കുറ്റവാളി ജയിലിലാകുന്നതോടെ മൗലികാവകാശങ്ങള്‍ മിക്കതും മരവിക്കപ്പെടും; എന്തിനും ഏതിനും അടിയന്തര പരോള്‍ അനുവദിക്കാന്‍ പറ്റില്ല; അങ്ങനെ അനുവദിച്ചാല്‍ ജനങ്ങള്‍ക്കും ഇരകള്‍ക്കും ജുഡിഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടമാകും; ഭാര്യയുടെ ഗര്‍ഭ പരിചരണത്തിന് പരോള്‍ തേടിയ കൊലക്കേസ് പ്രതിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കുറ്റവാളി ജയിലിലാകുന്നതോടെ മൗലികാവകാശങ്ങള്‍ മിക്കതും മരവിക്കപ്പെടും
കൊച്ചി: അടുത്തകാലത്തായി രാഷ്ട്രീയ സ്വാധീനമുള്ള തടവുകാര്‍ക്ക് ഇഷ്ടം പോലെ പരോള്‍ അനുവദിക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞ സംഭവമാണ്. പ്രത്യേകിച്ചു ടി പി വധക്കേസ് പ്രതികള്‍ക്ക്. ഇതിനിടെ കുടുംബ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ പരോള്‍ അപേക്ഷകള്‍ അനുവദിക്കണമെന്ന ഹര്‍ജികളും നിരന്തരം എത്തുന്നു. ചെറിയ കാരങ്ങള്‍ പറഞ്ഞാണ് അടിയന്തര പരോള്‍ ആവശ്യം കോടതിയില്‍ ഉന്നയിക്കപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന ഇടപെടലാണ് കേരളാ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്.
ചെറിയ കാരണങ്ങള്‍ പറഞ്ഞ് തടവുകാര്‍ക്ക് അടിയന്തര പരോള്‍ ചോദിക്കുന്നതിനെതിരെ ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രവണത അനുവദിച്ചാല്‍ ഉത്സവത്തിനും പെരുന്നാളിനും കുടുംബ ടൂറിനുമെല്ലാം പരോള്‍ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. അസാധാരണ സാഹചര്യത്തിലല്ലാതെ പരോള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തന്റെ ഗര്‍ഭ ശുശ്രൂഷയ്ക്ക് കൊലക്കേസ് പ്രതിയായ ഭര്‍ത്താവിന് അടിയന്തര പരോള്‍ തേടിയ യുവതിയുടെ ഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
കുഞ്ഞിന്റെ പേരിടീല്‍, ചോറൂണ്, കുടുംബച്ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ പരോള്‍ തേടുന്ന ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുന്നില്‍ എത്തിയിരുന്നതായി സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് അനുവദിച്ചാല്‍ ജനങ്ങള്‍ക്കും ഇരകള്‍ക്കും ജുഡിഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടമാകും. കുറ്റവാളിയും പൗരനും തമ്മില്‍ വ്യത്യാസമില്ലാതാകുമെന്നും കോടതി പറഞ്ഞു.
കുറ്റവാളി ജയിലിലാകുന്നതോടെ അയാളുടെ മൗലികാവകാശങ്ങള്‍ മിക്കതും മരവിക്കപ്പെടും. ശിക്ഷ നല്‍കുന്നതിന്റെ ലക്ഷ്യംതന്നെ അതാണ്. ഇരയുടേയും കുടുംബത്തിന്റേയും കണ്ണുകള്‍ എപ്പോഴും തനിക്കുനേരെയുണ്ടെന്ന തിരിച്ചറിവിലാണ് പ്രതി പരിവര്‍ത്തനപ്പെടുകയെന്നും കോടതി വ്യക്തമാക്കി. കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരന്റെ ഭാര്യയായ കണ്ണൂര്‍ സ്വദേശിയാണ് ഹര്‍ജിക്കാരി. ഐ.വി.എഫ് ചികിത്സയിലൂടെ ഏറെ വര്‍ഷത്തിന് ശേഷമാണ് ഗര്‍ഭവതിയായതെന്നും ഭര്‍ത്താവിന്റെ പരിചരണം അനിവാര്യമാണെന്നുമായിരുന്നു വാദം.
പരോള്‍ ചട്ടങ്ങളില്‍ പ്രതിപാദിക്കാത്ത കാരണം പറഞ്ഞാണ് അപേക്ഷയെന്ന് ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ ആവശ്യം നിരസിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പരോള്‍ അനുവദിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും പ്രതി കൊലപ്പെടുത്തിയ വ്യക്തിയുടെ ബന്ധുക്കളോട് ചെയ്യുന്ന അനീതിയാകുമെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ഇതിന് മുമ്പ് പരോള്‍ ആവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി അണ്ണന്‍ സിജിത്ത് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുക്കാന്‍ പരോള്‍ വേണമെന്നായിരുന്നു സിജിത്തിന്റെ ആവശ്യം. കൊലപാതകക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനായി പരോള്‍ നല്‍കാനാകില്ലെന്ന് അന്നും കോടതി വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്റെ ജനന സമയത്തും പത്ത് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് അണ്ണന്‍ സിജിത്ത്.
പരോളില്‍ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സിജിത്തിന്റെ വിവാഹവും. ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ്, എന്നിവരും പരോളില്‍ ഇറങ്ങിയായിരുന്നു വിവാഹം കഴിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതികള്‍ക്ക് 1,000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്കായിരുന്നു ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചത്.
രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം വീതം പരോള്‍ ലഭിച്ചിരുന്നു. ടി കെ രജീഷ് 940, മുഹമ്മദ് ഷാഫിക്ക് 656, കിര്‍മാണി മനോജിന് 851, എം സി അനൂപിന്900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോള്‍ ലഭിച്ചു.