പാതിവില തട്ടിപ്പ് കേസില്‍ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുണ്ട്; കൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ മുന്‍നിര്‍ത്തി നിര്‍ണായക നിരീക്ഷണം; പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി മുറികളിലല്ലെന്നും ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി
പാതിവില തട്ടിപ്പ് കേസില്‍ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുണ്ട്
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദ്കുമാറിന് നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി. ആനന്ദ്കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം.സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത വനിതകളില്‍ നിന്ന് ട്രസ്റ്റ് നേരിട്ട് പണം കൈപ്പറ്റിയതിന്റെ രേഖകകള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ ലക്ഷ്വറി മുറികളിലല്ല. വിദഗ്ധ ചികിത്സ നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് ജയില്‍ ഡോക്ടറാണെന്നും കോടതി വ്യക്തമാക്കി.
പ്രതികളെങ്കില്‍ ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയണം, വീട്ടിലെ ഭക്ഷണത്തിന്റെയല്ല. റിമാന്‍ഡ് ചെയ്താല്‍ ജയില്‍ ഡോക്ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല. ഇത്തരം നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.
കെഎന്‍ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തരവില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ പേരെടുത്ത് പറഞ്ഞ് ഹൈക്കോടതി വിമര്‍ശനം നടത്തി. നിര്‍ബന്ധിത സാഹചര്യത്തില്‍ കോടതിക്ക് പിസി ജോര്‍ജ്ജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. പിസി ജോര്‍ജ്ജ് ജയിലിന്റെ പടിവാതില്‍ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് അനന്തുകൃഷ്ണനില്‍ നിയമാനുസൃതം സംഭാവന വാങ്ങിയതല്ലാതെ പാതിവില സ്‌കൂട്ടര്‍ പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നാണ് കെ.എന്‍. ആനന്ദകുമാര്‍ ഇതുവരെ പറഞ്ഞത്. എന്നാല്‍, തട്ടിപ്പില്‍ ആനന്ദ്കുമാറിന് നേരിട്ട് പങ്കുള്ളതിന് തെളിവുണ്ടെന് വ്യക്തമാക്കുകയാണ് ഹൈക്കോടതി. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.
21 സ്ത്രീകളില്‍ നിന്ന് 60000 രൂപയും അഞ്ചു പേരില്‍ നിന്ന് 56,000 രൂപയും 2024 എപ്രില്‍ ആറിനും ഒന്‍പതിനും ഇടയ്ക്ക് സായിഗ്രാമിന്റെ അക്കൗണ്ടിലെത്തിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മറ്റ് എന്‍ജിഒകളും ഇതേ തുക തന്നെയാണ് കൈപറ്റിയത്. കൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ മുന്‍നിര്‍ത്തിയാണ് അനന്ദ് കുമാറിന്റെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചത്.
ഫണ്ട് ലഭ്യതയെ കുറിച്ച് പരിശോധിച്ചിരുന്നില്ലെന്ന് ആനന്ദ്കുമാറിന്റെ വാദം വിശ്വസിനീയമല്ല. സായി ഗ്രാമിന്റെ മാനേജിംഗ് ട്രസ്റ്റി എന്ന നിലയ്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആനന്ദ് കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപരമായ കാരണങ്ങളാള്‍ ജാമ്യം നല്‍കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.