ചരിത്രത്തില്‍ ആദ്യമായി കുടുംബവഴക്കിന്റെ പേരില്‍ ഒരു ഹിസ്ബുള്ള ഭീകരന്‍ കൊല്ലപ്പെട്ടു; ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചതും ഇസ്രയേലിന്റെ ചുമലില്‍ ഇടാന്‍ നീക്കം; ബന്ധുക്കളാല്‍ കൊല്ലപ്പെട്ടത്, ജര്‍മ്മന്‍ വിമാനം റാഞ്ചിയതിന്റെ പേരില്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ വന്ന ഭീകരന്‍

ഹിസ്ബുള്ള ഭീകരന്‍ മരിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്ന്

Update: 2025-01-22 17:16 GMT

വിപ്ലവകാരി കിണറ്റില്‍ വീണ് മരിച്ചാലും അതിന് രക്തസാക്ഷി എന്നാണ് പറയുക എന്ന് പറയുന്നതുപോലെയാണ് ഹമാസ് -ഹിസ്ബുള്ള നേതാക്കളുടെ കാര്യവും. അവര്‍ പ്രേമ നൈരാശ്യം വന്ന് തൂങ്ങിമരിച്ചാലും, അബദ്ധത്തില്‍ ബോംബ് പൊട്ടിമരിച്ചാലും രക്തസാക്ഷികളാണ്. അങ്ങനെ നിരവധിപേരെ ഹമാസും- ഹിസ്ബുള്ളയുമൊക്കെ ഇസ്രയേലിന്റെയും മേലേ ഇട്ടിട്ടുമുണ്ട്. അതില്‍ അവസാനത്തെ കണ്ണിയാണ്, ഇന്നലെ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി എന്നാണ് ജറുസലേം പോസ്റ്റ് അടക്കമുള്ള ഇസ്രയേലി മാധ്യമങ്ങള്‍ പറയുന്നത്. കിഴക്കന്‍ ലബനനിലെ ബെക്കാ വാലി മേഖലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മച്ച്ഘരയിലെ വസതിയിലായിരുന്ന നേതാവിന് നേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ശരീരത്തില്‍ ആറ് തവണ വെടിയേറ്റ ഹമാദിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലെബനീസ് അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലും ഹമാസും തമ്മില്‍ ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ സംഭവം.

ഇതോടെ ഇസ്രയേല്‍ വെടി നിര്‍ത്തല്‍ ലംഘിച്ചെന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ പിന്നീടാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത്. കൊലപാതകം രാഷ്ട്രീയ സ്വഭാവമുള്ളതല്ലെന്നും, പകരം നാല് വര്‍ഷമായി തുടരുന്ന കുടുംബ വഴക്കാണ് പ്രശ്നത്തിന് പിന്നിലെന്നും ലെബനീസ് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചതായി അല്‍-മനാര്‍ ടിവി പറയുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള ക്വട്ടേഷന്‍ കൊലയാണ് ഇതെന്നാണ് ഇസ്രയേലി മാധ്യമങ്ങളും പറയുന്നത്. ഇത്തരത്തില്‍ ഫയറിങ്ങ് നടത്തുക ഇസ്രയേലിന്റെ രീതിയല്ലെന്നും, ഹമാസിനെയും ഹിസ്ബുള്ളയെയും ചുരുട്ടിക്കെട്ടിയ സാഹചര്യത്തില്‍ വെടി നിര്‍ത്തല്‍ ലംഘിക്കാന്‍ ഇസ്രയേലിന് താല്‍പ്പര്യമില്ലെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എഫ്ബിഐ തലക്ക് വിലയിട്ട ഭീകരന്‍

എഫ്ബിഐ തലയ്ക്ക് വിലയിട്ട കൊടും ഭീകരനാണ്, ഷെയ്ഖ് മുഹമ്മദ് അലി ഹമാദിയെന്നാണ് ദ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1985-ല്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയുടെ വിമാനം റാഞ്ചിയതിനെ തുടര്‍ന്ന് എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഇയാള്‍ ഉള്‍പ്പെട്ടത്. സംഭവത്തില്‍ ഒരു അമേരിക്കക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ മരിച്ചെന്നും പലതവണ വാര്‍ത്തകള്‍ വന്നതാണ്.

പാകിസ്ഥാന്‍ ഇന്റലിജന്‍സ് പ്രകാരം ഹമാദി പാകിസ്ഥാനില്‍ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. എന്നാല്‍ അത് വ്യാജമാണെന്ന് വൈകാതെ സ്ഥിരീകരിക്കപ്പെട്ടു. ബന്ദികളാക്കല്‍, കൊലപാതകത്തില്‍ കലാശിച്ച എയര്‍പൈറസി, വിമാനത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കല്‍ തുടങ്ങി പത്തോളം കുറ്റകൃത്യങ്ങള്‍ക്ക് ഹമാംദിയെ അന്വേഷിക്കുന്നുണ്ട്. ഫലത്തില്‍ ഇയാളുടെ കൊല, അമേരിക്കക്കും ഇസ്രയേലിനും പ്രതീക്ഷിക്കാതെ കിട്ടിയ ബോണസാണ്.

മാത്രമല്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ വെടി നിര്‍ത്തല്‍ ലംഘിച്ച് അന്താരാഷ്ട്ര സമ്മര്‍ദം ഏറ്റുവാങ്ങാന്‍ ഇസ്രയേല്‍ തയ്യാറല്ല. കരാര്‍ പ്രകാരം ജനുവരി 26 മുതല്‍ തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കും. ഇതോടെ ഇസ്രായേലി അതിര്‍ത്തിയായ ലിറ്റാനി നദിക്ക് വടക്കു നിന്നും ഹിസ്ബുള്ളയും പിന്‍വാങ്ങും. ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷത്തില്‍ 1.2 ലക്ഷത്തിലധികം ലെബനീസ് ജനങ്ങളെയും 50,000 ഓളം ഇസ്രയേലികളെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഷെല്ലാക്രമണങ്ങളില്‍ നിരവധിപേര്‍ക്ക് ജീവഹാനിയുണ്ടായിരുന്നു. അവിടെ സമാധാനം വരുന്ന സമയത്ത്, ഇത്തരത്തിലുള്ള ഒരു ഓപ്പറേഷന്‍ മൊസാദ് നടത്തില്ല എന്നാണ് പൊതുവിലയിരുത്തല്‍.


Tags:    

Similar News