'ഇതില്‍ ആകെ പെട്ടിരിക്കുന്നത്, നമ്മളെ രാഷ്ട്രീയമായിട്ട് ഇവര് ഉപയോഗിച്ചു; വിജയം കിട്ടി, പക്ഷേ നമുക്ക് ആസ്വദിക്കാന്‍ പറ്റാത്ത വിജയം ആയിപ്പോയി': ഹിജാബ് വിവാദത്തില്‍ യുഡിഎഫിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവിന്റെ വാട്‌സാപ് സന്ദേശം പുറത്ത്; വിവാദത്തില്‍ മന്ത്രി നിലപാട് മയപ്പെടുത്തുമ്പോഴും ആശയക്കുഴപ്പം തുടരുന്നു
ഹിജാബ് വിവാദത്തില്‍ യുഡിഎഫിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവിന്റെ വാട്‌സാപ് സന്ദേശം പുറത്ത്
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിലപാട് മയപ്പെടുത്തിയപ്പോഴും ആശയക്കുഴപ്പം തുടരുന്നു. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞെന്നും, അങ്ങനെയാണെങ്കില്‍ അത് നല്ലതാണെന്നും അതോടെ വിവാദം അവസാനിക്കട്ടെയെന്നുമാണ് മന്ത്രി പറഞ്ഞത്. തര്‍ക്കം വഷളാക്കാനില്ലെന്നും പഠനം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, വിഷയത്തില്‍ തങ്ങളെ യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്ന ഓഡിയോ പുറത്തുവന്നു. കുട്ടിയുടെ പിതാവിന്റെ വാട്‌സാപ് സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ശിരോവസ്ത്രം ധരിച്ചുവെന്നതിന്റെ പേരില്‍ കുട്ടിയെ പുറത്ത് നിര്‍ത്തുവാനുള്ള തീരുമാനം ചട്ട വിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍, അനുകൂല ഉത്തരവ് കിട്ടിയിട്ടും തങ്ങള്‍ക്ക് പ്രയോജനം കിട്ടിയില്ലെന്നാണ് കുട്ടിയുടെ അച്ഛന്‍ വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നത്.
വാട്‌സാപ് സന്ദേശം ഇങ്ങനെ:
'ഇത് ശരിയാണോന്ന് ചോദിച്ചാല്‍, ഞാന്‍, അവിടെ ഹൈബി ഈഡനും, അതായത് ഇന്നലെ രാത്രി ഡിസിസി പ്രസിഡന്റ് ഷിയാസ് വീട്ടില്‍ വന്നിരുന്നു. ഒന്നര മണിക്കൂറോളം വീട്ടിലിരുന്ന് സംസാരിച്ച്, എന്നെ കണ്‍വിന്‍സ് ചെയ്യിച്ചു. അവിടെ വര്‍ഗ്ഗീയ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്്. അതുകൊണ്ട് കുട്ടീനെ തട്ടമിടാണ്ട് വിടണം, തട്ടമിട്ട് വേറെ പ്രശ്‌നങ്ങള്‍ക്കൊന്നും ഇതാക്കാന്‍ നില്‍ക്കരുത്. അപ്പോ, ഞാന്‍ പറഞ്ഞു, ഈ ഡിഡിഇയുടെ അടുത്ത് കേസ് കൊടുത്തിരിക്കുന്നത്്..അതൊന്നും വിധിയാകൂലാ, അങ്ങനെ, ഇങ്ങനെ എന്നുപറഞ്ഞ് അതിനുശേഷം, ഇന്നുരാവിലെ നമ്മുടെ എംഎല്‍എ സാര്‍ വന്നിരുന്നു വീട്ടില്‍. അദ്ദേഹവും കുറെ നേരം എന്നെ കണ്‍വിന്‍സ് ചെയ്യിച്ചു. ജില്ലാ സെക്രട്ടറി ഡൊമിനിക് പ്രസന്റേഷന്‍ വന്ന് സംസാരിച്ചു, ഹൈബി ഈഡന്‍ വന്നു സംസാരിച്ചു. എന്നിട്ട് ഇങ്ങനെയൊരു വര്‍ഗ്ഗീയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്, അങ്ങനെയായാല്‍ ബുദ്ധിമുട്ടായി മാറും എന്ന രീതിയില്‍ പറയുകയുണ്ടായി.
അപ്പോ, ഞാനായിട്ട്, ഒരു സംഘര്‍ഷം, നാട്ടില്‍ ക്രമസമാധാനം തകരേണ്ട, മതസൗഹാര്‍ദ്ദം തകരേണ്ട എന്ന നിലയില്‍ ഞാന്‍ അവരോട് ഇങ്ങനെ പറഞ്ഞു; നമ്മുടെ നാടിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി, നിങ്ങള്‍ പറയുന്ന കണ്ടീഷനിലേക്ക് ചെയ്യാമെന്നുള്ള ക്ലോസ് വച്ചു. ഇതാണ് സംഭവിച്ചത്. പക്ഷേ, നമുക്ക് വിധി വന്നിരിക്കുന്നത്, ഡിഡിഇയുടെ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാഭ്യാസ മന്ത്രി നമുക്ക് ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാമെന്നുള്ള ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. അതാണ് ശരിക്കും ഉണ്ടായേക്കണേ. ഇതില്‍ ആകെ പെട്ടിരിക്കുന്നത്, നമ്മളെ രാഷ്ട്രീയമായിട്ട് ഇവര് ഉപയോഗിച്ചു. വിജയം കിട്ടി, പക്ഷേ നമുക്ക് ആസ്വദിക്കാന്‍ പറ്റാത്ത വിജയം ആയിപ്പോയി.'
വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്...
സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ. തര്‍ക്കം വഷളാക്കാനില്ല. പഠനം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയിട്ടുണ്ട്. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്‌കൂളില്‍ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞു. അതോടെ ആ പ്രശ്നം തീര്‍ന്നു. ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാന്‍ എന്തിന്റെ പേരിലായാലും ആര്‍ക്കും അവകാശമില്ല. കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് അവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതിന് അവര്‍ മറുപടി നല്‍കണം. ഭരണഘടന പറയുന്നതനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കാന്‍ സ്‌കൂള്‍ തയ്യാറാകണം. മന്ത്രി പറഞ്ഞു.
ശിരോവസ്ത്രം ധരിച്ചുവെന്നതിന്റെ പേരില്‍ കുട്ടിയെ പുറത്ത് നിര്‍ത്തുവാനുള്ള തീരുമാനം ചട്ട വിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാനേജ്മെന്റിനോട് വിശദീകരണം തേടിയതെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ പേരില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കാന്‍ ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങളും കോടതിവിധികളും മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകേണ്ടത് എന്നാണ് സര്‍ക്കാരിന്റെ നിലപാട്.
നടപടികള്‍ പാലിക്കാതെ മാനേജ്മെന്റിന്റെ താല്‍പര്യത്തിന് അനുസൃതമായി നില്‍ക്കുന്ന പിടിഎ ആണ് ഇവിടെ രൂപീകരിച്ചു വരുന്നത്. അന്വേഷണത്തോട് നിസ്സഹകരണമാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ആണെങ്കില്‍ എന്‍ഒസി പുതുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. അതെല്ലാം ആലോചിച്ചു മുന്നോട്ട് പോകണം. വിഷയം ചിലര്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് മനസിലായതിനാലാണ് വിഷയം ഇവിടെ അവസാനിപ്പിക്കാം എന്ന് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് എസ്ഡിപിഐ
ശിരോവസ്ത്രം ധരിച്ച് പഠനം തുടരാന്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അഭിലഷണീയമാണ്. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ നിലപാടാണ്. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തി ക്ലാസില്‍ നിന്നു പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപോര്‍ട്ട് പ്രകാരം ബോധ്യമാവുന്ന കാര്യമാണ്. സ്ഥാപനങ്ങളുടെ നിയമാവലി ഭരണഘടനയ്ക്കു മുകളില്ല. വിശ്വാസ, ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്ന മൗലീകാവകാശമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.
വിഷയത്തില്‍ കൃത്യമായ നിലപാട് പറയാതെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമീപനമാണ് ഹൈബി ഈഡന്‍ എംപി ഒത്തുതീര്‍പ്പ് നാടകത്തിലൂടെ നടത്തിയത്. സംസ്ഥാനത്തെ എയിഡഡ്, അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍കുലര്‍ ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.