ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രാന്വേഷണം; മുഴുവന്‍ റിപ്പോര്‍ട്ടും ഓഡിയോ രേഖകളും അന്വേഷണ സംഘത്തിന് കൈമാറാന്‍ പ്രത്യേക ഡിവിഷന്‍ ബെഞ്ച്; മലയാള സിനിമയെ പ്രതിസന്ധിയിലാക്കി ഹൈക്കോടതിയുടെ ഇടപെടല്‍

സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി

Update: 2024-09-10 05:38 GMT

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചത്. സര്‍ക്കാരിനെ കോടതി അക്ഷരാര്‍ത്ഥത്തില്‍ നിര്‍ത്തിപ്പൊരിച്ചു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം അന്വേഷണ കമ്മീഷന് കൈമാറാന്‍ ആവശ്യപ്പെട്ടു. ഓഡിയോ ക്ലിപ്പ് അടക്കം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. ഇതിന് ശേഷമാണ് അന്വേഷണ സംഘത്തിന് കൈമാറാന്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ ഹേമാ കമ്മറ്റിക്ക് മുമ്പിലെത്തിയ എല്ലാ പരാതിയിലും കേസെടുക്കേണ്ട സാഹചര്യം വരും. എല്ലാ മൊഴികളും അന്വേഷണ പരിധിയിലേക്ക് വരും. ഓഡിയോ ക്ലിപ്പുകള്‍ പീഡനത്തില്‍ തെളിവാകും. മലയാള സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നതാണ് ഹൈക്കോടതി തീരുമാനം.

റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കുന്നില്ല. കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് അന്വേഷണ സമിതിയ്ക്ക് കൈമാറുക. അവരുടെ നീക്കം എന്താണെന്ന് മനസ്സിലാക്കിയെന്ന് അറിഞ്ഞ ശേഷം ഇടപെടാമെന്നാണ് കോടതി നിലപാട്. ഇതോടെ മറച്ചു വച്ച എല്ലാ വിവരങ്ങളും സമിതിയ്ക്ക് വരും. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. ആരോപണ വിധേയരുടെ അടക്കം വിവരങ്ങള്‍ പുറത്തു വരരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പുറത്തു വിടരുത്. നടപടി എടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറണം. റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നടപടികളില്‍ തിടുക്കം പാടില്ലെന്ന് നിര്‍ദേശിച്ച കോടതി എഫ്‌ഐആര്‍ വേണോ എന്ന് റിപ്പോര്‍ട്ട് പരിശോധിച്ചുമാത്രം തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ടു.

മൂന്നു വര്‍ഷം സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നത് ആശ്ചര്യമുളവാക്കുന്നതാണ്. റിപ്പോര്‍ട്ടില്‍ ബലാത്സംഗം, പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സര്‍ക്കാര്‍ വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

പതിനൊന്നര വരെയുള്ള സിറ്റിങ്ങില്‍ സിബിഐ അന്വേഷണത്തിന് വിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി, റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തുവരരുത് എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി, റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തുടങ്ങിയവയാണ് പരിഗണിക്കുന്നത്. അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നടി രഞ്ജിനി അനുമതി തേടിയിട്ടുണ്ട്.

Tags:    

Similar News