമായ കാര്യമാണ്. അത് ഹോസ്പിറ്റല്‍ അസിസ്റ്റഡ് ആയി ചെയ്യുകയാണ് നല്ലത്. പക്ഷേ അങ്ങനെ ചെയ്തില്ല എന്നതുകൊണ്ട് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുത്. അത് കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമാണ്''- ജനകീയാരോഗ്യവിഗദ്ധന്‍ ഡോ കെ പി മോഹനന്‍ ചൂണ്ടിക്കാട്ടുന്നു.

വീട്ടില്‍ പ്രസവിക്കുക ഫാഷനാവുമോ?

വീടുകളില്‍ പ്രസവിക്കുക എന്നത് ഒരു ഫാഷന്‍ ആകുമോ എന്നതാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഭയം. നേരത്തെ വെള്ളത്തിലേക്ക് കുട്ടികളെ പ്രസവിക്കുന്ന വാട്ടര്‍ ബര്‍ത്ത് എന്ന പരിപാടി മലബാറില്‍ വ്യാപകമായിരുന്നു. എന്നാല്‍ ഒന്ന് രണ്ട് അപകടങ്ങള്‍ ഉണ്ടായതോടെ ഇപ്പോള്‍ അവയെക്കുറിച്ച് അധികം കേള്‍ക്കാനില്ല. പസവം എന്നത് ഏതുസമയത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയേയോ കുഞ്ഞിനെയേയോ രണ്ടുപേരെയുമോ നഷ്ടപ്പെടാം. 'വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്‍തിരിയണം''-പട്ടം എസ്.യു.ടി. ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ ലക്ഷ്മി അമ്മാള്‍ പറയുന്നു.

പ്രസവസമയത്ത് എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീര്‍ണതകളും ഉണ്ടാകാമെന്നാണ് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നത്. അമിതമായ രക്തസ്രാവം, കുഞ്ഞിന് ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനം, വിചാരിക്കുന്നതിലും കൂടുതല്‍ പ്രസവം നീണ്ടു പോകുന്നതും ഒക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീര്‍ണ്ണതകളാണ്. ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയവരും ഉണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ കിട്ടില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ. തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അമ്മയുടെ രക്തമെല്ലാം വാര്‍ന്നൊഴുകി ജീവനു തന്നെ അപകടം സംഭവിക്കാം. പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടിപ്പിന് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ചു ഉടനടി പരിഹാരം നിര്‍ദേശ്ശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും അതിനുവേണ്ട ഉപകരണങ്ങളും കൂടെത്തന്നെയുണ്ടാവണം.

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്.

വികസിത രാജ്യങ്ങളില്‍ വീട്ടിലെ പ്രസവം നടത്തുന്നതാണ് ഇത്തരക്കാര്‍ എടുത്തുപറയുന്നത്. എന്നാല്‍ സ്‌കന്‍ഡനേവിയന്‍ രാജ്യങ്ങളിലടക്കം കൃത്യമായ പരിശീലനവും പരിജ്ഞാനവും ലഭിച്ചിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അത്തരം ഒരു രീതി നിലവില്‍ വന്നിട്ടില്ല. വികസിത രാജ്യങ്ങളില്‍ പ്രസവ വേദന തുടങ്ങി എന്ന് അറിയിക്കുമ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടെയാണ് വീട്ടില്‍ എത്തുന്നത്. എന്തെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടായാലും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ അവിടെ നിലവിലുണ്ട്. അതുകൊണ്ട് ഈ നാട്ടിലെ സാഹചര്യവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

പ്രസവസമയത്ത് ഒറ്റയ്ക്കായി പോകും എന്ന ഭയം ഒഴിവാക്കി രോഗിയെ ആശ്വസിപ്പിക്കുന്നതിനായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കൂടി ചേര്‍ന്ന് മുന്നോട്ട് വച്ച ആശയമാണ് ബര്‍ത്ത് കമ്പാനിയന്‍. ആശുപത്രി ജോലിക്കാര്‍ അല്ലെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കള്‍, വേണ്ടപ്പെട്ട മറ്റാളുകള്‍, എന്നിവരെ തിരഞ്ഞെടുക്കാം. പണ്ടത്തെ കാലത്തെപ്പോലെ പ്രസവമുറിയില്‍ ആരെയും കയറ്റിവിടില്ല എന്ന സ്ഥിതി വിശേഷം മാറിയിട്ടുണ്ട്.അതുപോലെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ സുഖപ്രസവം നടക്കില്ല, എല്ലാം സിസേറിയാന്‍ ആവും എന്നതും വെറും മിഥ്യാധാരണയാണ്.പ്രസവസമയത്ത് കുഞ്ഞിന്റെ ജീവന് ഭീഷണിയായി എന്തെങ്കിലും ഘടകം ഉണ്ടെങ്കിലോ അമ്മയുടെ ജീവനെ ബാധിക്കുന്ന ഒരു സാഹചര്യം ഉണ്ടായാലോ മാത്രമാണ് സിസേറിയന്‍ എന്നത് സ്വീകരിക്കുക എന്നാണ് അധികൃതര്‍ പറയുന്നത്.

Tags:    

Similar News