ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമല വരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; 'ഹിന്ദ് ഓള'ത്തിനൊരുങ്ങി കോഴിക്കോട്

ഹിന്ദ് ഓള'ത്തിനൊരുങ്ങി കോഴിക്കോട്

Update: 2026-01-08 15:25 GMT

കോഴിക്കോട്: ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശന പരിപാടി കോഴിക്കോട്ട് നടക്കുന്നു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍, ജനുവരി 11ന് നടക്കുന്ന 'ഹിന്ദ് ഓളം' എന്ന സെമിനാറിലാണ്, ഹിന്ദുത്വരാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കപ്പെടുന്നത്. രാവിലെ 9 മണിതൊട്ട് വൈകീട്ട് 6വരെ നടക്കുന്ന സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

'ഗീതയും ജാതിയും' എന്ന വിഷയത്തിലാണ്, പ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായി സി രവിചന്ദ്രന്‍ സംസാരിക്കുന്നത്. ആധുനിക ജനാധിപത്യ മൂല്യങ്ങളുമായും സമത്വ സങ്കല്‍പ്പങ്ങളുമായും, ഭഗവദ്ഗീതയിലെ ജാതി സങ്കല്‍പ്പങ്ങള്‍ എങ്ങനെ ഏറ്റുമുട്ടുന്നു എന്ന് പരിശോധിക്കയാണ് ഈ പ്രഭാഷണം. 'ആയുഷും ആര്‍ഷ ഭാരതവും' എന്ന വിഷയവുമായാണ്, ആരിഫ് ഹുസൈന്‍ തെരുവത്ത് എത്തുന്നത്. ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സാ രീതികള്‍ ആരോഗ്യത്തിന് ഭീഷണിയാകുന്നത് എങ്ങനെയെന്ന് പരിശോധിക്കുകയാണ് ഈ സെഷന്‍. 'ഹിന്ദുത്വയും മുസ്ലിം വിരുദ്ധതയും' എന്ന പാനല്‍ ഡിസ്‌ക്കഷനില്‍ സുശീല്‍ കുമാര്‍, യാസിന്‍ ഒമര്‍, മുജീബ് കരാട് എന്നിവര്‍ പങ്കെടുക്കും. ഹൈന്ദവ വികാരങ്ങളെ തീവ്രമാക്കിയും മുസ്ലിം വിരോധത്തെ ഊതിവീര്‍പ്പിച്ചും വളരാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ തന്ത്രത്തെയാണ് ഈ സെഷന്‍ വിചാരണ ചെയ്യുന്നത്.



'പശുവും ബീഫും' എന്ന തലക്കെട്ടിലുള്ള പാനല്‍ ഡിസ്‌ക്കഷനില്‍ ഷിബു ഈരിക്കല്‍, സുരേഷ് ചെറൂളി, രവീന്ദ്രനാഥ് ടി.കെ എന്നിവര്‍ പങ്കെടുക്കും. ആധുനിക സെക്യുലര്‍ സമൂഹത്തില്‍ നിന്ന് ഗോത്രീയ ചിന്താഗതികളിലേക്കുള്ള ഒരു പിന്‍നടത്തമാണോ പശുവിനെ കൂട്ടുപിടിച്ച് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത് എന്ന വിഷയമാണ് ഇവിടെ പ്രധാനമായും ചര്‍ച്ചയാവുന്നത്. 'ജ്യോതിയും വന്നില്ല തീയും വന്നില്ല' എന്ന പാനല്‍ ഡിസ്‌ക്കഷന്‍, ശബരിമല സംബന്ധിച്ച മിത്തുകളും വിവാദങ്ങളുമാണ് പരിശോധിക്കുന്നത്. സുരന്‍ നൂറനാട്ടുകര, രാകേഷ് വി., ഹരീഷ് തങ്കം എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.



മുഹമ്മദ് നസീര്‍ (ഹിന്ദുത്വയും മതേതരത്വവും), ചന്ദ്രശേഖര്‍ രമേഷ് ( മത മലിനീകരണം), മനുജാ മൈത്രി (ചരിത്രം കുഴിക്കുന്ന ഹിന്ദുത്വ), അഭിലാഷ് കൃഷ്ണന്‍ (എഇപിയും കാവിവല്‍ക്കരണവും), അഞ്ജലി ആരവ് (നഃ സ്ത്രീ: ആചാരങ്ങള്‍ ചവിട്ടിയരച്ച സ്ത്രീത്വം), അനുപമ രാധാകൃഷ്ണന്‍ (കാശിയും കാമാഖ്യയും), ഷാരോണ്‍ സാപ്പിയന്‍ (അപ്പൊ ഞാന്‍ ആരാ ചേട്ടാ) പ്രസാദ് വേങ്ങര (ആര്‍ഷ ഭാരത സംസ്‌കാരവും ആധുനിക ലോകവും), എം റിജു ( ഛത്രപതി ശിവജി- എ റിയാലിറ്റി ചെക്ക്) എന്നിവരാണ് മറ്റു സെഷനുകള്‍ അവതരിപ്പിക്കുന്നത്.

Tags:    

Similar News